Disaster | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം സമാനതകളില്ലാത്തത്; പൊലിഞ്ഞത് 251 ജീവനുകള്‍, കാണാതായത് 47 പേരെ; പ്രതിപക്ഷത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി


● ആര്‍മി, വ്യോമസേന എന്നിവയുടെ സഹായം ലഭ്യമാക്കാനും ബെയ് ലി പാലം എത്തിക്കാനും സാധിച്ചു
● ദുരിതബാധിതരെ പാര്‍പ്പിക്കുന്നതിന് സ്‌കൂളുകളിലും മറ്റുമായി ക്യാമ്പുകള്‍ ആരംഭിച്ചു
● ആകെ 2,500 ല്‍ പരം ആളുകളെ ദുരന്ത ബാധിത പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു
തിരുവനന്തപുരം: (KVARTHA) മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തെ കുറിച്ച് സഭയില്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം മുഖ്യമന്ത്രി വിശദമായി തന്നെ പ്രതിപക്ഷത്തിന് മുന്നില്‍ അവതരിപ്പിച്ചു. ടി സിദ്ദീഖാണ് വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ദുരന്തം പശ്ചാത്തല വിവരണം
2024 ജൂലൈ 30 ന് പുലര്‍ച്ചെ വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചത്. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച മേപ്പാടി ദുരന്തത്തില്‍ 251 ജീവനുകള്‍ നഷ്ടപ്പെടുകയും, 47 വ്യക്തികളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ദുരന്ത തീവ്രത സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നേരത്തെ തന്നെ സഭയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര രക്ഷാപ്രവര്‍ത്തനം:
2024 ജൂലൈ 30ന് പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ എന്ന് സംശയിക്കുന്ന ശബ്ദം കേട്ട ഉടനെ നാട്ടുകാരുടേയും ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലനം സിദ്ധിച്ച ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടേയും നേതൃത്വത്തില്‍ ഉടനടി രക്ഷാപ്രവര്‍ത്തനവും ആളുകളെ ഒഴിപ്പിക്കലും ആരംഭിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും, ജനപ്രതിനിധികളും രക്ഷാപ്രവര്‍ത്തനനങ്ങളില്‍ പങ്കാളികള്‍ ആകുകയും, നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. തുടര്‍പ്രവര്‍ത്തനങ്ങളും നല്ല ഏകോപനത്തോടെ നടത്തുകയുണ്ടായി.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം വയനാട് ജില്ലയില്‍ ഉള്‍പ്പടെ മുന്‍കൂറായി വിന്യസിച്ചിരുന്ന ദേശീയ ദുരന്ത നിവാരണ സേന പുലര്‍ച്ചെ 4.30ഓട് കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മി, വ്യോമസേന എന്നിവയുടെ സഹായം ലഭ്യമാക്കാനും ബെയ് ലി പാലം രാവിലെ 11.45ന് എത്തിക്കാനും സാധിച്ചു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഉടന്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയും സൈന്യത്തിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബെയ്‌ലി പാലം നിര്‍മ്മാണം പൂര്‍ത്തികരിക്കുകയും ചെയ്തു. അത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി.
അടുത്ത ഘട്ടം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
കെ രാജന്‍, എകെ ശശീന്ദ്രന്‍, ഒആര്‍ കേളു, മുഹമ്മദ് റിയാസ് എന്നീ നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി ദുരന്തം നടന്ന ദിവസം മുതല്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതരെ പാര്‍പ്പിക്കുന്നതിന് വൈത്തിരി താലൂക്കിലെ വിവിധ സ്‌കൂളുകളിലും സ്ഥലങ്ങളിലുമായി ക്യാമ്പുകള്‍ ആരംഭിച്ചു. ആകെ 2,500 ല്‍ പരം ആളുകളെ ദുരന്ത ബാധിത പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു.
പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ എന്നിവരെല്ലാം തന്നെ ആദ്യഘട്ടം മുതല്‍ ഈ ദുരന്തവുമായി ബന്ധപ്പെട്ടിട്ടുള്ള ആശ്വാസനടപടികളില്‍ പൂര്‍ണ്ണമായി സഹകരിച്ചു. പ്രതിപക്ഷ നേതാവും ഉപനേതാവും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി നേതാക്കളും സാമുദായിക പ്രവര്‍ത്തകരും അവിടെയെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഏകോപനം, അടിസ്ഥാന വിവരശേഖരണം, വിശകലനം, അപഗ്രഥനം, റിപ്പോര്‍ട്ടിംങ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ജില്ലാതലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ദുരന്ത മേഖലയില്‍ റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തുറന്നു. ദുരന്ത ബാധിതര്‍ക്കായി കലക്ടറേറ്റില്‍ ഒരു സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുകയും ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
മാറ്റി പാര്‍പ്പിക്കാനുദ്ദേശിച്ച ആളുകള്‍ക്കായി 17 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ടുള്ള കുടുംബങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും സാധന സാമഗ്രികള്‍ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാ പ്രവര്‍ത്തനം നടന്നതുമായ സ്ഥലങ്ങളില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. 102 ഹരിത സേന അംഗങ്ങളും 70 ഓളം സന്നദ്ധസേന അംഗങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുകള്‍ക്ക് കൈമാറുകയും തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക സ്ഥലം ഏറ്റെടുത്ത് സംസ്‌കരിക്കുകയും ചെയ്തു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മരണ രജിസ്‌ട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും ദുരന്ത ബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍. സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭ്യമാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു.
ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയില്‍ വാടകയ്ക്ക് താമസിക്കാന്‍ അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുകയും മുഴുവന്‍ കുടുംബങ്ങളെയും 28 ദിവസത്തിനകം പുനരധിവസിപ്പിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും പുനരധിവസിപ്പിക്കുന്ന ആളുകള്‍ക്ക് അത്യാവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
വീടുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും വിതരണം ചെയ്തു. ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍ പി സ്‌കൂളും വെള്ളാര്‍മല, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്ത മേഖലകളിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുകയും സൗജന്യ യാത്ര സൗകര്യവും, പഠന സാമഗ്രികളുടെ ലഭ്യതയും ഉറപ്പു വരുത്തി. അമ്പതാംദിവസം തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.
ധനസഹായ വിതരണം
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ് ഡി ആര്‍ എഫില്‍ നിന്ന് 4 ലക്ഷവും സി എം ഡി ആര്‍ എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്. ഈയിനത്തില്‍ എസ് ഡി ആര്‍ എഫില്‍ നിന്ന് 5,24,00,000 രൂപയും എസ് ഡി ആര്‍ എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി.
ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഇതില്‍ 4,16,000 രൂപ എസ് ഡി ആര്‍ എഫില്‍ ല്‍ നിന്നും 13 ലക്ഷം രൂപ എസ് ഡി ആര്‍ എഫില്‍ നിന്നുമാണ് അനുവദിച്ചത്.
ദുരന്തത്തില്‍ ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രി വാസം ആവശ്യമായ രീതിയില്‍ പരുക്കേറ്റ എട്ട് പേര്‍ക്കായി എസ് ഡി ആര്‍ എഫില്‍ നിന്ന് 43,200 രൂപയും സി എം ആര്‍ ഡി എഫി ല്‍ നിന്ന് 4 ലക്ഷം രൂപയും അനുവദിച്ചു. ആകെ 4,43,200 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.
ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ നല്‍കി. എസ് ഡി ആര്‍ എഫില്‍ നിന്ന് 5000 രൂപയും സി എം ആര്‍ ഡി എഫി ല്‍ നിന്ന് 5000 രൂപയും വീതമാണ് നല്‍കിയത്. 1,01,30,000 രൂപ ഇതിനായി ചെലവഴിച്ചു.
ഉപജീവന സഹായമായി ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ സഹായം 60 ദിവസത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കുവാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.
കിടപ്പ് രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 33 ഗുണഭോക്താക്കള്‍ക്കായി പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.
722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്‍കി വരുന്നു. ആദ്യമാസ വാടക ആയി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകള്‍ നല്‍കി.
വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ശ്രുതിയുടെ കാര്യം നമുക്കറിയാം. ഒറ്റപ്പെട്ടുപോയ ആരുടെയെങ്കിലും കാര്യം ഇനിയും പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ അക്കാര്യവും പരിഗണിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 531.12 കോടി രൂപ ഇതുവരെ ലഭിച്ചു.
സംസ്ഥാന ദുരന്ത പ്രതിരോധ നിധിയില്‍ ലഭിച്ച സി എസ് ആര്‍ 3.5 കോടി രൂപ ഇതുവരെ ലഭിച്ചു.
സര്‍ക്കാര്‍ ഇതര സഹായങ്ങള്‍
ദുരന്തത്തിന്റെ വേളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ നല്ലവരായ നാട്ടുകാരും സ്ഥാപനങ്ങളും പ്രവാസി സമൂഹവും നമ്മെ സഹായിക്കാന്‍ മുന്നോട്ടുവന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സഹായവുമായി മുന്നോട്ടുവന്ന ചില സ്ഥാപനങ്ങളുടെ പേരുകള്‍ താഴെപ്പറയുന്നു:
1. രാഹുല്‍ ഗാന്ധി/കെപിസിസി - 100 വീടുകള്‍
2. ഡി വൈ എഫ് ഐ - 100 വീടുകള്‍
3. മുസ്ലീം ലീഗ് - 100 വീടുകള്‍
4. തണല്‍ - 100 വീടുകള്‍
5. നാഷണല്‍ സര്‍വ്വീസ് സ്‌കീം - 150 വീടുകള്‍
6. കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ - 100 വീട്
7. ശോഭ ഗ്രൂപ്പ് - 50 വീടുകള്‍
8. കെ.സി. ഈപ്പന്‍ (കെ.ജി.എ ഗ്രൂപ്പ്) - 50 വീടുകള്‍
9. എ.എം. വിക്രമരാജ വണിഗര്‍ സംഘം തമിഴ്നാട് - 40 വീടുകള്‍
10. ബിസിനസ്സ് ക്ലബ് കോഴിക്കോട് - 40 വീടുകള്‍
തുടങ്ങി ഇതുപോലെ ഒട്ടനേകം സ്ഥാപനങ്ങളും വ്യക്തികളും സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്.
ഇതുകൂടാതെ ടൗണ്‍ഷിപ്പിലേക്ക് ആവശ്യമായ ഹോസ്പിറ്റല്‍, സ്‌കൂള്‍, ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ മറ്റു ഇന്‍ഫ്രാസ്ട്രക്ചര്‍ പണിയുന്നതിനും ഓഫറുകള്‍ ലഭ്യമായിട്ടുണ്ട്. ടൗണ്‍ഷിപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കിയ ശേഷം ഓഫറുകള്‍ നല്‍കിയവരുമായി വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രായോഗികമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതാണ്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, മറ്റു സംസ്ഥാനങ്ങള്‍ നല്‍കിയ ധനസഹായങ്ങളാണ്.
ആന്ധ്രാപ്രദേശ്, തമിഴ് നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ 10 കോടിയും 5 കോടി വീതവും നല്‍കിയിട്ടുണ്ട്. മേഘാലയ 1 കോടി 35 ലക്ഷം, കര്‍ണ്ണാടക 1 കോടി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
കെ എസ് ഇ ബി - 10 കോടി
കല്യാണ്‍ ജ്വല്ലേഴ്സ് - 5 കോടി
രവി പിള്ള ഫൗണ്ടേഷന്‍ - 5 കോടി
അദാനി ഗ്രൂപ്പ് - 5 കോടി
ലുലു ഗ്രൂപ്പ് - 5 കോടി
കേരള ബാങ്ക് 5 കോടി
തൃശൂര്‍ മുനിസിപ്പാലിറ്റി - 5 കോടി
കേരള നഴ്സസ് & മിഡ് വൈവ്സ് കൗണ്‌സില്‍ - 5 കോടി
കെ.എസ്.എഫ്.ഇ - 5 കോടി
എല്‍ & ടി - 3.5 കോടി
കേന്ദ്രസഹായത്തിനുള്ള ഉദ്യമം
സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുകയും പ്രധാനമന്ത്രിയെ 27.08.2024 ന് നേരില്‍കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി അനുമാനിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെമ്മോറാണ്ടം ഓഗസ്റ്റ് 17ആം തീയതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.
വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു വെങ്കിലും ദുരന്തത്തിന്റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ 03.10.2024-ന് മന്ത്രിസഭായോഗം തീരുമാനിക്കുകയും, ഡെല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ശ്രീ. കെ.വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി.
ദുരന്ത ഘട്ടങ്ങളില്‍ കേന്ദ്രസഹായം വേണ്ടരീതിയില്‍ ലഭിക്കാത്ത ദുരനുഭവങ്ങള്‍ നമുക്കുണ്ട്. ലോകത്തിന്റെ ആകെ ശ്രദ്ധയിലുള്ള നമ്മുടെ നാടിനെ ഏറ്റവും ഗുരുതരമായി ബാധിച്ച വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അത്തരം അനുഭവം ആവര്‍ത്തി ക്കാതിരിക്കുക പ്രധാനമാണ്. കേന്ദ്രസഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും നമുക്കുള്ളത്.
ഹൈക്കോടതി ഇടപെടല്‍
മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി എടുത്തിട്ടുള്ള സ്വമേധയാ കേസ് നമ്പര്‍ WP (ഇ) 28509 OF 2024 ല്‍ സെപ്റ്റംബര്‍ 6 ആം തീയതി കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ വിധിയുടെ അവസാന ഖണ്ഡികയില്‍ കേരളം സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന്റെ വെളിച്ചത്തില്‍ ദുരന്ത ബാധിതരായ ആളുകളുടെ ലോണുകള്‍ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 13 അനുസരിച്ച് എഴുതിത്തള്ളുന്നതു സംബന്ധിച്ചും വിവിധങ്ങളായ മറ്റു ആവശ്യങ്ങള്‍ മെമ്മോറാണ്ടത്തില്‍ ഉന്നയിച്ചത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിനോട് വിശദമായ മറുപടി നല്‍കുവാന്‍ ബഹു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഈ മറുപടിക്കായി ഒക്ടോബര്‍ 18 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സുവോ മോട്ടോ കേസില്‍ ഒക്ടോബര്‍ 4-ആം തീയതിയിലെ വിധിയില്‍ കേന്ദ്ര സര്‍ക്കാരിനോട് 18 ആം തീയ്യതിക്കുള്ളില്‍ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അധിക സഹായം നല്‍കുന്നത് സംബന്ധിച്ചു അടിയന്തര തീരുമാനം കൈക്കൊണ്ട് കോടതിയെ അറിയിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. അമിക്കസ്‌ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് കേന്ദ്ര സര്‍ക്കാരിനോട് ബഹുമാനപ്പെട്ട ഹൈക്കോടതി ഇത്തരം നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുള്ളത്.
വ്യാജ വാര്‍ത്താ നിര്‍മ്മിതിയും യാഥാര്‍ത്ഥ്യങ്ങളും
ഇതിനിടയില്‍ ചില മാധ്യമങ്ങള്‍ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റഡ് തുകയെ വക്രീകരിച്ച് അവതരിപ്പിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തി. കോടതി തന്നെ ഇത്തരം മാധ്യമ രീതികളില്‍ ഉള്ള അനിഷ്ടം 10-10-2024ല്‍ പുറപ്പെടുവിച്ച വിധിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഈ പ്രവണത അത്യന്തം അപലപനീയമാണ്.
കേന്ദ്ര സര്‍ക്കാര്‍ 2024 ഓഗസ്റ്റ് 14ന് പുതുതായി ദുരന്ത പ്രതികരണ-പ്രതിരോധ നിധിയുടെ മനദണ്ഡത്തില്‍ കൊണ്ടുവന്ന ഒരു നടപടിക്രമം ആണ് Post Disaster Needs Assessment. ഈ പ്രക്രിയയുടെ ഭാഗമായ ഫീല്‍ഡ് പഠനം കേന്ദ്ര-സംസ്ഥാന വിദഗ്ദ്ധര്‍ അടങ്ങിയ സംഘം പൂര്‍ത്തീകരിച്ചു.
നിലവില്‍ റിപോര്‍ട്ട് റിവ്യു ഘട്ടത്തില്‍ ആണ്. ഈ മാസം അവസാനത്തോടെ ഈ പുതിയ നടപടിക്രമം അനുസരിച്ചുള്ള റിപ്പോര്‍ട്ടും നല്‍കുവാന്‍ സാധിക്കും. പുനര്‍നിര്‍മ്മാണത്തിന് സഹായം നല്‍കുവാന്‍ ഈ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഈ വര്‍ഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്. ഇത് 291.2 കോടി രൂപയാണ്. കൂടാതെ മേപ്പാടി പഞ്ചായത്തില്‍ 50ല്‍ അധിക തോഴില്‍ ദിനങ്ങളും അനുവദിച്ചു. എന്നാല്‍ അധിക അടിയന്തിര സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ഇത് വരെ ലഭിച്ചിട്ടല്ല. ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു ദുരന്തം എന്ന നിലയില്‍ കേരളത്തിന് അധിക സഹായം അനുഭാവപൂര്‍വം നല്‍കും എന്ന് തന്നെ ആണ് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.
പുനരധിവാസത്തിനുള്ള നടപടികള്‍
ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മികച്ച പുനരധിവാസം ഉറപ്പാക്കുന്നതിന് 29.08.2024-ന് സര്‍വ്വകക്ഷിയോഗം ചേരുകയുണ്ടായി. യോഗത്തില്‍ എല്ലാ കക്ഷികളും ഒരേ വികാരമാണ് പ്രകടിപ്പിച്ചത്. ആഗസ്റ്റ് 23 ന് മേപ്പാടിയില്‍ എംഎല്‍എമാര്‍, ദുരന്തബാധിത പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള മുഴുവന്‍ ജനപ്രതിനിധികള്‍, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പുനരധിവാസത്തെക്കുറിച്ച് അവരുടെ അഭിപ്രായം കൂടി അറിയുന്നതിന് ജനകീയ യോഗം സംഘടിപ്പിച്ചു. ഈ യോഗത്തില്‍ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പുനരധിവാസത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ തയ്യാറാവുന്ന ആദ്യ അനുഭവമായിരുന്നു ഇത്.
സമഗ്രവും സര്‍വതലസ്പര്‍ശിയുമായ പുനരധിവാസമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്കുവച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമ രൂപം നല്കുക.
ദുരന്തം ബാക്കിയാക്കിയവരെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായി ജീവിതം വീണ്ടെടുത്ത് നല്‍കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്പ്പറ്റ മുനിസിപാലിറ്റിയിലെ എല്‍സ്റ്റാണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ കാലതാമസം കൂടാതെ ഏറ്റെടുക്കുന്നതിന് ദുരന്തനിവാരണ നിയമം പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭാവിയില്‍ രണ്ടാമത്തെ നില കൂടി പണിയുന്നതിന് സൗകര്യമുള്ള രീതിയില്‍ 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടുകളാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും ഉറപ്പാക്കും. വനിതകള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്കും. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും പാക്കേജിന്റെ ഭാഗമായി പരിഗണിക്കും.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരടുപട്ടിക ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുനരധിവാസ പാക്കേജില്‍ ജീവനോപാധികള്‍ ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്പ്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെക്കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.
പുനരധിവാസ പദ്ധതികളുടെ പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി (പിഎംസി) സര്‍ക്കാര്‍ അംഗീകരിച്ച നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് കിഫ്ബി മുഖേന മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നു. വിവിധ മേഖലകളില്‍ ആവശ്യമായി വരുന്ന വിദഗ്ദ്ധരുടെ സേവനവും ഉപയോഗിക്കുന്നതാണ്. ഇതിനായി മറ്റു വകുപ്പുകളില്‍ (പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, തദ്ദേശസ്വയംഭരണ വകുപ്പ്, ടൗണ്‍ പ്ലാനിംഗ് വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ് മെന്റ് വകുപ്പ് മുതലായവ) നിന്നും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആയിരിക്കും പദ്ധതികളുടെ നിര്‍വ്വഹണം നടത്തുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ഉന്നത അധികാര സമിതി ആയിരിക്കും പദ്ധതിക്ക് മേല്‍നോട്ടം നല്‍കുന്നത്.
രണ്ടു ടൗണ്‍ഷിപ്പിലും കൂടി ഏകദേശം 1000 വീടുകള്‍ പണിയുവാനാണ് ലക്ഷ്യം ഇടുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബങ്ങളുടെ സമ്പൂര്‍ണ പുനരധിവാസം വേണ്ടിവരുന്ന എണ്ണം പൂര്‍ണമായിട്ട് തിട്ടപ്പെടുത്തിയതിനു ശേഷം, കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടുന്ന ആവശ്യം വന്നാല്‍, അതിനുവേണ്ടി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുവാനും ഉദ്ദേശിക്കുന്നു.
പദ്ധതി നിര്‍വഹണ സമയം ചുരുക്കുവാനായി ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ടു ലൊക്കേഷനുകളുടെയും ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയ്ക്കും ലിഡാര്‍ സര്‍വെയ്ക്കുമുള്ള കരാര്‍ ഉടന്‍ നല്കുന്നതാണ്. പദ്ധതികള്‍ ടെണ്ടര്‍ വഴി നല്‍കുന്നതിന് മുന്നോടിയായി സര്‍വ്വേകള്‍ പൂര്‍ത്തീകരിക്കുന്നു വഴി മൊത്തം നിര്‍വഹണ സമയത്തില്‍ മൂന്നു മാസം സമയം ലഭിക്കുവാന്‍ കഴിയും എന്ന് ഉദ്ദേശിക്കുന്നു.
എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയിലാണ് പദ്ധതികള്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഇപിസി ടെന്‍ഡര്‍ രേഖകള്‍ 2024 നവംബര്‍ 15-നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും എല്ലാ നിര്‍മാണങ്ങളും നടത്തുന്നത്.
നിലവില്‍ സര്‍വെ നടപടികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭ്യമായശേഷം ഒരാഴ്ചക്കകം പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്യുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 31-നോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്ന് കരുതുന്നു.
പദ്ധതിക്കായി സാധന സാമഗ്രികളായി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരില്‍ നിന്ന് അവ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ സൃഷ്ടിക്കും.
രണ്ട് ടൗണ്‍ഷിപ്പുകളിലെയും വീടുകളുടെയോ മറ്റ് സൗകര്യങ്ങളോടെയോ പൂര്‍ത്തീകരണത്തിന് പണമായി സംഭാവന നല്‍കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് , അവരുടെ സഹായം നല്‍കുവാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അവരുമായി പ്രത്യേക ചര്‍ച്ച നടത്തി വിശദാംശങ്ങള്‍ തീരുമാനിക്കും.
ദുരന്തത്തില്‍ ജീവനോപാധികളും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ട അതിജീവിതര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഈ അവസ്ഥ മറികടക്കാനായി സൈക്കോ സോഷ്യല്‍ കൗണ്‍സലിംഗ് നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് സംവിധാനങ്ങളുടെ ശാക്തീകരണം
ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ദുരന്ത സാധ്യത സംബന്ധിച്ച അറിവ്, അവയുടെ സാധ്യത സംബന്ധിച്ച പ്രവചനം എന്നിവ നല്‍കാന്‍ രാജ്യത്ത് ചുമതലപ്പെടുത്തിയിരിക്കുന്നത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. ജൂലൈ 29 ന് ഉച്ചക്ക് 2 മണി വരെയോ അതിന്റെ മുന്നേയുള്ള ദിവസങ്ങളിലോ ജൂലൈ 29, 30 തീയതികളില്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് ഉരുള്‍പൊട്ടല്‍ പ്രവചിക്കപ്പെട്ടിട്ടില്ല.
മഴയുടെ കാര്യത്തില്‍ പ്രവചനം നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും ജില്ലാടിസ്ഥാനത്തിലുള്ള അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭ്യമാക്കുന്നത്. ഇതുപ്രകാരം ജൂലൈ 27 ന് പുറപ്പെടുവിച്ച 5 ദിവസത്തെ മഴ സാധ്യത പ്രവചനപ്രകാരം ജൂലൈ 28 ന് വയനാട് ജില്ലക്ക് മഞ്ഞ അലേര്‍ട്ടും കോഴിക്കോട് ജില്ലക്ക് ഓറഞ്ച് അലേര്‍ട്ടും നല്‍കിയിരുന്നു.
ജൂലൈ 28 ന്റെ പ്രവചനത്തിലും മുന്നറിയിപ്പ് അതേപടി തുടരുകയും ജൂലൈ 29, 30 തീയതികളിലേക്ക് കോഴിക്കോട് വയനാട് ജില്ലകള്‍ക്ക് മഞ്ഞ അലേര്‍ട്ട് മാത്രം നല്‍കുകയും ചെയ്തു. ദുരന്തത്തിനു മുമ്പ് റെഡ് അലര്‍ട്ട് നല്‍കപ്പെട്ടിരുന്നില്ല.
മേല്‍കാര്യങ്ങള്‍ വെളിവാക്കുന്നത് നമ്മുടെ ദുരന്തപ്രവചന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും ശാക്തീകരണവും അനിവാര്യമാണെന്നാണ്. ഇക്കാര്യം 10.08.2024 ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു.
എംഎല്‍എ - എംപി ഫണ്ട് വിനിയോഗം
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷ രൂപ വരെ വിനിയോഗം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ദുരിതാശ്വാസത്തിനായി തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.
ദുരന്തബാധിത കുടുംബങ്ങള്‍ക്കായുള്ള മൈക്രോ പ്ലാന്‍
ഓരോ കുടുംബങ്ങളുടെയും ജീവിതാവസ്ഥ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് അതിവേഗം എത്തിക്കുന്നതിനായി കുടുംബാധിഷ്ട മൈക്രോ പ്ലാന്‍ തയ്യാറാക്കി വരുന്നു. ജില്ലാ ഭരണകൂടം, കുടംബശ്രീ മിഷന്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെപ്തംബര്‍ 9 ന് വയനാട് കല്‍പ്പറ്റയില്‍ വെച്ച് കണ്‍സള്‍ട്ടേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും മൈക്രോ പ്ലാന്‍ ഉടന്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
വയനാടിനെയും ദുരന്തബാധിതരായ ജനങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും സഹായ വാഗ്ദാനങ്ങളുടെ പ്രവാഹമാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും സ്ഥാപനങ്ങളും സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നു. ഇതുവരെ ലഭിച്ച സഹായ വാഗ്ദാനങ്ങളുടെ പട്ടിക ഇവിടെയുണ്ട്. ഇവരെയെല്ലാം യോജിപ്പിച്ചുകൊണ്ട് ഈ ദുരിതമനുഭവിക്കുന്ന ജനതയെ ജീവിതത്തിന്റെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
അത് വളരെ എളുപ്പം ചെയ്തുതീര്‍ക്കാവുന്ന ഒന്നല്ല എന്ന ധാരണ സര്‍ക്കാരിനുണ്ട്. എല്ലാവരുടെയും സഹകരണം അതിനാവശ്യമാണ്. അതിന് പ്രതിപക്ഷ കക്ഷികള്‍ക്കും വലിയ പങ്കുവഹിക്കാനാവും. ആ ഉദ്യമത്തില്‍ പൂര്‍ണ്ണ സഹകരണം മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്നും അഭ്യര്‍ഥിക്കുകയും ചെയ്തു.
#MundakkaiLandslide #KeralaDisaster #WayanadTragedy #RescueOperations #DisasterRelief #KeralaNews