MV Govindan | ആര്‍ക്കും വിലക്കില്ല: മുസ്ലിം ലീഗിന് പിന്നാലെ ആര്യാടന്‍ ശൗകത് ഉള്‍പെടെ ഫലസ്തീന്‍ അനുകൂല നിലപാടുള്ള കോണ്‍ഗ്രസുകാരെയും 11 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍

 


തിരുവനന്തപുരം: (KVARTHA) മുസ്ലിം ലീഗിനു പിന്നാലെ ആര്യാടന്‍ ശൗകത് ഉള്‍പെടെ ഫലസ്തീന്‍ അനുകൂല നിലപാടുള്ള കോണ്‍ഗ്രസുകാരെയും 11 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കു ക്ഷണിക്കുമെന്നു പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. റാലിയില്‍ എല്ലാവര്‍ക്കും ക്ഷണമുണ്ടെന്നും ആര്‍ക്കും വിലക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

MV Govindan | ആര്‍ക്കും വിലക്കില്ല: മുസ്ലിം ലീഗിന് പിന്നാലെ ആര്യാടന്‍ ശൗകത് ഉള്‍പെടെ ഫലസ്തീന്‍ അനുകൂല നിലപാടുള്ള കോണ്‍ഗ്രസുകാരെയും 11 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് പ്രഖ്യാപിച്ച് എംവി ഗോവിന്ദന്‍

മുസ്ലിം ലീഗ് ഉള്‍പെടെയുള്ളവര്‍ക്കു പങ്കെടുക്കാം. എന്നാല്‍ അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെയും വര്‍ഗീയ ശക്തികളെയും പങ്കെടുപ്പിക്കില്ല. കോണ്‍ഗ്രസില്‍ വ്യത്യസ്ത നിലപാടുള്ളവരെ പങ്കെടുപ്പിക്കുന്നതിനു തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. റാലി വിഭാവനം ചെയ്തതു വിശാല അര്‍ഥത്തിലാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സമാനമായ പരിപാടികള്‍ സിപിഎമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ലെന്നും അതാണ് കോണ്‍ഗ്രസ് നിലപാടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്ന ഉത്കണ്ഠ ആര്‍ക്കും വേണ്ടെന്നും മുന്നണിയിലേക്ക് എടുക്കുന്നത് കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

ഗോവിന്ദന്റെ വാക്കുകള്‍:

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സിപിഎം സംസ്ഥാന കമിറ്റി തീരുമാനിച്ചു. ഫലസ്തീന്‍ ജനങ്ങള്‍ക്കെതിരായ കടുത്ത കടന്നാക്രമണവും മനുഷ്യത്വരഹിതമായ ആക്രമണവുമാണ് വംശഹത്യയുടെ ഭാഗമായി ഇസ്രാഈല്‍ ശക്തിപ്പെടുത്തുന്നത്. അമേരികയുടെ പിന്തുണയോടു കൂടി ലോകസാമ്രാജ്യത്വം ഇസ്രാഈലിനെ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ രാജ്യങ്ങളിലെ ഭരണാധികാരികള്‍ വ്യക്തിപരമായി തന്നെ ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ആയുധങ്ങള്‍ അമേരിക ഇസ്രാഈലിന് നല്‍കിവരികയാണ്.

സ്ത്രീകളെയും കുട്ടികളെയും നശിപ്പിക്കുന്നതിനു വേണ്ടി ഇസ്രാഈല്‍ ആ ആയുധമാണ് ഉപയോഗിക്കുന്നത്. ഇസ്രാഈലിന് അനുകൂലമായാണ് ഇന്‍ഡ്യയുടെയും നിലപാടെന്ന് വ്യക്തമായി. യുദ്ധം അവസാനിപ്പിക്കുക എന്നത് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ഭൂരിപക്ഷത്തോടെ പ്രമേയം അവതരിപ്പിച്ചിട്ടും അതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന നിലയില്‍ ഇസ്രാഈല്‍ മുന്നോട്ടുപോകുകയാണ്. ഗാസ മാത്രമല്ല ഫലസ്തീന്‍ അതിര്‍ത്തികളാകെ, ആശുപത്രികള്‍ ഉള്‍പെടെ ബോംബിട്ട് തകര്‍ക്കുന്നു.

ഇടി മുഹമ്മദ് ബശീറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ലീഗിനെ റാലിയിലേക്കു ക്ഷണിക്കുന്നതില്‍ സിപിഎമിന് ഒരു പ്രയാസവും ഇല്ലായിരുന്നു. അതുകൊണ്ട് ക്ഷണിച്ചു. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നേരിട്ട് പങ്കെടുക്കാന്‍ ആകില്ല എന്നാണ് കുഞ്ഞാലിക്കുട്ടി തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞത്. നമുക്ക് എല്ലാവര്‍ക്കും മനസ്സിലാകും, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സാങ്കേതിക കാരണമെന്നു പറയുന്നത് കോണ്‍ഗ്രസിന്റെ വിലക്കാണെന്ന്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടു പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പകല്‍പോലെ വ്യക്തമാണ്.

മലപ്പുറം ജില്ലയില്‍ ഒരു ഫൗണ്ടേഷന്റെ പേരില്‍ നടത്തിയിട്ടുള്ള പ്രകടനത്തിന് ആര്യാടന്‍ ശൗകത്താണ് നേതൃത്വം നല്‍കിയത്. ഫലസ്തീന്‍ അനുകൂല ഐക്യദാര്‍ഢ്യ പ്രകടനം നയിച്ച ആര്യാടന്‍ ശൗകത്തിനെതിരെ കോണ്‍ഗ്രസ് നോടിസ് കൊടുത്തുവെന്നും അതിന് മറുപടി കൊടുത്തുവെന്നും അത് സംഘടനാ രാഷ്ട്രീയ നിലപാടെന്നും അംഗീകരിക്കുന്ന സാഹചര്യം കേരളത്തിലുണ്ടായി. ആര്യാടന്‍ ശൗകത്തിനെതിരായ തീരുമാനത്തില്‍നിന്ന് തന്നെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണല്ലോ.

ഫലസ്തീനോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും ഇതില്‍നിന്ന് വ്യക്തമാണ്. അത്തരത്തില്‍ ചിന്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയെ വേണമെങ്കിലും ഞങ്ങള്‍ ക്ഷണിക്കും. അഴകൊഴമ്പന്‍ നിലപാട് കാരണം കോണ്‍ഗ്രസിനെ സിവില്‍ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമിനുള്ളത്. അവസരവാദ നിലപാട് സിപിഎമിന് ഇല്ല. ആര്യാടന്‍ ശൗകതിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും.

ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോണ്‍ഗ്രസ് നിലപാട്. മുസ്ലിം ലീഗിനെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്ന ഉത്കണ്ഠ ആര്‍ക്കും വേണ്ട. മുന്നണിയിലേക്ക് എടുക്കുന്നത് കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്- എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Keywords:  MV Govindan about IUML's stand on not participating in CPM rally supporting Palestine, Thiruvananthapuram, News, MV Govindan, Politics, CPM, Congress, IUM, Shashi Tharoor, Palestine, Rally, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia