Dispute | കണ്ണൂരില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടുന്നതിലെ തര്‍ക്കം: തീയ്യ ക്ഷേമ സഭയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് മലയന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന ഭാരവാഹികള്‍
കണ്ണൂര്‍: (KVARTHA) ഇരുസമുദായ സംഘടനകള്‍ തമ്മില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടുന്നതിന്റെ വാദ്യക്കൂലി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പോര് തുടരുന്നു. ജില്ലയിലെ കണ്ണപുരം ഇരിണാവ് പ്രദേശങ്ങളിലാണ് സാമുദായിക ചേരിതിരിവോടെ തര്‍ക്കം ഉടലെടുത്തത്. ഇതു വടക്കെ മലബാറിലെ തെയ്യക്കാവുകളില്‍ സംഘര്‍ഷമുണ്ടാക്കുമോ എന്ന ആശങ്ക വിശ്വാസികളില്‍ വളര്‍ത്തിയിട്ടുണ്ട്. പെരുമ്പ പുഴയ്ക്ക് ഇപ്പുറം വീടുകളില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് തീയ്യക്ഷേമ സഭയും മലയന്‍ സമുദായവും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. തീയ്യ ക്ഷേമ സഭ കണ്ണപുരം മേഖലാ കമിറ്റി മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ വാദ്യങ്ങളൊരുക്കുന്ന മലയ സമുദായക്കാരായ കലാകാരന്‍മാരുടെ വാദ്യക്കൂലി വെട്ടിച്ചുരുക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന മലയന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2000 രൂപ വീടുകളില്‍ വാങ്ങുന്ന കോള് (കൂലി) 1200 രൂപയായാണ് നിജപ്പെടുത്തിയിക്കുന്നത്. തീയ്യ ക്ഷേമ സഭ നിശ്ചയിക്കുന്ന കോളിന് വിധേയരായി പ്രവൃത്തിക്കണമെന്ന് മലയന്‍ സമുദായത്തിന് തിട്ടൂരം നല്‍കാന്‍ ആരാണ് തീയ്യ ക്ഷേമ സഭയെ അധികാരപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന മലയന്‍ സമുദായോദ്ധരണ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വീടുകളില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന് മലയന്‍ സമുദായം വാങ്ങിച്ചു കൊണ്ടിരിക്കുന്ന കോള് എകീകരിച്ച് 1200 രൂപയാക്കിയ തീയ്യ ക്ഷേമ സഭ മഠപ്പുരകളില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന് വാദ്യക്കാര്‍ക്ക് നല്‍കുന്ന 500 രൂപ ഏകീകരിച്ച് 1200 രൂപ നല്‍കാന്‍ തയ്യാറാകണം. തീയ്യ ക്ഷേമ സഭ കണ്ണപുരം മേഖലാ കമിറ്റി ഇവരുടെ പരിധികളിലെ ക്ഷേത്രങ്ങളില്‍ സന്ധ്യാ വേലയ്ക്ക് ഇന്ന് വാങ്ങിക്കുന്ന 200 രൂപ ഏകീകരിച്ച് 1200 രൂപ നല്‍കാന്‍ തയ്യാറാകുമോയെന്ന് ഭാരവാഹികള്‍ ചോദിച്ചു.
മലയന്‍ സമുദായത്തിന്റെ കോള് നിശ്ചയിച്ച് തിട്ടൂരം നല്‍കിയ തീയ്യ ക്ഷേമ സഭ കണ്ണപുരം മേഖലാ കമിറ്റി അംഗങ്ങള്‍ അവര്‍ ഇന്നു വാങ്ങിക്കുന്ന ദിവസക്കൂലി 1000 രൂപ കൂടുതലാണെന്നും 500 രൂപാ മാത്രമെ കൊടുക്കാവൂ എന്നും മലയന്‍ സമുദായ സംഘടന കൂലി നിശ്ചയിച്ചു കത്തു നല്‍കിയാല്‍ അംഗീകരിക്കുമോയെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വീടുകളില്‍ കെട്ടിയാടുന്ന മുത്തപ്പന്‍ വെള്ളാട്ടത്തിന് നൂറ്റാണ്ടുകളായി മലയന്‍ സമുദായം ചെയ്തു പോരുന്ന കുലത്തൊഴില്‍ തീയ്യ ക്ഷേമസഭ ഏറ്റെടുത്ത് സ്വന്തം സമുദായത്തെ കൊണ്ടു ചെയ്യിപ്പിക്കുക വഴി ഒരു സമുദായത്തിന്റെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം ലംഘിക്കുകയാണ്.
കേരളത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും അവരവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടിച്ചു സമരം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ സമൂഹത്തില്‍ ഒരു പറ്റം മനുഷ്യരെ മാറ്റി നിര്‍ത്തിയപ്പോള്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്‍കി നവോത്ഥാനത്തിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുദേവനാണ്.
ഗുരുവിന്റെ അനുയായികള്‍ ഇന്ന് ജാതിയുടെ പേരില്‍ സംഘടിച്ച് പഴയ കാല മേല്‍ക്കോയ്മ പുനര്‍ സൃഷ്ടിക്കാന്‍ പട്ടികജാതിയില്‍പ്പെട്ട മലയ സമുദായത്തിന്റെ കുലത്തൊഴില്‍ നിഷേധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തികച്ചും അപലപനീയമാണ്. ഇതിനെ നിയമപരമായി സംഘടന നേരിടുമെന്ന് സംസ്ഥാന മലയന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അനിഷ് പണിക്കര്‍, ഭാരവാഹികളായ സിപി പ്രകാശന്‍, പവിത്രന്‍ പള്ളിക്കുന്നോന്‍, ഉത്തമന്‍ ആലക്കാട്, പി കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.