തലക്കെട്ടിനു പറ്റുന്ന യൂണിക്കോഡ് അലങ്കാരഫോണ്ടുകളുമായി രചന; ആദ്യഫോണ്ട് 'സുന്ദര്‍' മലയാളത്തിനു സമര്‍പ്പിക്കുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.02.2018) മലയാളം യൂണിക്കോഡ് അച്ചടിയുടെ വ്യാപനത്തിനു തടസമായി നില്‍ക്കുന്ന അലങ്കാരഫോണ്ടുകളുടെ ക്ഷാമത്തിന് അന്ത്യമാകുന്നു. 'രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി' (ആര്‍ഐടി, തിരുവനന്തപുരം) യൂണിക്കോഡില്‍ തയ്യാറാക്കുന്ന തലക്കെട്ടിനു പറ്റുന്ന അലങ്കാരഫോണ്ടുകളില്‍ ആദ്യത്തേതായ 'സുന്ദര്‍' ഫെബ്രുവരി അഞ്ചിനു പ്രകാശനം ചെയ്യും.

തിരുവനന്തപുരം മലയിന്‍കീഴ് റിവര്‍വാലി ടെക്‌നോളജീസില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ചടങ്ങില്‍ അസൂത്രണബോര്‍ഡ് അംഗം ഡോ. ബി. ഇഖ്ബാല്‍ 'സുന്ദര്‍' ഫോണ്ടിന്റെ മാതൃക മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. ഈ ഫോണ്ടുകള്‍ ആര്‍ക്കും യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വതന്ത്രമായി ലഭ്യമാക്കും.

അലങ്കാരത്തലക്കെട്ടുകളുടെ രംഗത്ത് ആഗോളാംഗീകാരം നേടിയ ഭട്ടതിരി (നാരായണഭട്ടതിരി) യാണ് പദ്ധതിയ്ക്കു കാലിഗ്രഫിയില്‍ സര്‍ഗ്ഗാത്മകമാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. ഭട്ടതിരിയുടെ 35,000-ല്‍പ്പരം തലക്കെട്ടുകൈപ്പടകളില്‍ നല്ലൊരു പങ്കു കണ്ടെത്താനും അവയ്ക്ക് ആഗോളാംഗീകാരം നേടിയെടുക്കാനും യത്‌നിച്ച അന്തരിച്ച ആസ്‌ത്രേലിയന്‍ മലയാളി സുന്ദറിന്റെ ഓര്‍മ്മയ്ക്കാണ് ആദ്യഫോണ്ടിന് സുന്ദര്‍ എന്നു പേരു നല്‍കിയിരിക്കുന്നത്.

ആസ്‌കി (ASCII) ഫോണ്ട് അച്ചടിക്ക് ഉപയോഗിച്ചിരുന്ന കാലത്തു തലക്കെട്ടുകള്‍ക്കു ഡിസൈനര്‍മാരും ഡിടിപി ഓപ്പറേറ്റര്‍മാരും ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഫോണ്ടുകളുടെ രൂപസവിശേഷത സ്വീകരിച്ച് യൂണിക്കോഡ് അലങ്കാരഫോണ്ടുകള്‍ രൂപകല്‍പന ചെയ്യുകയാണ് രചന ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ചെലവേറിയ ഈ പ്രവര്‍ത്തനത്തിന് ആഗോളപ്രശസ്തമായ നൂറില്‍പ്പരം ശാസ്ത്ര-ഗണിത ജേര്‍ണലുകള്‍ രൂപകല്‍പന ചെയ്യുന്ന തിരുവനന്തപുരം എസ്.റ്റി.എം. ഡോക്‌സ് (STM Docs) എന്ന സ്ഥാപനമാണ് സാമൂഹിക ഉത്തരവാദിത്വ ഫണ്ടില്‍നിന്നു ധനസഹായവും അടിസ്ഥാനസൗകര്യവും നല്‍കുന്നത്.

ലിപിപരിഷ്‌ക്കാരത്തിന്റെ ഇടവേളയ്ക്കുശേഷം തനതുലിപികളുടെ ചാരുത വീണ്ടെടുത്ത രചന അക്ഷരവേദി (1999) തുടങ്ങിവെച്ചതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് (SMC) മുന്നോട്ടുകൊണ്ടുപോയതുമായ ലിപിവിപ്ലവത്തിന്റെ പുതിയഘട്ടത്തിന്റെ തുടക്കമാണു RIT യൂണികോഡ് ഫോണ്ടുപരമ്പര. ചടങ്ങില്‍ ഭട്ടതിരിയും മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളും സംബന്ധിക്കും.
തലക്കെട്ടിനു പറ്റുന്ന യൂണിക്കോഡ് അലങ്കാരഫോണ്ടുകളുമായി രചന; ആദ്യഫോണ്ട് 'സുന്ദര്‍' മലയാളത്തിനു സമര്‍പ്പിക്കുന്നു

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, Malayalam, New era of Malayalam Lipi is coming
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia