Nikesh Kumar | എംവി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ ക്ഷണിതാവായി ഉള്‍പെടുത്തി
നിലവില്‍ ജില്ലാ കമിറ്റിയില്‍ ഒഴിവില്ലാത്തതിനാലാണ് ക്ഷണിതാവാക്കുന്നത്
ജില്ലാ കമിറ്റി തീരുമാനത്തിന് സംസ്ഥാന കമിറ്റിയുടെ അനുമതി ലഭിച്ചു
കണ്ണൂര്‍ : (KVARTHA) ദൃശ്യമാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങിയ എംവി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ ക്ഷണിതാവായി ഉള്‍പെടുത്തി. നിലവില്‍ ജില്ലാ കമിറ്റിയില്‍ ഒഴിവില്ലാത്തതിനാല്‍ ക്ഷണിതാവാക്കാനായിരുന്നു തീരുമാനം. പിന്നീട് വരുന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമിറ്റിയില്‍ നികേഷ് കുമാറിനെ ഉള്‍പെടുത്തുമെന്നാണ് പാര്‍ടിയില്‍ നിന്നും ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച നടന്ന കണ്ണൂര്‍ ജില്ലാ കമfറ്റി യോഗത്തിലാണ് എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയിലേക്ക് ക്ഷണിക്കുന്നതിന് തീരുമാനിച്ചത്. ജില്ലാ കമിറ്റി തീരുമാനത്തിന് സംസ്ഥാന കമിറ്റിയുടെ അനുമതി ലഭിച്ചതോടെയാണിത്. ജില്ലാ കമിറ്റി യോഗത്തില്‍ പിവി ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്ര കമിറ്റി അംഗങ്ങളായ പികെ ശ്രീമതി ടീചര്‍, കെകെ ശൈലജ ടീചര്‍, ജില്ലാ സെക്രടറി എം വി ജയരാജന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
2016ല്‍ മാധ്യമപ്രവര്‍ത്തനം വിട്ട് അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച നികേഷ് കുമാര്‍ പരാജയപ്പെട്ടതോടെ മാധ്യമരംഗത്തേക്കുതന്നെ തുടര്‍ന്ന് വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മാധ്യമപ്രവര്‍ത്തനം പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്തേക്ക് വന്ന നികേഷിനെ പാര്‍ടി സ്വീകരിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ നികേഷിനെ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തുന്നത് സംബന്ധിച്ച് അടുത്ത സംസ്ഥാന കമിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍ നിഷേധിച്ചിരുന്നു. നികേഷ് ഇപ്പോള്‍ പ്രവര്‍ത്തിക്കട്ടെയെന്നും, ഭാരവാഹിത്വ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്നുമാണ് അന്ന് പറഞ്ഞിരുന്നത്.
ഇതു സംബന്ധിച്ച ജില്ലാ കമിറ്റി നിര്‍ദേശം സംസ്ഥാന കമിറ്റി അംഗീകരിച്ചതോടെ നികേഷ് കുമാര്‍ ജില്ലാ കമിറ്റിയില്‍ ക്ഷണിതാവാകുകയായിരുന്നു.