Hridyam project | ഹൃദയം പദ്ധതിയിലുടെ കണ്ണൂരിൽ 402 കുട്ടികൾക്ക് പുതുജീവൻ

 


കണ്ണൂർ: (www.kvartha.com) ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 158 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റെര്‍വെന്‍ഷനും പൂര്‍ത്തിയാക്കിയെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് .
    
Hridyam project | ഹൃദയം പദ്ധതിയിലുടെ കണ്ണൂരിൽ 402 കുട്ടികൾക്ക് പുതുജീവൻ

1152 കുട്ടികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.

ജനന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലുള്ള പരിശോധന, ഗൃഹസന്ദര്‍ശനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധന, അങ്കണവാടികളിലും സ്‌കൂളുകളിലും നടത്തുന്ന ആര്‍ ബി എസ് കെ സ്‌ക്രീനിംഗ് എന്നിവ വഴിയാണ് കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിംഗിന് വിധേയരാക്കും. ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉള്‍പ്പെടെ നടത്തി ജന്മനാലുളള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കൃത്യമായി കണ്ടെത്തും. സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതി വഴി സേവനം ലഭിക്കും.

ഇത്തരത്തില്‍ ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങൾ http://hridyam(dot)kerala(dot)gov(dot)in ല്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്ക് സ്വന്തമായി രജിസ്‌ട്രേഷന്‍ നടത്താം. കൂടാതെ എല്ലാ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളിലും (ഡിഇഐസി) രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലോഗിന്‍ ഐഡികള്‍ നല്‍കിയിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിനെ പരിശോധിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഫീറ്റല്‍ രജിസ്‌ട്രേഷന്‍ നടത്താനും പദ്ധതിയില്‍ സാധിക്കും.

ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്‌റ്റ് വെയറിന്റെ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം അതിന്റെ വിശദാംശങ്ങള്‍ അതത് ആശുപത്രികള്‍ക്ക് ലഭ്യമായ ലോഗിന്‍ ഐഡി വഴി സോഫ്റ്റ് വെയറിൽ ചേര്‍ക്കാം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍ ബി എസ് കെ) നഴ്‌സുമാര്‍ വഴിയാണ് കുട്ടികളുടെ ഫീൽഡ് തല ഫോളോ അപ്പ് നടത്തുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികളെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും പദ്ധതി വഴി ലഭ്യമാണ്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി, ലിസ്സി ഹോസ്പിറ്റല്‍ കൊച്ചി, ബെലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരം എന്നീ ആശുപത്രികളെ സര്‍ക്കാര്‍ പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുണ്ട്.

Keywords: Kerala News, Malayalam News, Kannur News, Health, Health News, Health Department of Kerala, Treatment, Hridyam Project, New life for 402 children in Kannur under Hridiyam project.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia