Award | ഈ വര്‍ഷത്തെ എന്‍ സി ശേഖര്‍ പുരസ്‌കാരം മലയാളത്തിന്റെ മഹാനടന്‍ മധുവിന്
ADVERTISEMENT
● മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ഉജ്ജ്വല പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് മധുവിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്
● എന്‍ സി ശേഖറുടെ സ്മരണാര്‍ത്ഥം എന്‍ സി സരബര്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്നതാണ് പുരസ്‌കാരം പത്തൊമ്പതാമത്തെ പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്
കണ്ണൂര്‍: (KVARTHA) ഈ വര്‍ഷത്തെ എന്‍ സി ശേഖര്‍ പുരസ്‌കാരത്തിന് മലയാളത്തിന്റെ മഹാനടന്‍ മധുവിനെ തിരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം എന്‍ സി ശേഖറുടെ മുപ്പത്തിയെട്ടാമത് ചരമവാര്‍ഷികം പ്രമാണിച്ച് 2024 ഡിസംബര്‍ നാലിന് തിരുവനന്തപുരത്തുള്ള മധുവിന്റെ വസതിയില്‍ വെച്ച് നല്‍കും.
ചലച്ചിത്രരംഗത്ത് ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെയും തന്റേതായ സംഭാവനകളിലൂടെയും മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ഉജ്ജ്വല പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് മധുവിനെ എന്‍ സി ശേഖര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്, സ്വാതന്ത്ര്യസമര സേനാനി, പാര്‍ലമെന്റേറിയന്‍, ട്രേഡ് യൂനിയന്‍ സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രഗത്ഭനായ എന്‍ സി ശേഖറുടെ സ്മരണാര്‍ത്ഥം എന്‍ സി സരബര്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്നതാണ് പുരസ്‌കാരം. പത്തൊമ്പതാമത്തെ പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്.
പുരസ്‌ക്കാര സമിതി ചെയര്‍മാന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പ്രഭാവര്‍മ്മ, പുരസ്‌കാരസമിതി കണ്‍വീനര്‍ ഡോ. വി പി പി മുസ്തഫ, ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഡോ. വി പി പി മുസ്തഫ, ഇടയത്ത് രവി എന്നിവര്‍ പങ്കെടുത്തു.
#NCShekharAward #Madhu #MalayalamCinema #KeralaNews #FilmIndustry #AwardCeremony
