മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നത് ചരിത്ര ദിനത്തില്‍; 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടത് ഇതേദിനത്തില്‍

 


ഇടുക്കി: (www.kvartha.com 28.10.2021) ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച വീണ്ടും തുറന്നത് ചരിത്ര ദിനത്തില്‍. 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1886 ഒക്ടോബര്‍ 29) ഇതേ ദിനത്തിലാണ് പെരിയാര്‍ പാട്ടക്കരാര്‍ തിരുവിതാംകൂര്‍ മഹാരാജാവും ബ്രിടിഷ് സര്‍കാരും തമ്മില്‍ ഒപ്പിട്ടത്. 

വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് രണ്ട് ഷടറുകള്‍ തുറന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നത് ചരിത്ര ദിനത്തില്‍; 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടത് ഇതേദിനത്തില്‍

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ അണക്കെട്ട് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തമിഴ് നാട്ടിലെ ഉന്നത ഉദ്യോഗസ്ഥ സംഘം എത്താന്‍ അല്‍പം വൈകിയതാണ് ഡാം തുറക്കാന്‍ വൈകിയത്. മഴ ഇല്ലാത്തതും അനുകൂലമായി. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്.

ചെറിയ തോതിലുള്ള വെള്ളമാണ് ഒഴുക്കിവിടുന്നത്. ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെരിയാര്‍ പാട്ടക്കരാര്‍

1886 ഒക്ടോബര്‍ 29 നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള 'പെരിയാര്‍ പാട്ടക്കരാര്‍' ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രടെറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാര്‍ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാര്‍ ഉണ്ടാക്കിയത്.

പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറില്‍ പറയുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചനപദ്ധതിക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൂര്‍ണ അധികാരം മദിരാശി സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതായും കരാറില്‍ പറയുന്നു. നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏകര്‍ സ്ഥലവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഏകര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയത്.

പെരിയാര്‍ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സര്‍കാറിന് നല്‍കിയതായും കരാറില്‍ പറയുന്നു. 999 വര്‍ഷത്തേക്കാണ് കരാര്‍. മദ്രാസ് സര്‍കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കേണ്ടിവരും. പാട്ടത്തുകയായി വര്‍ഷത്തില്‍ ഏകറിന് അഞ്ച് രൂപതോതില്‍ 40,000 രൂപയാണ് തിരുവിതാംകൂറിന് നല്‍കാന്‍ നിശ്ചയിച്ചത്.

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തില്‍ തര്‍കമുണ്ടായാല്‍ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആര്‍ബിട്രേറ്റര്‍മാരൊ അമ്പയര്‍മാരോ ഉള്‍പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ല്‍ കരാര്‍ ഒപ്പിട്ട് അടുത്തവര്‍ഷം 1887 സപ്തംബറില്‍ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി.

Keywords:  Mullaperiyar dam spillway opens in historic day, Idukki, News, Mullaperiyar Dam, Trending, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia