SWISS-TOWER 24/07/2023

ചാരക്കേസില്‍ വീണ്ടും അമ്പരപ്പിച്ച് മലയാളം വാരിക

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.11.2014) ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍
അമ്പരപ്പിക്കുന്ന വിവരങ്ങളുടെ പൂര്‍ണരൂപവുമായി മലയാളം വാരിക വീണ്ടും. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന മലയാളം വാരികയിലാണിത്. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ജോയിന്റ് ഡയറക്ടറായിരുന്ന മലോയ് കൃഷ്ണധര്‍ (എം.കെ. ധര്‍) റിട്ടയര്‍മെന്റിനു ശേഷം എഴുതിയ ഓപ്പണ്‍ സീക്രട്ട്‌സ്, ഇന്ത്യാസ് ഇന്റലിജന്‍സ് അണ്‍വെയില്‍ എന്ന പുസ്തകത്തില്‍ ചാരക്കേസിനേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന അധ്യായത്തിന്റെ സമ്പൂര്‍ണ പരിഭാഷയാണ് മലയാളം വാരിക പ്രസിദ്ധീകരിക്കുന്നത്.

മലയാളത്തില്‍ ഇതിനുമുമ്പ് ഇതിന്റെ പൂര്‍ണരൂപം വന്നിട്ടില്ല. രണ്ടാഴ്ച മുമ്പ് മലയാളം തന്നെ ചാരക്കേസിനേക്കുറിച്ചു പ്രസിദ്ധീകരിച്ച വിശദമായ റിപോര്‍ട്ടില്‍ ഈ പുസ്തകത്തിലെ ഏതാനും പരാമര്‍ശങ്ങള്‍ ചേര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് വായനക്കാരില്‍ നിന്നുണ്ടായ നിരന്തര ആവശ്യം മാനിച്ചാണ് പ്രസാധകരായ ഡല്‍ഹിയിലെ മനാസ് ഫൗണ്ടേഷന്റെ അനുമതിയോടെ അധ്യായം അതേവിധത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതിനുപുറമേ ചാരക്കേസുമായി ബന്ധപ്പെട്ട് വേറെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണു വിവരം. ചാരക്കേസ് വെറും നുണക്കഥയല്ല എന്ന തലക്കെട്ടില്‍ നേരത്തേ പ്രസിദ്ദീകരിച്ച റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു.

പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന്‍ പ്രഭാകര റാവുവിന് ചാരക്കേസുമായി ബന്ധമുണ്ടെന്നു വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും സി.ബി.ഐ യെ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന അനുഭവസാക്ഷ്യമാണ് ധറിന്റെ വെളിപ്പെടുത്തലുകള്‍.

പ്രഭാകര റാവുവിന്റെ ബന്ധം അവഗണിക്കാനുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത്തിന്റെ പേരില്‍, സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ധറിന് ഐബിയില്‍ നിന്നു നേരിടേണ്ടിവന്ന പീഡാനുഭവങ്ങളെക്കുറിച്ചുമുണ്ട് വിശദീകരണം. ബി.ജെ.പി നേതാക്കളായ എല്‍.കെ. അഡ്വാനി, ഒ. രാജഗോപാല്‍, കോണ്‍ഗ്രസ് നേതാവായിരുന്ന അര്‍ജുന്‍ സിംഗ് എന്നിവരും പരാമര്‍ശിക്കപ്പെടുന്നു.

ചാരക്കേസില്‍ പ്രതിയായിരുന്ന നമ്പി നാരായണന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വാ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ മാസം 20ന് ആവശ്യപ്പെട്ടിരുന്നു. അതോടെയാണ് ചാരക്കേസ് വീണ്ടും സജീവമായത്. ഹര്‍ജിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സിബി മാത്യൂസ് അറിയിച്ചിട്ടുണ്ട്.
ചാരക്കേസില്‍ വീണ്ടും അമ്പരപ്പിച്ച് മലയാളം വാരിക
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia