Recognition | നവയുഗം കാനം രാജേന്ദ്രൻ പുരസ്‌കാരം ബിനോയ് വിശ്വത്തിന്

 
navayugam kanam rajendran award for binoy viswam
navayugam kanam rajendran award for binoy viswam

Photo: Arranged

● നവയുഗം സാംസ്‌കാരിക വേദി ഡിസംബർ 6-ന് ദമ്മാമിൽ ചടങ്ങ് നടത്തും.
● മുൻവർഷങ്ങളിൽ 10 പേർക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ദമ്മാം: (KVARTHA) നവയുഗം സാംസ്‌കാരിക വേദിയുടെ 2024-ലെ 'കാനം രാജേന്ദ്രൻ സ്മാരക പുരസ്‌കാരം' കേരള രാഷ്ട്രീയത്തിലെ മാതൃകാ വ്യക്തിത്വവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വത്തിന് സമ്മാനിക്കും.

നവയുഗം സാംസ്‌കാരിക വേദി വർഷം തോറും നൽകിവരുന്ന ഈ അവാർഡിന്, പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തന രംഗത്തും, കേരള രാഷ്ട്രീയത്തിലും, സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്ര കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌, അഖിലേന്ത്യാ പ്രസിഡന്റ്‌, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിൻ്റെ (WFDY) വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു. എം.എ, എൽ.എൽ.ബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം,  2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിക്കുകയും, 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായി മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു. 2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും, ഗ്രന്ഥകാരനും, പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി  ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, സാമൂഹ്യ,സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർത്ഥതയും, കളങ്കമില്ലാത്ത പൊതുജീവിതവും, സത്യസന്ധതയും, ജനപക്ഷ ആദർശങ്ങളും ഓരോ പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് നവയുഗം കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു.
ഡിസംബർ ആറ് വെള്ളിയാഴ്ച ദമ്മാമിൽ നടക്കുന്ന ‘നവയുഗസന്ധ്യ-2024’ എന്ന മെഗാപരിപാടിയുടെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറിയും, മുൻ എം.എൽ എ യുമായ സത്യൻ മൊകേരി അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.
വെളിയം ഭാര്ഗ്ഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ്‌ നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ, ടി സി ഷാജി, കെ.രാജൻ  എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്‌കാരം നേടിയ വ്യക്തിത്വങ്ങൾ.

#BinoyViswam #NavayugamAward #KeralaPolitics #CPILeader #CulturalForum #AwardCeremony

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia