MV Govindan | വികസന ഐക്യത്തിന് പ്രതിപക്ഷം തുരങ്കം വെക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (www.kvartha.com) കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള വികസന ഐക്യത്തിന് സംസ്ഥാനത്തെ പ്രതിപക്ഷവും മാധ്യമങ്ങളും തുരങ്കം വെക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. വികസനത്തിന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും വോടുമുണ്ടെന്ന് മനസ്സിലായതോടെയാണ് എന്തിനെയും എതിര്‍ക്കുകയെന്ന നിലപാടിലേക്ക് പ്രതിപക്ഷവും മാധ്യമങ്ങളും മാറിയത്.

എല്ലാവരും വികസന പ്രക്രിയയുമായി മുന്നോട്ടുപോയാല്‍ പ്രതിപക്ഷം നാമാവശേഷമാകുമെന്ന് ഉറപ്പാണ്. ഈ തിരിച്ചറിവാണ് പ്രതിപക്ഷവും മാധ്യമങ്ങളും വിനാശകരമായ സമീപനം സ്വീകരിക്കാന്‍ കാരണം. പാട്യം ഗോപാലന്‍ പഠന കേന്ദ്രം വികസന സെമിനാര്‍ സമാപന സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍.

രണ്ടാം പിണറായി സര്‍കാര്‍ ഭരണത്തില്‍ കാലുവച്ച ദിവസം മുതല്‍ ഒരു വികസന പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം. മാധ്യമങ്ങള്‍ ഇതിന് സര്‍വ പിന്തുണയും നല്‍കുകയാണ്. നിഷേധ ചിന്തയും ആശയവുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇവന്റ് മാനേജുമെന്റുകളെ കൂടി ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഷ്ട്രീയത്തിന്റെ ചങ്ങല കെട്ടിനകത്ത് കുടുങ്ങി കിടന്ന കേരളത്തിന്റെ വികസനത്തെ നേര്‍വഴിക്ക് നയിക്കാന്‍ ആദ്യ കേരള പഠന കോണ്‍ഗ്രസിന്റെ കാലത്ത് വികസന ഐക്യം രൂപപ്പെട്ടിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി കമ്യൂണിസ്റ്റ് വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ്.

ഇതിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍കാരിനുമുള്ളത്. കേരളത്തിന് നല്‍കേണ്ട പണം നല്‍കാതെ സാമ്പത്തിക ഉപരോധം പോലുള്ള ഫെഡറല്‍ രീതിക്ക് നിരക്കാത്ത സമീപനമാണ് കേന്ദ്രത്തിന്റേത്. വായ്പ പരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ പ്രതിസന്ധിലാക്കുകയാണ്. ജിഎസ്ടി വന്നതോടെ സംസ്ഥാനാടിസ്ഥാനത്തില്‍ പണം സ്വരൂപീകരിക്കാനുള്ള സാധ്യതയുമില്ലാതായി.

MV Govindan | വികസന ഐക്യത്തിന് പ്രതിപക്ഷം തുരങ്കം വെക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

കൃത്യമായ ദിശാബോധത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ വികസനം മുന്നോട്ടുപോയത്. അതാണ് കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകാന്‍ കാരണം. മുതലാളിത്ത ഭരണത്തിന്‍ കീഴില്‍ പാവപ്പെട്ടവന് ഗുണമേന്മയുള്ള ജീവിതം ഉറപ്പുവുത്താന്‍ കേരളത്തിനായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Keywords:  MV Govindan says opposition is undermining development unity,  Kannur, News, Politics, MV Govindan, Criticized, Opposition Parties, Media, Development, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia