വൈദ്യുതി സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട; വയറിംഗ് മുതൽ ഉപകരണങ്ങൾ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
Safety sign for electrical hazards

Representational Image Generated by Gemini

ADVERTISEMENT

● വയനാട് ജില്ലാതല ഉദ്ഘാടനം ജൂൺ 30-ന് കൽപ്പറ്റയിൽ
● ഇലക്ട്രിക്കൽ ജോലികൾക്ക് അംഗീകൃത ലൈസൻസുള്ളവരെ മാത്രം ഉപയോഗിക്കുക
● 30mA ലീക്കേജിൽ ട്രിപ്പാകുന്ന ആർസിസിബി നിർബന്ധമായും ഉപയോഗിക്കുക
● നനഞ്ഞ കൈകൊണ്ട് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്
● ഇലക്ട്രിക് വാഹനങ്ങൾ കമ്പനി നൽകിയ ചാർജർ ഉപയോഗിച്ച് മാത്രം ചാർജ് ചെയ്യുക
● കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നൽകുന്നത് ക്രിമിനൽ കുറ്റമാണ്

വയനാട്: (KVARTHA) വൈദ്യുതാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ജൂൺ 26 മുതൽ ഒരാഴ്ചക്കാലം ദേശീയ സുരക്ഷാവാരമായി ആചരിക്കുന്നു. ‘ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വൈദ്യുത സുരക്ഷാവാരത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജൂൺ 30-ന് രാവിലെ 10.15-ന് കൽപറ്റ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.

Aster mims 04/11/2022

വൈദ്യുതിയെക്കുറിച്ചും അത് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുമുള്ള അറിവില്ലായ്മയാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇന്ദ്രിയങ്ങൾ കൊണ്ട് വൈദ്യുതിയുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ പറ്റില്ല എന്നതിനാൽ വൈദ്യുതിമൂലമുള്ള അപകടങ്ങൾ മറ്റ് അപകടങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.

വയറിംഗും നിർമ്മാണവും ശ്രദ്ധിക്കാൻ

വൈദ്യുതി ഉപഭോക്താക്കൾ വയറിംഗ് ജോലികളിൽ അതീവ ശ്രദ്ധ പുലർത്തണം. അംഗീകൃത ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടറെ മാത്രം വൈദ്യുതീകരണ ജോലികൾ ഏൽപ്പിക്കുക. കോൺട്രാക്ടറുമായി എഴുതി തയ്യാറാക്കിയ ഉടമ്പടി ഉണ്ടാക്കുന്നത് ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഭാവിയിൽ വയറിംഗിൽ മാറ്റങ്ങൾ വരുത്തേണ്ടിവരുമ്പോൾ സഹായകമാകുന്ന രീതിയിൽ, വയറിംഗിന്റെ രൂപരേഖ ആദ്യമേതന്നെ തയ്യാറാക്കി നൽകാൻ കോൺട്രാക്ടറോട് നിർദ്ദേശിക്കണം.

ഐഎസ്‌ഐ മുദ്രയുള്ള വയറിംഗ് സാമഗ്രികൾ മാത്രം ഉപയോഗിക്കുക. വിലക്കുറവ് മാത്രം നോക്കി സാമഗ്രികൾ വാങ്ങുന്നത് ഭാവിയിൽ അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായേക്കാം. ഭാവിയിൽ ഉണ്ടായേക്കാവുന്ന വിപുലീകരണം കൂടി കണ്ട് ആവശ്യത്തിന് സ്പെയർ/ഡമ്മി വയറിംഗ് പോയിന്റുകൾ നൽകുക. 

ഭാവിയിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, സോളാർ പ്ലാന്റ് എന്നിവ സ്ഥാപിക്കേണ്ടി വന്നേക്കാം എന്നതിനാൽ വയറിംഗിന്റെ ആരംഭത്തിൽ തന്നെ കറണ്ട് റേറ്റിംഗ് കൂടിയ വയർ ഉപയോഗിക്കുന്നത് നന്നായിരിക്കും.

വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിർമ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് അനുമതി വാങ്ങണം. ജോലികൾ അംഗീകൃത ലൈസൻസുള്ള കോൺട്രാക്ടർ വഴി മാത്രമേ ചെയ്യിക്കാവൂ. മെയിൻ സ്വിച്ചിൽനിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ അതിന് അനുവദിക്കാനോ പാടില്ല. പ്രവർത്തനക്ഷമമായ ആർസിസിബി വഴിയല്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. ഇത് സ്ഥാപനമുടമയും തൊഴിലുടമയും ഉറപ്പുവരുത്തണം.

തൊഴിലിടങ്ങളിലെ സുരക്ഷാ മുൻകരുതലുകൾ

30 മില്ലി ആമ്പിയർ ലീക്കേജിൽ ട്രിപ്പാകുന്ന ആർസിസിബിയാണ് ഉപയോഗിക്കേണ്ടത്. വിവിധ ജോലികൾ നടക്കുന്നുണ്ടെങ്കിൽ ഓരോ വിഭാഗത്തിനും പ്രത്യേകം ആർസിസിബി നൽകുന്നതായിരിക്കും ഉചിതം. ജോലി ആരംഭിക്കുന്നതിന് മുൻപ് എല്ലാ ദിവസവും പുഷ് ബട്ടൺ അമർത്തി ആർസിസിബിയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. സ്വിച്ച് ബോർഡുകളിലേക്ക് സിംഗിൾ ഫേസ് സപ്ലൈ എടുക്കുന്നതിനായി ത്രികോർ ഡബിൾ ഇൻസുലേറ്റഡ് വയർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ജോയിന്റുകളുള്ള വയറുകൾ ഒരുകാരണവശാലും ഉപയോഗിക്കരുത്.

വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ സുരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. സ്ഥാപനത്തിലെ എർത്തിംഗ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നിലധികം ഉപകരണങ്ങൾ ഒരു സോക്കറ്റിൽ നിന്ന് പ്രവർത്തിപ്പിക്കാൻ പാടില്ല. ഡ്രില്ലിങ് മെഷിൻ പോലുള്ള പോർട്ടബിൾ ഉപകരണങ്ങൾ അതിന്റെ കോഡ് വയറിൽ തൂക്കിയെടുത്ത് കൈകാര്യം ചെയ്യരുത്.

ഗാർഹിക ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർസിസിബിയുടെ മുകളിലുള്ള പുഷ് ബട്ടൺ അമർത്തി അതിന്റെ പ്രവർത്തനക്ഷമത എല്ലാമാസവും ഉറപ്പുവരുത്തുക. തകരാറുള്ളപക്ഷം ഉടൻതന്നെ മാറ്റി സ്ഥാപിക്കുക. ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി മാത്രമേ വയറിംഗിൽ മാറ്റങ്ങൾ/കൂട്ടിച്ചേർക്കലുകൾ വരുത്താൻ പാടുള്ളൂ. 

ലോഡിൽ മാറ്റങ്ങൾ വരുത്തിയാൽ ആ വിവരം കെഎസ്ഇബിയിൽ അറിയിക്കുക. ഒരു പ്ലഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാൻ പാടുള്ളൂ. പുരയിടത്തിൽ വിവിധ പ്രവൃത്തികൾ നടക്കുമ്പോൾ അവ എർത്തിംഗ് സംവിധാനത്തിന് കേടുവരുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം.

വൈദ്യുതോപകരണങ്ങൾ വാങ്ങുമ്പോൾ വിലയേക്കാൾ ഗുണനിലവാരത്തിന് പ്രാധാന്യം നൽകുക. വൈദ്യുതോപകരണങ്ങളുടെ പരിസരം ഈർപ്പരഹിതമായി പരിപാലിക്കുക. നനഞ്ഞ കൈവിരൽ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്. ടേബിൾ ഫാൻ ഉപയോഗിച്ച് തലമുടി ഉണക്കരുത്. കേടായ വൈദ്യുതോപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിന് അംഗീകൃത ഏജൻസിയെ മാത്രം സമീപിക്കുക. കുട്ടികൾക്ക് കൈയ്യെത്തുന്ന വിധത്തിൽ വൈദ്യുതോപകരണങ്ങൾ, എക്സ്റ്റൻഷൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാതിരിക്കുക.

റോഡുകളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട മുൻകരുതലുകൾ

ലോഹ തോട്ടി, ഏണി എന്നിവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക. വൈദ്യുതലൈനിൽ തട്ടാൻ സാധ്യതയുള്ള വൃക്ഷക്കമ്പുകൾ മുറിച്ചുമാറ്റുന്നതിന് അധികൃതർക്ക് പൂർണ്ണസഹകരണം നൽകുക. ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപ്പിടിത്തമുണ്ടായാൽ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് തീകെടുത്താൻ ശ്രമിക്കരുത്. സ്വിച്ച്/മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഉടൻ വൈദ്യുതബന്ധം വിഛേദിക്കുക.

വൈദ്യുതിവാഹനം (പ്രത്യേകിച്ച് കാർ) വാങ്ങുകയാണെങ്കിൽ മെയിൻ സ്വിച്ചിൽ നിന്ന് സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേകം സർക്യൂട്ട് ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേന വയർ ചെയ്ത് ചാർജ്ജിംഗ് പോയിന്റ് ക്രമീകരിക്കണം. വൈദ്യുത സ്കൂട്ടർ, കാർ, മറ്റ് ഉപകരണങ്ങൾ എന്നിവ അതാത് കമ്പനി തന്ന ചാർജ്ജർ ഉപയോഗിച്ച് മാത്രം ചാർജ്ജ് ചെയ്യുക. അല്ലാത്തപക്ഷം ബാറ്ററി കേടാവാനും തീപിടിക്കാനും സാധ്യതയുണ്ട്.

നിയമനടപടികളും കർശനമായ മുന്നറിയിപ്പുകളും

കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നൽകുന്നത് മനുഷ്യനും ജീവികൾക്കും ജീവഹാനി ഉണ്ടാക്കുമെന്നതിനാൽ ഒരുകാരണവശാലും അപ്രകാരം ചെയ്യരുത്. ഗുണനിലവാരമുള്ള ഫെൻസ് എനർജൈസർ വഴി മാത്രമേ വൈദ്യുതവേലി ഊർജ്ജീകരിക്കാൻ പാടുള്ളൂ. ഇതിനായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറിൽ നിന്ന് നിയമാനുസൃത അനുവാദം വാങ്ങണം. കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നൽകുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

Article Summary: As part of National Electricity Safety Week from June 26, Wayanad district-level inauguration will be held on June 30, emphasizing consumer safety guidelines including the use of RCCB, authorized contractors, and warnings against illegal electrification methods.

#ElectricitySafety #NationalSafetyWeek #WayanadNews #ElectricalInspector #SafetyAwareness #MalayalamNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia