മുഈൻ അലി കുടുംബത്തിന്റെ പാരമ്പര്യം ലംഘിച്ചു; വാര്‍ത്താസമ്മേളനം ശരിയായില്ലെന്നും സാദിഖലി തങ്ങള്‍

 


മലപ്പുറം: (www.kvartha.com 07.08.2021) പാണക്കാട് ഹൈദർ അലി  തങ്ങളുടെ മകനും യൂത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈൻ അലി തങ്ങളുടെ നടപടി കുടുംബത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതായിരുന്നില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

കുടുംബത്തിന്റെ കീഴ്വഴക്കം മുഈൻ അലി ലംഘിച്ചുവെന്നും അത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിനിടെ മുഈൻ അലിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉന്നതലയോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും ഇക്കാര്യം ഹൈദർ അലി ശിഹാബ് തങ്ങളെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തെ യോഗത്തിന്റെ വിലയിരുത്തല്‍ ധരിപ്പിക്കും. കുടുംബവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ഇക്കാര്യം ഈ വിധത്തില്‍ ചര്‍ച്ച ചെയ്തതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. 'ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചര്‍ച്ചയിലൂടെയുളള തീരുമാനം കുടുംബത്തിലെ മുതിര്‍ന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈൻ അലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

വിഷയം എന്തുതന്നെയായാലും അവിടെ ചെയ്തത് ശരിയോ തെറ്റോ എന്നാണ് കുടുംബം വിലയിരുത്തിയത്. അത് തെറ്റാണ് എന്നാണ് കുടുംബത്തിന്റെ വിലയിരുത്തല്‍. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ച ആരോപണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല' എന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതിനിടെ മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞതിന് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവിനെ പാര്‍ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മുഈൻ അലിക്കെതിരേ കേട്ടാലറയ്ക്കുന്ന തെറിവിളിയാണ് നടത്തിയത്. ലീഗ്ഹൗസില്‍ നിന്ന് പുറത്തിറങ്ങി വീണ്ടും മാധ്യമങ്ങളുമായി സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലീഗ് ഹൗസിലെ ജീവനക്കാര്‍ ചേര്‍ന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

'ചന്ദ്രിക' ദിനപത്രത്തിന്റെ അകൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദർ അലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോടിസ് ലഭിക്കാന്‍ കാരണം പി കെ കുഞ്ഞാലിക്കുട്ടിയും വി കെ ഇബ്രാഹിം കുഞ്ഞുമാണെന്നാണ് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈൻ അലി ശിഹാബ് തങ്ങള്‍ ആരോപിച്ചത്.

പാണക്കാട് ഹൈദർ അലി തങ്ങളുടെ മകനും യൂത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈൻ അലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങളുന്നയിച്ചത്. ചന്ദ്രികയുടെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു.

നോടിസ് ലഭിച്ചതിന്റെ പേരില്‍ ഹൈദർ അലി തങ്ങള്‍ക്ക് മാനസിക പ്രയാസമുണ്ടായതിനെത്തുടര്‍ന്ന് ഡെല്‍ഹിയില്‍ ചികിത്സതേടി. എന്നിട്ടും പ്രയാസം തീരാത്തതുകൊണ്ടാണ്

മുഈൻ അലി കുടുംബത്തിന്റെ പാരമ്പര്യം ലംഘിച്ചു; വാര്‍ത്താസമ്മേളനം ശരിയായില്ലെന്നും സാദിഖലി തങ്ങള്‍

കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. പാര്‍ടി ഫന്‍ഡ് ട്രഷററാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷേ, 40 വര്‍ഷമായി കുഞ്ഞാലിക്കുട്ടിയാണ് മുഴുവന്‍ പണവും കൈകാര്യം ചെയ്യുന്നത്. പാണക്കാട്ടെ കുടുംബത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും മുഈൻ അലി പറഞ്ഞിരുന്നു.

Keywords:  Mueen Ali Thangal violated family tradition; Sadiqali says the press conference was not right, Malappuram, News, Politics, Allegation, Press meet, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia