NCP | പവാര്‍ കോണ്‍ഗ്രസില്‍ ലയിച്ചാല്‍ കേരളത്തിലെ പാര്‍ട്ടി എന്തു ചെയ്യും? അധികാരത്തിന്റെ മധുചഷകം ത്യജിക്കാനാവുമോ കേരളാ എൻസിപിക്ക്!
May 9, 2024, 00:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസിലേക്ക് ചെക്കേറുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കെ കേരളത്തിലെ പാര്‍ട്ടി ഘടകം പ്രതിസന്ധിയിലാകും. കേരളത്തില്‍ ഇടതുസര്‍ക്കാരില്‍ ഭരണം പങ്കിടുന്ന പാര്‍ട്ടിക്ക് മുന്‍പില്‍ രണ്ടുവഴികള്‍ മാത്രമേയുളളൂ. ഒന്നുകില്‍ ദേശീയ നേതൃത്വവുമായി ബന്ധം വിച്‌ഛേദിച്ചു സ്വതന്ത്ര പാര്‍ട്ടിയായി നിലകൊളളുക, അല്ലെങ്കില്‍ മന്ത്രിസ്ഥാനം ത്യജിച്ച് എല്‍.ഡി.എഫ് വിട്ടു യു.ഡി.എഫിലേക്ക് കൂടുമാറുക.
എന്നാല്‍ പിണറായി സര്‍ക്കാരിന് ഇനി രണ്ടുവര്‍ഷത്തിലേറെ ഭരണകാലാവധി കൂടിയുളള സാഹചര്യത്തില്‍ അധികാരത്തിന്റെ മധുചഷകം കൈവിടാന്‍ പി.സി ചാക്കോയും എ.കെ ശശീന്ദ്രനുമൊക്കെ തയ്യാറാകുമോയെന്ന കാര്യംകണ്ടറിയണം.
പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കുമെന്നും ചില സാഹചര്യത്തില്‍ അവര്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നും കഴിഞ്ഞ ദിവസം ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത ഏതാനും വര്‍ഷത്തില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുത്ത് പ്രവര്‍ത്തിക്കും. അവരുടെ പാര്‍ട്ടിക്ക് അതാണ് നല്ലതെന്ന വിശ്വാസം വരികയാണെങ്കില്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.
എന്‍സിപി കോണ്‍ഗ്രസുമായി ലയിക്കുമോയെന്ന ചോദ്യത്തോട്, 'കോണ്‍ഗ്രസും ഞങ്ങളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ ഗാന്ധി, നെഹ്റൂവിയന്‍ ചിന്തയിലാണ് എന്നായിരുന്നു പവാറിന്റെ മറുപടി.
ഇപ്പോള്‍ എന്തെങ്കിലും പറയുന്നില്ല. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കാതെ ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണ്. തീരുമാനം കൈകൊള്ളുമ്പോഴോ അല്ലെങ്കില്‍ അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോഴോ കൂടിയാലോചിച്ചേ ചെയ്യു. മോദിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്', ശരദ് പവാര്‍ വ്യക്തമാക്കി.
സമാനകാഴ്ചപ്പാടുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഉദ്ധവ് താക്കറെയ്ക്കും അനുകൂല നിലപാടാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ അടിയൊഴുക്കുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നേരത്തെ മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തള്ളി മകളും പാര്‍ട്ടി നേതാവുമായ സുപ്രിയ സുലെ രംഗത്തെത്തിയതോടെ ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞു പോയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ലയനചര്‍ച്ച വീണ്ടും സജീവമായത്.
Keywords: News, News-Malayalam-News, Kerala, Politics, NCP to merge with Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

