FB Post | സ്കൂള്‍ കലോത്സവ ഭക്ഷണത്തില്‍ വര്‍ഗീയവിഷം കലര്‍ത്താന്‍ നോക്കിയവര്‍ക്ക് കേരളം മാപ്പുനല്‍കില്ല; പഴയിടത്തെ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്നും എം വി ജയരാജന്
Jan 9, 2023, 21:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കലോത്സവങ്ങള്‍ക്ക് ഇനി ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനന് നമ്പൂതിരി രംഗത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ടുവന്നത്. പഴയിടത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന കമിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രടറിയുമായ എംവി ജയരാജനും രംഗത്തെത്തി. ഫേസ് ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം എം വി ജയരാജന് തുറന്നുപറഞ്ഞത്.
സ്കൂള്‍ കലോത്സവ ഭക്ഷണത്തില്‍ വര്‍ഗീയവിഷം കലര്‍ത്താന്‍ നോക്കിയവര്‍ക്ക് കേരളം മാപ്പുനല്‍കില്ലെന്നും പഴയിടത്തെ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്നും എം വി ജയരാജന് ഫേസ്ബുകില്‍ കുറിച്ചു. ഇതുവരെ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രുചികരമായ ഭക്ഷണം നല്കിവന്നത് പഴയിടമാണ്. ഒരാക്ഷേപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ലെന്നും കുറിപ്പില്‍ പറയുന്നു.
എം വി ജയരാജന്റെ കുറിപ്പ്:
കാട്ടാളന്മാരേ അരുത്- പഴയിടം ഭയന്നോടരുത്
സ്കൂള്‍ കലോത്സവ ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ നോക്കിയ കാട്ടാളന്മാരേ, നിങ്ങള്‍ക്ക് കേരളം മാപ്പുനല്‍കില്ല. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വര്‍ഗീയ ഭ്രാന്തന്മാരുണ്ട്. അവര്‍ക്ക് ശ്രീനാരായണഗുരു മുതല്‍ കൃഷ്ണപിള്ളയും എകെജിയും ഇഎംഎസ്സും വരെയുള്ളവര്‍ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണില്‍ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല.
ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കില്‍ 'ഭക്ഷണമേതായാലും മനുഷ്യന് നന്നായാല്‍ മതി' എന്ന ചുട്ട മറുപടി വര്‍ഗീയവൈതാളികള്‍ക്ക് നല്കിയേനെ. ഭാവിപൗരന്മാരായ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുന്നവര്‍ കാവിവല്‍ക്കരണ അജന്‍ഡയുമായി ഭരണകൂടത്തിന്റെ സ്പോണ്‍സര്‍ഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോള്‍, കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു.
നാളിതുവരെ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രുചികരമായ ഭക്ഷണം നല്കിവന്നത് പഴയിടം മോഹനന് നമ്പൂതിരിയാണ്. ഒരാക്ഷേപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനന് നമ്പൂതിരിയെ ഇപ്പോള്‍ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവ വായാടികളുമുണ്ട്.
ഇത്തരത്തില്‍ ചില പ്രതികരണം വരുമ്പോള്‍ ഭയന്നോടുകയെന്നത് ഒരു പ്രതിഭാശാലിയില്നിന്നു നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാല്‍ സന്തോഷിക്കുക വര്‍ഗീയക്കോമരങ്ങള്‍ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!
എം.വി.ജയരാജന്
Keywords: MV Jayarajan's FB Post About School Fest Food Controversy, Kozhikode, News, Politics, Food, Facebook Post, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

