മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടി: കേരളത്തില്‍ ഭീതി; തമിഴ്‌നാട്ടില്‍ ആഹ്ലാദം
Nov 21, 2014, 10:37 IST
ഇടുക്കി: (www.kvartha.com 21.11.2014) കേരളത്തിന് ഭീതിയും തമിഴ്‌നാടിന് ആഹ്ലാദവും പകര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ 142 അടിയിലെത്തി. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 35 വര്‍ഷത്തിന് ശേഷം ജലനിരപ്പ് 142 അടിയിലെത്തിയത്. വെളളിയാഴ്ച രാവിലെ തേനി ജില്ലാ കലക്ടര്‍ ഇക്കാര്യം ഫാക്‌സ് മുഖേന ഇടുക്കി കലക്ടറെ അറിയിക്കുകയായിരുന്നു.
ഡാം നിറഞ്ഞിട്ടും ഷട്ടര്‍ തുറക്കാതെ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടുകയാണ് തമിഴ്‌നാട് ചെയ്തിരിക്കുന്നത്. സെക്കന്റില്‍ 1400 ഘനയടി ഡാമിലേക്ക ഒഴുകിയെത്തുമ്പോള്‍ 1850 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നു. നീരൊഴുക്ക് രണ്ടായിരം ഘനയടിയിലെത്തിയാലേ ഷട്ടര്‍ തുറക്കൂ എന്ന് തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പ് 142 അടിയിലെത്തിയതിന്റെ ആഹ്ലാദമാണ് തമിഴ്‌നാട്ടിലെങ്ങും.
വ്യാഴാഴ്ച തമിഴ്‌നാട് വെളളം കൊണ്ടുപോകുന്നത് നിര്‍ത്തുകയും രാത്രി വൃഷ്ടിപ്രദേശത്ത് മഴ പെയ്യുകയും ചെയ്തിരുന്നു. ഡാം നിറഞ്ഞതിന് ശേഷമാണ് വെളളം കൊണ്ടുപോകുന്നത് പുനരാരംഭിച്ചത്. 1979ലാണ് അപകടാവസ്ഥ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്നും 136 ആയി താഴ്ത്തിയത്. ഇതിനെതിരെ മൂന്നര പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ മെയിലാണ് തമിഴ്‌നാടിന് അനുകൂല വിധി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്.
ഇടുക്കി ജില്ലാ ഭരണകൂടം സ്വീകരിച്ചതായി പറയുന്ന സുരക്ഷാ നടപടികളൊന്നും പെരിയാര്‍ തീരത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ പര്യാപ്തമായിട്ടില്ല. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ വില്ലേജുകളിലായി 17 ക്യാംപുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളാരും അവിടേക്ക് എത്തിയിട്ടില്ല. തമിഴ്‌നാട് ജാഗ്രതാ നിര്‍ദേശം നല്‍കിയാലുടന്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നു ഇടുക്കി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ പറയുന്നു.
തമിഴ്‌നാട് കേരളത്തെ ഭയപ്പെടുത്തുന്നതായി മേല്‍നോട്ട സമിതിയിലെ കേരള പ്രതിനിധി വി.ജെ. കുര്യന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ശേഷം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറിലെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോവണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് കൂട്ടാക്കുന്നില്ല. വൈഗയിലിപ്പോള്‍ സംഭരണ ശേഷിയുടെ 37 ശതമാനം മാത്രമാണ് വെള്ളമുള്ളത്. 3.5 ടി.എം.സി വെള്ളം കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷി വൈഗക്ക് ഉണ്ട്. പ്രധാന അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്കു വരുന്ന സീപ്പേജ് വെള്ളത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വി ജെ കുര്യന്‍ പറഞ്ഞു. 136 അടി ജലനിരപ്പില്‍ മിനിറ്റില്‍ 80 ലിറ്റര്‍ വെള്ളമായിരുന്നു പുറത്തേയ്ക്കു വന്നിരുന്നത്. 141.8 അടിയില്‍ ഇത് 150 ലിറ്ററായി വര്‍ധിച്ചു.
വനംവകുപ്പ് മേധാവി വി. ഗോപിനാഥ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനായി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് 3000 ഏക്കറോളം വനം വെള്ളത്തിനടിയിലായിട്ടുണ്ട്. ഇത് എത്രത്തോളം വനമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ശകുന്തളക്കാട്, അഞ്ചുരുളി ഉള്‍പ്പെടെയുള്ള മേഖലയില്‍ നേരിട്ടെത്തി പരിശോധന നടത്തി.
പെരിയാര്‍ തീരവാസികളെ 20 കുടുംബങ്ങള്‍ അടങ്ങിയ ക്ലസ്റ്ററുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണം. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന അടിയന്തര സാഹചര്യത്തില്‍ അപായ സൂചനയായി സൈറണ്‍ മുഴക്കും. മൂങ്കലാര്‍, അരണിയ്ക്കല്‍, വാളാടി എസ്‌റ്റേറ്റുകളിലെ ഫാക്ടറി സൈറണുകള്‍ അപായ സൂചന നല്‍കാനായി ഉപയോഗിക്കും. തൊഴിലാളികള്‍ക്ക് പതിവായി സൈറണ്‍ മുഴക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രത്യേക രീതയിലുള്ള സൈറണ്‍ തുടര്‍ച്ചയായി മുഴക്കും. ഇവ രണ്ട് മിനിറ്റ് ഇടവിട്ട് ആവര്‍ത്തിക്കും. ഇത് മുന്നറിയിപ്പായി കണക്കാക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
ജനങ്ങളുടെ ആശങ്കകള്‍ തരണം ചെയ്യുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനുമായി പ്രത്യേക സംഘം എത്തി. സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ശേഖര്‍ എല്‍. കുര്യാക്കോസ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഡോ. ജോണ്‍ മത്തായി, പ്രദീപ്. ജി.എസ്, നിഷാന്ത് മോഹന്‍, സുഭാഷ് കൃഷ്ണന്‍, എസ്.കെ. ജയദേവ് തുടങ്ങിയവര്‍ അംഗങ്ങളാണ്. ദുരന്ത സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിസന്ധികളെ മറികടക്കാനുള്ള മാനസിക പരിശീലനവും തയ്യാറെടുപ്പും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കൗണ്‍സിലിങ്ങും ഇവര്‍ നല്‍കും.
ഇതിനിടെ തമിഴ്‌നാട്ടിലെ ലോവര്‍ ക്യാംപില്‍ വന്‍ കര്‍ഷക സംഗമത്തിനുളള ഒരുക്കങ്ങള്‍ നടക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പായതിന്റെയും തമിഴ്‌നാടിന് കൂടുതല്‍ വെളളം കിട്ടുന്നതിന്റെയും ആഹ്ലാദത്തിലാണ് സംഗമം.
നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കുന്നതിനും മുന്‍കരുതല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ജോയ്‌സ് ജോര്‍ജ് എം.പി. ആരോപിച്ചു.
Keywords: Idukki, Mullaperiyar Dam, Kerala, Water, Tamil Nadu, Water Level.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.