Appointment | ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്ജ് സി എം എഫ് ആര്‍ ഐയുടെ പുതിയ ഡയറക്ടര്‍
സി എം എഫ് ആര്‍ ഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്മെന്റ് വിഭാഗത്തിന്റെ മേധാവിയായിരുന്നു.
സൗത്ത് എഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോര്‍പ്പറേഷന്റെ (സാര്‍ക്) ധാക്ക കേന്ദ്രത്തില്‍ സീനിയര്‍ പ്രോഗ്രാം സ്പഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊച്ചി: (KVARTHA) ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്ജ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പുതിയ ഡയറക്ടറായി ചുമതലയേറ്റു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയാണ്. സി എം എഫ് ആര്‍ ഐയിലെ സമുദ്രജൈവവൈവിധ്യ പരിസ്ഥിതി മാനേജ്മെന്റ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. സൗത്ത് എഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോര്‍പ്പറേഷന്റെ (സാര്‍ക്) ധാക്ക കേന്ദ്രത്തില്‍ സീനിയര്‍ പ്രോഗ്രാം സ്പഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുസാറ്റ്, കുഫോസ് സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. കുസാറ്റ്, കുഫോസ്, ആന്ധ്ര സര്‍വകലാശാല, മാഗ്ലൂര്‍ സര്‍വകലാശാല എന്നിവയുടെ അംഗീകൃത ഗവേഷണ ഗൈഡാണ്.
മത്സ്യവിഭവ പരിപാലനം, സമുദ്രജൈവ വൈവിധ്യം, പരിസ്ഥിതി മാനേജ്മെന്റ്, ഓഷ്യനോഗ്രഫി, റിമോട് സെന്‍സിംഗ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ 22 വര്‍ഷത്തെ ഗവേഷണ പരിചയമുണ്ട്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ ഗവേഷണ പ്രൊജക്ടുകളുടെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര ബയോടെക്നോളജി വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ഐ എസ് ആര്‍ ഒ, കാലാവസ്ഥാ വ്യതിയാന പഠനത്തിനുള്ള ഐ സി എ ആറിന്റെ നിക്ര ഗവേഷണ പദ്ധതി, ഇന്തോ-യുകെ വാട്ടര്‍ ക്വാളിറ്റി ഇനിഷ്യേറ്റീവ് എന്നിവ ഇതില്‍ പെടും.