Evidence Emerges | പരാതിക്കാരനായ കെ വി പ്രശാന്തൻ എഡിഎം നവീൻ ബാബുവിനെ കാണുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു; പുതിയ തെളിവുകൾ


● ക്വാർട്ടേഴ്സിന് സമീപത്തെ സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
● പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ (എൻ.ഒ.സി) നൽകാൻ എ.ഡി.എം. ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നൽകിയെന്നും പ്രശാന്തൻ ആരോപിച്ചിരുന്നു.
കണ്ണൂർ: (KVARTHA) എ.ഡി.എം. കെ. നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ പുതിയ തെളിവുകളായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരാതിക്കാരനായ ടി.വി. പ്രശാന്തൻ എ.ഡി.എമ്മിന്റെ ക്വാർട്ടേഴ്സിന് സമീപം എത്തുന്നതിന്റെ നിർണ്ണായക ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ഒക്ടോബർ ആറാം തീയതി ഉച്ചയ്ക്ക് 12.45-ഓടെ എ.ഡി.എം. നവീൻ ബാബു നടന്നുവരുന്നതും പിന്നിൽ ഇരുചക്രവാഹനത്തിൽ അഴിമതിയാരോപണം നടത്തിയ പ്രശാന്തൻ വരുന്നതും പള്ളിക്കരയിലെ ക്വാർട്ടേഴ്സിന് മുന്നിലുള്ള റോഡിൽ വെച്ച് ഇരുവരും സംസാരിക്കുന്നതും സി.സി ടി പി ക്യാമറാദൃശ്യങ്ങളിൽ കാണാം. ക്വാർട്ടേഴ്സിന് സമീപത്തെ സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, ഒക്ടോബർ ആറിന് എ.ഡി.എമ്മിന് പണം കൈമാറിയെന്നായിരുന്നു പ്രശാന്തൻ ആരോപണം ഉന്നയിച്ചത്. പക്ഷെ വളരെക്കുറച്ച് നേരം മാത്രം നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പണമോ മറ്റ് വസ്തുക്കളോ കൈമാറുന്നതോ ദൃശ്യങ്ങളില്ല.
പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ (എൻ.ഒ.സി) നൽകാൻ എ.ഡി.എം. ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നൽകിയെന്നും പ്രശാന്തൻ ആരോപിച്ചിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
ആറുമാസമായി ഈ ആവശ്യത്തിനായി കളക്ടറേറ്റിൽ കയറിയിറങ്ങുകയാണ് എന്നാണ് പ്രശാന്തൻ പറയുന്നത്. എ.ഡി.എം. കെ. നവീൻ ബാബു ഫയൽ പഠിക്കട്ടെയെന്നും പറഞ്ഞ് നീട്ടിവെച്ചു. പിന്നീട് പലതവണ എ.ഡി.എമ്മിനെ കണ്ടിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സമീപിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നും പ്രശാന്തൻ ആരോപിച്ചിരുന്നു.
ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മറ്റ് തെളിവുകൾക്കായി പരിശോധന നടത്തുന്നുണ്ട്. നിയമ വിദഗ്ധരുടെ അഭിപ്രായത്തിൽ, സിസിടിവി ദൃശ്യങ്ങൾ മാത്രം കൊണ്ട് ആരോപണം തെളിയിക്കാൻ കഴിയില്ല. കൂടുതൽ തെളിവുകൾ ആവശ്യമാണ്.
ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്
#NaveenBabu #Corruption #CCTVFootage #Kannur #PoliceInvestigation #KVPrashanth