M V Govindan | മോദി തരംഗം ഏശില്ലെന്ന ഭയത്താല്‍ ബി ജെ പി രാമതരംഗം കൂടി ഉയര്‍ത്തുന്നുവെന്ന വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

 

കണ്ണൂര്‍: (KVARTHA) മോദി തരംഗം ഏശില്ലെന്ന ഭയത്തിലാണ് ഇക്കുറി രാമതരംഗം കൂടി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

2021 ആവര്‍ത്തിക്കില്ലെന്ന ആശങ്ക അവര്‍ക്ക് നന്നായുണ്ട്. ആ ഭയമാണ് ബിഹാറില്‍ നിധീഷ് കുമാറിനെ ചാക്കിട്ടുപിടിക്കുന്നതിലേക്കു നയിച്ചത്. ഹിമാചല്‍ ഉള്‍പെടെയുള്ള സംസ്ഥാനാങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ കുതിരക്കച്ചവടത്തിലൂടെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമാണ്. ആത്മവിശ്വാസം അശേഷമില്ലാതെയാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 370 സീറ്റെങ്കിലും ലഭിക്കുമെന്ന് വലിയ വായില്‍ പറയുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ട്.

M V Govindan | മോദി തരംഗം ഏശില്ലെന്ന ഭയത്താല്‍ ബി ജെ പി രാമതരംഗം കൂടി ഉയര്‍ത്തുന്നുവെന്ന വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
 
ഐടി മേഖലയിലുള്ളവര്‍ ഉള്‍പെടെ തങ്ങളെ കയ്യൊഴിയുമെന്ന ഉത്കണ്ഠ ബിജെപിക്കുണ്ട്. ആ ഉത്കണ്ഠയെ ബലപ്പെടുത്തുന്നതാണ് ഉത്തരേന്‍ഡ്യയിലെ കര്‍ഷക പ്രക്ഷോഭം. ബിജെപിയുടെ ഈ ഭയത്തെ വോടാക്കി മാറ്റാന്‍ ഇന്‍ഡ്യ മുന്നണിക്കു കഴിയുമെന്നുറപ്പാണ്. മുന്നണിയുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ചകളൊക്കെ നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ട്. പക്ഷെ, മുന്നണിയില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നു മാത്രം.

മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിക്കുന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെങ്കില്‍ ഞങ്ങള്‍ പോകുമെന്നല്ലേ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍സിങ് സുഖു പറഞ്ഞത്. അങ്ങനെയുള്ളവര്‍ക്ക് എങ്ങനെയാണ് മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള പ്രത്യയശാസ്ത്ര സമീപനം സ്വീകരിക്കാന്‍ കഴിയുക? ഇത്തരം നിലപാടുകള്‍ സ്വീകരിക്കുക വഴി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിര്‍വരമ്പില്ല എന്ന് ജനങ്ങളും തിരിച്ചറിയുന്നു.

യഥാര്‍ഥത്തില്‍ മൃദു ഹിന്ദുത്വമല്ല പച്ചയായ ഹിന്ദുത്വ അജന്‍ഡകള്‍ തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥൊക്കെ പ്രയോഗിക്കുന്നത് മറയില്ലാത്ത വര്‍ഗീയതയാണ്. എന്നാല്‍ ഇന്‍ഡ്യ മുന്നണിയിലെ ഐക്യം ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഞാനതിനെ കാണുന്നത് ഇങ്ങനെയാണ്, അതായത് ഓരോ സംസ്ഥാനത്തെയും ഓരോ യൂനിറ്റായി എടുക്കണം. ഉദാഹരണത്തിന് യുപിയുടെ രാഷ്ട്രീയ ചിത്രം പരിശോധിച്ചാല്‍ ബിജെപിയെ നിലംപരിശാക്കാന്‍ പോന്ന വലിയൊരു സാഹചര്യം അവിടെയുണ്ട്.

50 ശതമാനത്തില്‍ താഴെ വോടേ അവിടെ ബിജെപിക്കുള്ളൂ. ബിജെപി വിരുദ്ധ വോടുകള്‍ ഏകീകരിച്ചാല്‍ മാത്രം മതി 80 മണ്ഡലങ്ങളുള്ള യുപിയില്‍ നിന്ന് പകുതിയിലേറെ സീറ്റുകള്‍ നേടാന്‍ പ്രയാസമുണ്ടാവില്ല. അതിനായി ഓരോ മണ്ഡലത്തിലും വോട് സമാഹരിക്കാനുള്ള രാഷ്ട്രീയ തന്ത്രം രൂപപ്പെടുത്തിയാല്‍ മാത്രം മതി. എസ് പി, ബി എസ് പി, കോണ്‍ഗ്രസ് കക്ഷികള്‍ യോജിച്ചുനിന്നാല്‍ മാത്രം ഏറ്റവും കൂടുതല്‍ ലോക് സഭാ മണ്ഡലങ്ങളുള്ള യുപിയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇന്‍ഡ്യ മുന്നണിക്കു കഴിയും.

ഈ ഭയം കാരണമാണ് അവിടെ കാലുമാറ്റവും ചാക്കിട്ടുപിടിത്തവും നിരന്തരം നടത്താന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ക്കു ഭരണമില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലും ഇതേ നിലയാണ് ബി ജെ പി പരീക്ഷിക്കുന്നത്. അതിനുള്ള പണം കണ്ടെത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് വിഷയമല്ല. ഇലക്ടറല്‍ ബോണ്ട് വഴി 6,566 കോടി രൂപയാണ് ഇവര്‍ സമാഹരിച്ചത്. 

മറ്റേതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതാണോ ഈ തുക. ഈ കാശുകൊണ്ടാണ് മറ്റ് പാര്‍ടികളിലെ എംപിമാരെ ബിജെപി വിലയ്‌ക്കെടുക്കുന്നത്. സര്‍കാരുകളെ മറിച്ചിടാനും ഈ പണം ഉപയോഗിക്കുന്നു. പണാധിപത്യപരമായ ഈ നിലപാടിനാണ് ദിവസങ്ങള്‍ക്കു മുമ്പ് സുപ്രീം കോടതിയില്‍ നിന്ന് ബിജെപിക്ക് പ്രഹരമേറ്റതെന്നും അദ്ദേഹം പറഞ്ഞു.

Keywords: MV Govindan Criticized BJP, Kannur, News, MV Govindan, Criticized, Supreme Court, Lok Sabha Election, BJP, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia