മലയാളം വാരികക്കെതിരെ നമ്പി നാരായണന്‍ കോടതിയിലേക്ക്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്ത് കേരളം

 


തിരുവനന്തപുരം: (www.kvartha.com 08.11.2014) ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അട്ടിമറിച്ചതാണെന്നും നമ്പിനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളല്ലെന്നും ചൂണ്ടിക്കാട്ടി സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച റിപോര്‍ട്ടിനെതിരെ നമ്പി നാരായണന്‍ കോടതിയെ സമീപിക്കുമെന്നു സൂചന.

കേസിലെ ആറ് പ്രതികളില്‍ ഒരാളായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയില്‍ സീനിയര്‍ സയന്റിസ്റ്റ് ആയിരുന്ന എസ്. നമ്പി നാരായണന്‍. ഇപ്പോള്‍ അഭിഭാഷകനും ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊപ്പം യൂറോപ്യന്‍ പര്യടനത്തിായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരിക പ്രസിദ്ധീകരിച്ച റിപോര്‍ട്ടിനെതിരെ അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടിക്ക് തയ്യാറാകുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കി. എന്നാല്‍ നമ്പി നാരായണന്‍ നേരിട്ട് ഇതുവരെ പുതിയ വെളിപ്പെടുത്തലുകളോടു പ്രതികരിച്ചിട്ടില്ല.

ചാരക്കേസ് അട്ടിമറിച്ചതിനു പിന്നില്‍ സിബിഐ വ്യക്തമായ സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കേസ് അവസാനിപ്പിച്ചുകൊണ്ട് അവര്‍ എറണാകുളം സിജെഎം കോടതിയില്‍ കൊടുത്ത റിപോര്‍ട്ട് നിരവധി ദൗര്‍ബല്യങ്ങള്‍ ഉള്ളതും സംശയങ്ങള്‍ അവശേഷിപ്പിക്കുന്നതുമാണെന്നും മലയാളം വാരിക തുറന്നെഴുതിയിരുന്നു. വാരിക പ്രസിദ്ധീകരിച്ച രണ്ടു റിപോര്‍ട്ടുകളില്‍ ഒന്നിന്റെ തലക്കെട്ടുതന്നെ നമ്പി നാരായണന്‍, മറിയം റഷീദ... ഇവര്‍ നിരപരാധികളല്ല എന്നാണ്. ഇതാണ് നമ്പി നാരായണനെ പ്രകോപിപ്പിച്ചത് എന്നാണു വിവരം.
പോലീസ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നു കുറ്റപ്പെടുത്തി അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷനും തിരുവനന്തപുരം സബ് കോടതിയിലും നഷ്ടപരിഹാരക്കേസുകള്‍ നേരത്തേ നല്‍കിയിരുന്നു. പത്ത് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരത്തിനു മനുഷ്യാവകാശ കമ്മീഷന്‍ വിധിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അത് നല്‍കുകയും ചെയ്തിരുന്നു. 

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിഐജി സിബി മാത്യൂസ് ഉള്‍പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുകയാണ്. 

അതിനിടെ, മലയാളം വാരിക പ്രസിദ്ധീകരിച്ച റിപോര്‍ട്ട് രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി മാറി. ചാരക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരുമെന്നാണു സൂചന. ചാരക്കേസ് അട്ടിമറിച്ചു എന്ന് കേസ് സിബിഐ അവസാനിപ്പിച്ച 1996 മേയില്‍തന്നെ ആരോപണം ഉന്നയിച്ച അന്നത്തെയും ഇന്നത്തെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പുതിയ സംഭവ വികാസങ്ങളോടു പ്രതികരിച്ചിട്ടില്ല. 

ചാരക്കേസ് രാഷ്ട്രീയമായി മുതലെടുത്ത കോണ്‍ഗ്രസിലെ എ. വിഭാഗവും അതിന്റെ നേതാവായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മൗനം തുടരുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
മലയാളം വാരികക്കെതിരെ നമ്പി നാരായണന്‍ കോടതിയിലേക്ക്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്ത് കേരളം

Related News:
ചാരക്കേസ് സിബിഐ അട്ടിറിച്ചതിന് ഞെട്ടിക്കുന്ന തെളിവുകളുമായി മലയാളം വാരിക
Also Read:
മുരളി വധം: അറസ്റ്റിലായ 4 പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍
Keywords:  S. Nambi Narayanan, Thiruvananthapuram, Case, Kerala, Report, ISRO Chara case, CBI, Investigation,  Samakalika Malayalam Varika, Report, Nambi Narayanan to approach court against Malayalam Weekly?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia