Allegation | കണ്ണൂര്‍ കലക്ടറുടെ കുമ്പസാരം കേള്‍ക്കേണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; 'അരുണ്‍ കെ വിജയന്‍ അവധിയിലേക്ക്, അപേക്ഷ നല്‍കി'


● ഒക്ടോബര്‍ 6 ന് നവീന്‍ ബാബുവും പ്രശാന്തനും തമ്മില്‍ സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
● പണമോ മറ്റ് വസ്തുക്കളോ കൈമാറുന്ന ദൃശ്യങ്ങളില്ല
● കലക്ടറുടെ മൊഴി രേഖപ്പെടുത്തുന്നു
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്റെ കുമ്പസാരം തങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് മുന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) കെ നവീന്‍ ബാബുവിന്റെ കുടുംബം. കഴിഞ്ഞദിവസം സബ് കലക്ടര്‍ വഴി അരുണ്‍ കെ വിജയന്‍ നവീന്റെ കുടുംബത്തിന് നല്‍കിയ കത്ത് സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം.
കലക്ടറുടെ കീഴില്‍ കടുത്ത മാനസിക സമ്മര്‍ദം നവീന്‍ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ മൊഴി. പിപി ദിവ്യ ആരോപണം ഉന്നയിച്ചപ്പോള്‍ ഒരു വാക്കു പോലും കലക്ടര്‍ മിണ്ടിയില്ല. നവീനെതിരായ പരാതി ആസൂത്രിതമായിരുന്നു. പ്രശാന്തന്റെ പരാതിയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങള്‍ മൊഴിയില്‍ പറയുന്നു.
കലക്ടര്‍ - എഡിഎം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ല എന്നാണ് കുടുംബത്തിന്റെ മൊഴി. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.
കലക്ടറുമായുള്ള ബന്ധം സൗഹാര്‍ദപരമല്ലെന്നുള്ള വിവരങ്ങള്‍ നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ കണ്ണൂര്‍ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കല്‍ അഞ്ചുമണിക്കൂര്‍ നീണ്ടു. ഭാര്യ, രണ്ടു പെണ്‍മക്കള്‍, സഹോദരന്‍ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
എന്നാല്‍ കത്ത് തന്റെ കുറ്റസമ്മതമല്ലെന്ന് കലക്ടര്‍ പറയുന്നു. നവീന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെ കലക്ടര്‍ അവധിയിലേക്കെന്ന് സൂചന. അവധിക്കായി അപേക്ഷ നല്‍കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നല്‍കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. കലക്ടറുടെ മൊഴി രേഖപ്പെടുത്തുകയാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ ഗീതയാണ് മൊഴി രേഖപ്പെടുത്തുന്നത്.
അതിനിടെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസമായ ഒക്ടോബര്‍ ആറിന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതിക്കാരനായ പ്രശാന്തന്‍ ബൈക്കിലും നവീന്‍ ബാബു നടന്നു വരുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഉച്ചയ്ക്ക് 12.45-ഓടെയുള്ളവയാണ് ദൃശ്യങ്ങള്‍. പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സിന് മുന്നിലുള്ള റോഡില്‍ വെച്ച് ഇരുവരും സംസാരിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന് പണം കൈമാറിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. എന്നാല്‍, വളരെക്കുറച്ച് നേരം മാത്രം നീണ്ടുനില്‍ക്കുന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പണമോ മറ്റ് വസ്തുക്കളോ കൈമാറുന്നത് ദൃശ്യങ്ങളില്‍ ഇല്ല.
പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ (എന്‍ഒസി) നല്‍കാന്‍ എഡിഎം നവീന്‍ ബാബു ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നല്‍കിയെന്നുമായിരുന്നു ടിവി പ്രശാന്തന്റെ ആരോപണം. ആറുമാസമായി ഈ ആവശ്യത്തിനായി കലക്ടറേറ്റില്‍ കയറിയിറങ്ങുകയാണെന്നും എന്നാല്‍ ഫയല്‍ പഠിക്കട്ടെ എന്നു പറഞ്ഞ് എഡിഎം നീക്കിവെക്കുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു.
പിന്നീട് പലതവണ എഡിഎമ്മിനെ കണ്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇവര്‍ പരിഗണിക്കണമെന്ന് പറഞ്ഞിട്ടും നടന്നില്ലെന്നും പ്രശാന്തന്‍ ആരോപിച്ചിരുന്നു.
#KannurCollector #NaveenBabu #ArunVijayan #CCTVFootage #BriberyCase #Controvesry