BJP | ഇന്നലെ വന്നവർ തറവാട്ടുകാരണവന്മാരായി; ബി ജെ പിയിൽ വെള്ളം കോരിയവരും വിറക് വെട്ടിയവരും പുറത്ത്

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയിലേക്ക് നവാഗതരുടെ ഒഴുക്ക് കാരണം പാർട്ടിയിൽ നിലവിലുള്ള നേതാക്കളെ പാർശ്വവൽക്കരിക്കുന്നതിൽ അതൃപ്തി പുകയുന്നു. മറ്റു പാർട്ടികളിൽ നിന്നും സ്ഥാനമോഹികളായും രാഷ്ട്രീയ മേൽവിലാസം തേടി വരുന്നവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. പാർട്ടിയുടെ ശക്തി കൂട്ടുന്നതിനാണ് ഉത്തരേന്ത്യൻ ശൈലിയിൽ ഇങ്ങനെ ചെയ്യുന്നതെങ്കിലും പാർട്ടി രൂപീകരിച്ചതു മുതൽ ബിജെപിക്കായി വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്യുന്ന നേതാക്കൾ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.

BJP | ഇന്നലെ വന്നവർ തറവാട്ടുകാരണവന്മാരായി; ബി ജെ പിയിൽ വെള്ളം കോരിയവരും വിറക് വെട്ടിയവരും പുറത്ത്

 കേന്ദ്ര മന്ത്രി വി മുരളീധരൻ - സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ നയിക്കുന്ന ഗ്രൂപ്പിലാണ് കേരളത്തിലെ ബിജെപി ഘടകം. പാർട്ടിക്കകത്തും പുറത്തും സ്വാധീനമുള്ള നേതാക്കളെയൊക്കെ ഇവർ വെട്ടിയൊതുക്കി കഴിഞ്ഞു. ചിറക് നഷ്ടപ്പെട്ട കിളികളെ പോലെ പലയിടങ്ങളിലും സ്വന്തം നിലയിൽ സാന്നിധ്യമറിയികാനുള്ള തത്രപാടിലാണ് ഇവർ. സ്വന്തം നിലയിൽ ചാനൽ ചർച്ചകളിൽ ബിജെപി ക്കായി ഇവർ പങ്കെടുക്കുന്നുണ്ടെങ്കിലും അതിനും വിലക്കുകളുണ്ട്.

ഇത്തരം നേതാക്കളോട് വാർത്താസമ്മേളനം നടത്തണമെങ്കിൽ പാർട്ടിയുടെ അനുമതി വേണമെന്ന വിലക്കും സംസ്ഥാന അധ്യക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി നയങ്ങൾ പറയാൻ സംസ്ഥാന അധ്യക്ഷനോ വക്താവിനോ മാത്രമേ അധികാരമുള്ളൂവെന്ന കർശന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. ഇതോടെ ചാനൽ ഫ്ലോറുകളിൽ പാർട്ടിക്കായി യുക്തി ഭദ്രമായി സംസാരിച്ചിരുന്ന നേതാക്കളുടെ അസാന്നിധ്യവും ദൃശ്യമായി.

വേരുകൾ വെട്ടിയ മരങ്ങളിൽ ശിഖിരങ്ങൾ തളിർക്കുമോ?

ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു നേമത്തു നിന്നും നിയമസഭയിലെത്തിയ തലമുതിർന്ന നേതാവ് ഒ രാജഗോപാൽ കഴിഞ്ഞ കുറെക്കാലമായി നിശബ്ദനാണ്. പ്രായാധിക്യം ചൂണ്ടികാണിച്ചാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നിന്ന ഒ രാജഗോപാലിനെ തഴഞ്ഞത്. പാർട്ടി സംസ്ഥാന ഘടകത്തിൽ പറയത്തക്ക റോളൊന്നും അണികൾ രാജേട്ടനെന്ന് വിളിക്കുന്ന ഒ രാജഗോപാലിനില്ല. ബിജെപിയുടെ ജനകീയ മുഖവും പലതവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത കുമ്മനം രാജശേഖരനും പാർട്ടിക്കുള്ളിൽ പാർശ്വവൽക്കരിക്കപ്പെട്ട നേതാക്കളിലൊരാളാണ്.

പാർട്ടിക്കും സംഘപരിവാർ പ്രസ്ഥാനങ്ങർക്കുമായി സ്വജീവിതം ഉഴിഞ്ഞു വെച്ച കുമ്മനം ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും പരിപാടികളിൽ സജീവമാണെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പ് അങ്കത്തിന് കുമ്മനം ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്. ദേശീയ നിർവാഹക സമിതിയംഗമെന്ന ആലങ്കാരിക പദവിയിൽ ഒതുക്കപ്പെട്ടിരിക്കുകയാണ് കണ്ണൂരിൽ നിന്നുള്ള മുൻ സംസ്ഥാന അധ്യക്ഷൻ പി കെ കൃഷ്ണദാസ്. പാർട്ടി കേന്ദ്രത്തിൽ രണ്ടു തവണ മത്സരിച്ചുവെങ്കിലും റെയിൽവെ അമിനിറ്റി ചെയർമാനെന്ന ആലങ്കാരിക പദവിയിൽ ഒതുങ്ങേണ്ടിവന്നു കൃഷ്ണദാസിന്. ഡൽഹിയിൽ വേണ്ടത്ര പിടിപാടില്ലാത്തതും വി മുരളീധരന്റെ ഒതുക്കൽ പ്രക്രിയകളുമാണ് കൃഷ്ണദാസിനും വിനയായത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണദാസ് മത്സരിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

പാർട്ടി ഒന്നുമല്ലാത്ത കാലത്ത് നയിച്ച മറ്റൊരു നേതാവായിരുന്നു സി കെ പത്മനാഭൻ. ദേശീയ നിർവാഹകസമിതി അംഗമാണെങ്കിലും സികെപിയും നിശബ്ദനാണ്. പ്രായാധിക്യമുണ്ടെങ്കിലും മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ സികെപി കണ്ണൂരിൽ നടക്കുന്ന പാർട്ടി പരിപാടികളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നുവെന്ന് മാത്രമേയുള്ളു. ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ എ എൻ രാധാകൃഷ്ണൻ, തീപ്പൊരി പ്രാസംഗികനും കറകളഞ്ഞ ബിജെപി നേതാവുമായ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, ജെ ആർ പത്മകുമാർ, ആർ ശിവശങ്കർ, ശോഭാ സുരേന്ദ്രൻ വരെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും അദ്ദേഹം നേതൃത്വം നൽകുന്ന ഗ്രൂപ്പിന്റെയും ഉരുക്ക് മുഷ്ടിയിൽപ്പെട്ടു .

രണ്ടാം നിര നേതാക്കളും തളർന്നു

തനിക്ക് ശേഷം പ്രളയമെന്ന ലൈൻ കെ സുരേന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിലെ രണ്ടാം നിര നേതാക്കളും തളർന്നു. ഒരു കാലത്ത് ബിജെപിക്കായി കേരള രാഷ്ട്രീയത്തിൽ തങ്ങളുടെ കഴിവു കൊണ്ടുമാത്രം ജനശ്രദ്ധ നേടിയ സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി തുടങ്ങിയ യുവ നേതാക്കൾ സോഷ്യൽ മീഡിയയിൽ സാന്നിധ്യമാകുന്നതല്ലാതെ പാർട്ടി പ്രധാന വേദികളിൽ പ്രത്യക്ഷപ്പെടാറില്ല.

മേജറും ദേവനും രഘുനാഥും താരങ്ങൾ

പാർട്ടിയിലേക്ക് വന്ന എ പി അബ്ദുല്ലക്കുട്ടിക്ക് ലഭിച്ചത് ദേശീയ ഉപാധ്യക്ഷൻ സ്ഥാനവും ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനവുമാണ്. നന്നായി സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാവുന്ന കൗശലക്കാരനായ രാഷ്ട്രീയകാരനാണ് അബ്ദുല്ലക്കുട്ടി. ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ അബ്ദുല്ലക്കുട്ടിക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു കൊണ്ടേയിരിക്കും. ലക്ഷദ്വീപിൽ നിന്നും ലോക്സഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനും സാധ്യതയുണ്ട്.

BJP | ഇന്നലെ വന്നവർ തറവാട്ടുകാരണവന്മാരായി; ബി ജെ പിയിൽ വെള്ളം കോരിയവരും വിറക് വെട്ടിയവരും പുറത്ത്

ഒരിക്കൽ പാർട്ടി വിട്ടു വീണ്ടും തിരിച്ചെത്തിയ മേജർ രവിക്ക് സംസ്ഥാന ഉപാധ്യക്ഷൻ പദവി നടൻ ദേവനൊപ്പം നൽകി വിശാല മനസ്ക്കതയാണ് സംസ്ഥാന നേതൃത്വം കാണിച്ചത്. കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥിന് ദേശീയ കൗൺസിൽ അംഗത്വവും നൽകി. ഇങ്ങനെ ഇന്നലെ വന്നവർ തറവാട്ടു കാരണവൻമാരായി വിലസുമ്പോൾ പാർട്ടിക്കായി ജീവിതം സമർപിച്ചവരും വിയർപ്പൊഴുക്കിയവരും പടിക്ക് പുറത്തായിരിക്കുകയാണ്. ഇതു കേരളത്തിലെ ബിജെപിക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന ചോദ്യത്തിന് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉത്തരം ലഭിച്ചേക്കാം.

Keywords: News, Malayalam, Kannur, BJP, Kerala, Politics, Election, Party, Lok Sabha Election, Newcomers get big posts in BJP 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia