Wild Elephant | ബൈക് യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കണ്‍മുന്നില്‍ വന്യമൃഗത്തെ കണ്ട് ഭയന്ന് വിറച്ച് ഓടുന്നതിനിടെ ഒരാള്‍ താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കല്‍പറ്റ: (KVARTHA) മുത്തങ്ങയില്‍ ബൈക് യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കണ്‍മുന്നില്‍ വന്യമൃഗത്തെ കണ്ട് ഭയന്ന് വിറച്ച് ഓടുന്നതിനിടെ ഒരാള്‍ താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ ഇരുഭാഗത്തുനിന്നും ആനകള്‍ ഇവരുടെ അടുത്തേക്ക് ഓടി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആനകള്‍ ഇവരുടെ അടുത്തേക്ക് ഓടിയത്. ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ പൊന്‍കുഴിക്കും സംസ്ഥാന അതിര്‍ത്തിയായ മൂല ഹള്ളയ്ക്കും സമീപത്തുവച്ചാണ് സംഭവം. ബൈകിന് പിന്നിലെ കാറിലുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി മാടക്കര സ്വദേശികളാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്. ആനകള്‍ കാട്ടിലേക്ക് പിന്‍വാങ്ങിയതോടെ ഇവര്‍ യാത്ര തുടര്‍ന്നു. തമിഴ് നാട് സ്വദേശികളാണ് ആനയുടെ മുന്നില്‍പ്പെട്ടതെന്നാണ് നിഗമനം.