Criticized | രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ് പ്പെട്ടുവെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി  എം വി ഗോവിന്ദന്‍
 

 
MV Govindan Criticized Vellappally Nateshan, Thiruvananthapuram, News,MV Govindan, Criticized, Vellappally Nateshan,SNDP, Politics, Kerala News
MV Govindan Criticized Vellappally Nateshan, Thiruvananthapuram, News,MV Govindan, Criticized, Vellappally Nateshan,SNDP, Politics, Kerala News


ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് സംഘപരിവാറിന് അനുകൂലമായ എസ് എന്‍ ഡി പി നേതൃനിരയിലുള്ളവര്‍ എടുത്തുകൊണ്ടിരിക്കുന്നത്

എസ് എന്‍ ഡി പിക്ക് അതിന്റെ രൂപീകരണ കാലംതൊട്ട് മതനിരപേക്ഷ ഉള്ളടക്കമുണ്ട്

തിരുവനന്തപുരം: (KVARTHA) രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ് പ്പെട്ടുവെന്ന എസ് എന്‍ ഡി പി ജെനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍.  വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന അവരുടെ സംഘപരിവാര്‍ അജന്‍ഡയ്ക്ക് കീഴ് പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ട് വരുന്നുവെന്നാണ് കാണിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗോവിന്ദന്റെ വാക്കുകള്‍:

രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ് പ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി ഒരു മുസ്ലിമിനേയും ഉള്‍പെടുത്താത്തതില്‍ ഒരു പ്രശ്നവും അദ്ദേഹം ഉന്നയിച്ചിട്ടില്ല. 


സംഘപരിവാര്‍ അജന്‍ഡയ്ക്ക് കീഴ് പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ടുവരുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് സംഘപരിവാറിന് അനുകൂലമായ എസ് എന്‍ ഡി പി നേതൃനിരയിലുള്ളവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഇതൊന്നും മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമല്ല.

എസ് എന്‍ ഡി പിക്ക് അതിന്റെ രൂപീകരണ കാലംതൊട്ട് മതനിരപേക്ഷ ഉള്ളടക്കമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയതയിലേക്ക് നീങ്ങാനുള്ള ചില ശ്രമങ്ങളുണ്ട്. അത് പെട്ടെന്നുണ്ടായ പരിവര്‍ത്തനമല്ല. കുറച്ചുകാലമായി തുടര്‍ന്നുവരുന്ന കാര്യമാണ്..

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോട് കൂടി ബിജെപി അജന്‍ഡയുടെ ഭാഗമായി എസ് എന്‍ ഡി പിയിലേക്ക് കടന്നുകയറി. എസ് എന്‍ ഡി പിയില്‍ വര്‍ഗീയ വത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്.

ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ആര്‍ എസ് എസ് ഇടപെടല്‍മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും അത് തിരിച്ചുകൊണ്ടുവരുമെന്നും- ഗോവിന്ദന്‍ പറഞ്ഞു.


മതനിരാസമാണ് സിപിഎമിന്റെ മുഖമുദ്രയെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുകയുണ്ടായി. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് മതം ലോകത്ത് നിര്‍വഹിച്ച ഗുണകരമായ കാര്യങ്ങളെല്ലാം അംഗീകരിക്കുന്ന നിലപാടാണുള്ളത്. മതനിരപേക്ഷതയാണ് ഞങ്ങള്‍ ഉയര്‍പ്പിടിച്ച കാഴ്ചപ്പാട്. പാര്‍ടിയിലേക്ക് മതവിശ്വാസികള്‍ക്ക് കടന്നുവരാം. ജമാഅത്തെ ഇസ്ലാമിയുമായും പോപുലര്‍ ഫ്രണ്ടുമായും ഉണ്ടാക്കിയ അവിശുദ്ധ കൂട്ടിക്കെട്ട് തുറന്നുകാണിക്കുമ്പോള്‍ ഉണ്ടാകുന്ന പരിഹാസ്യമായ നിലപാടാണ് ലീഗ് അധ്യക്ഷന്‍ ഉയര്‍ത്തിയതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും വര്‍ഗസമര പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാന്‍ നല്ലത് കോണ്‍ഗ്രസാണെന്ന് കരുതിയ ജനങ്ങളെ തിരിച്ചുകൊണ്ടുവരാനും പാര്‍ടി ശ്രമിക്കും. ആരുടെയെങ്കിലും പ്രസ്താവനകളോ പെരുമാറ്റമോ നിലപാടുകളോ തിരിച്ചടിയായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകും. തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കില്ല. അത് എല്ലാവര്‍ക്കും ബാധകമാണ്. പാര്‍ടിക്ക് തിരിച്ചുവരാന്‍ സാധിക്കുന്ന നിലതന്നെയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിയുടെ ജനകീയ വളര്‍ച തടയുന്നതിനുള്ള രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മത രാഷ്ട്രത്തിനെതിരായ പ്രചാരണവും നടത്തും. സര്‍കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയാറാക്കി മുന്‍ഗണന നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നല്‍കേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ബൂത് തലം വരെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. 


കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന നാല് മേഖലാ യോഗങ്ങള്‍ സംസ്ഥാനത്ത് നടത്തും. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളെ മേഖലകളാക്കി തിരിച്ച് റിപോര്‍ട് കൈമാറും. താഴേത്തലംവരെ ജനങ്ങളോട് സംവദിക്കാന്‍ ഒരു സൗഹൃദം രൂപപ്പെടുത്തി ലോകല്‍ തലത്തില്‍ നടപ്പാക്കും. ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia