C P M | നേതാക്കള്‍ തമ്മില്‍ വാഗ്വാദം, സിപിഎമ്മിലെ ആന്തരിക വൈരുദ്ധ്യത്തെ കലുഷിതമാക്കുന്നു; മുഹമ്മദ് റിയാസിനെ തൊട്ടുകളിച്ച കടകംപള്ളിയെ പഞ്ഞിക്കിട്ട് പാര്‍ട്ടി നേതൃത്വം
Feb 13, 2024, 19:58 IST
/ നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) നേതാക്കള്‍ തമ്മിലുളള ചേരിപ്പോര് സി.പി.എമ്മിലെ ആന്തരിക വൈരുദ്ധ്യത്തെ കലുഷിതമാക്കുന്നു. രണ്ടു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തമ്മില്‍ തെരുവില്‍ പരസ്യപ്രസ്താവനയുമായി ഏറ്റുമുട്ടിയത് സി.പി.എമ്മിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെയില്ലാത്തതാണ്. പിണറായി വിഭാഗത്തില്‍ തന്നെ ചേരിപ്പോര് പലജില്ലകളിലും ശക്തമാണിപ്പോള്‍. ഒടുവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്നെ ഇരുവരും ശാസന കേള്‍ക്കേണ്ടിയും വന്നു.
കണ്ണൂര്‍: (KVARTHA) നേതാക്കള്‍ തമ്മിലുളള ചേരിപ്പോര് സി.പി.എമ്മിലെ ആന്തരിക വൈരുദ്ധ്യത്തെ കലുഷിതമാക്കുന്നു. രണ്ടു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തമ്മില്‍ തെരുവില്‍ പരസ്യപ്രസ്താവനയുമായി ഏറ്റുമുട്ടിയത് സി.പി.എമ്മിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെയില്ലാത്തതാണ്. പിണറായി വിഭാഗത്തില്‍ തന്നെ ചേരിപ്പോര് പലജില്ലകളിലും ശക്തമാണിപ്പോള്‍. ഒടുവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്നെ ഇരുവരും ശാസന കേള്‍ക്കേണ്ടിയും വന്നു.
തലസ്ഥാനത്തെ റോഡ് പണി വിവാദത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ മൃദുവിമര്‍ശനം ഉയര്‍ന്നപ്പോള്‍ കടകം പളളിയെ കുരിശിലേറ്റുകയാണ് പാര്‍ട്ടി ചെയ്തതെന്നാണ് ആക്ഷേപം.
അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത്ക ടകംപള്ളിയാണെന്നായിരുന്നു കണ്ടെത്തല്‍. തങ്ങള്‍ ഭരണത്തിലിരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നുമാണ് കടകംപളളിക്കെതിരെയുളള സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം.
തലസ്ഥാനത്തെ തീരാത്ത റോഡ് പണി പോലെത്തന്നെയാണ് റോഡ് പണിയെ കുറിച്ച് പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദവും. തിരുവനന്തപുരം കോര്‍പറേഷന്റെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. അതിന് മറുപടിയെന്നോണമായിരുന്നു കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇരുവരുടെയും നടപടി അപക്വമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന പണി മൂന്ന് മാസം കൊണ്ട് തീര്‍ക്കാന്‍ ലക്ഷ്യമിട്ട് അതിവേഗം പുരോഗമിക്കുകയാണിപ്പോള്‍. ഇതിനിടക്ക് പൊതുജന പക്ഷത്ത് നിന്നെന്ന പേരില്‍ വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. പാര്‍ട്ടി ഭരണത്തിലിരിക്കുന്ന കോര്‍പറേഷനെയുംപൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു വിലയിരുത്തല്‍. മുതിര്‍ന്ന നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്ന അഭിപ്രായവും ഉയര്‍ന്നു.
അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സമിതിയില്‍ കാര്യമായ വിമര്‍ശനം ഉയര്‍ന്നതുമില്ല. വിവാദത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണത്തില്‍ അടക്കം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വിമര്‍ശനത്തെ പാര്‍ട്ടി നേതൃത്വം തള്ളുകയും ചെയ്തു. രണ്ടാംപിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ പ്രമുഖ റോള്‍ വഹിക്കുന്ന മന്ത്രിയാണ് മുഹമ്മദ് റിയാസ്. പാര്‍ട്ടിക്കുളളിലും മുഖ്യമന്ത്രിയുടെ മരുമകനെന്ന പ്രാമുഖ്യം റിയാസിനുണ്ട്. അതുകൊണ്ടു തന്നെ റിയാസിനെ ഒന്ന് തൊട്ടപ്പോള്‍ കൈപൊളളിയത് പിണറായി പക്ഷത്തെ പ്രമുഖനായ കടകം പള്ളിക്ക് തന്നെയാണെന്നാണ് വിലയിരുത്തൽ.
Keywords: News, News-Malayalam-News, Kerala, Politics, Muhammad Riyas response over criticism against Kadakampally Surendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.