Shashi Tharoor | മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന കാര്യം ചിലര്‍ മറന്നുവെന്ന് കുറ്റപ്പെടുത്തല്‍; തിരുവനന്തപുരം കോര്‍പറേഷന് മുന്നിലെ യുഡിഎഫ് സമരവേദി സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി
Nov 24, 2022, 13:03 IST
തിരുവനന്തപുരം: (www.kvartha.com) മലബാര്‍ പര്യടനവും കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നുവെന്ന സൂചനകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ, തിരുവനന്തപുരം കോര്‍പറേഷനു മുന്നിലെ യുഡിഎഫ് സമരവേദി സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി. വ്യാഴാഴ്ച രാവിലെയാണ് ശശി തരൂര്‍ സമരവേദിയിലെത്തിയത്.
കോര്‍പറേഷനിലെ കത്തു വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചിലര്‍ അക്കാര്യം മറന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍കാരിനും സിപിഎമിനും എതിരായി ശശി തരൂര്‍ നിലപാടെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ്, കോര്‍പറേഷന്‍ ഓഫിസിനു മുന്നിലെ യുഡിഎഫ് സമരവേദിയിലേക്ക് ശശി തരൂര്‍ എത്തിയത്.
തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് ഇതുവരെ ഈ സമരത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതെന്ന് ശശി തരൂര്‍ സമരവേദിയില്‍ വ്യക്തമാക്കി. ഈ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കുക കൂടി ലക്ഷ്യമിട്ടാണ് കോര്‍പറേഷന് മുന്‍പില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചികാല സത്യാഗ്രഹ സമരത്തില്‍ തരൂര്‍ പങ്കെടുത്തത്.
'നവംബര്‍ ഏഴിന് മേയറിന്റെ രാജി ആവശ്യപ്പെട്ട ആദ്യത്തെ എംപിയും ആദ്യത്തെ നേതാവും ഞാനാണ്. ഇത് അന്നത്തെ പത്രങ്ങളിലെല്ലാം വന്നതുമാണ്. അക്കാര്യം ചിലരെങ്കിലും മറന്നുപോയി. വ്യക്തമായ ആലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഞാന്‍ ആ നിലപാട് സ്വീകരിച്ചത്. ഇന്ന് 24ാം തീയതിയായി. ആ നിലപാടില്‍ എനിക്ക് യാതൊരു ഖേദവുമില്ല' തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി തെറ്റു ചെയ്താല്‍ അദ്ദേഹത്തെ വിമര്‍ശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്ന് തരൂര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന സൂചനകള്‍ക്കിടെ, കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിനെതിരായ പടയൊരുക്കം ശക്തമാണ്. ഇതിന്റെ ഭാഗമായി, തരൂര്‍ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രകീര്‍ത്തിച്ചതും അദാനിയോടുള്ള സമീപനവുമൊക്കെ പാര്‍ടിയിലെ എതിര്‍പക്ഷം ചര്‍ചയാക്കുന്നുണ്ട്.
Keywords: MP Shashi Tharoor visited UDF protest site in front of Thiruvananthapuram Corporation, Thiruvananthapuram, News, Poltics, Protest, Resignation, Congress, Shashi Taroor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.