ആ ഉമ്മയെ മക്കളുടെ അടുത്തെത്തിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 22.09.2014) മക്കളെ വേര്‍പെട്ടതിനെ തുടര്‍ന്ന് മനോനില തെറ്റിയ ഒരു ഉമ്മയെ അവരുടെ മക്കളുടെ അരികിലെത്തിക്കാന്‍ ഏവരും പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയുള്ള കുറ്റിപ്പുറം എം.എല്‍.എ. ഡോ. കെ.ടി. ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായനക്കാരുടെ കണ്ണുനനയിപ്പിക്കുന്നു. പെറ്റ വയറിന്റെ വേദന വൈകാരികമായി ആവിഷ്‌ക്കരിക്കുകയും ആ വേദനമാറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു പൊതു പ്രവര്‍ത്തകന്റെ സത്യസന്ധതയും ഈ കുറിപ്പില്‍ കാണാം. ജലീല്‍ പറയുന്നതു പോലെ വായനക്കാരുടെ പരിശ്രമവും പ്രാര്‍ത്ഥനയും കൂടിയുണ്ടെങ്കില്‍ ആ മാതാവിനെ അവരുടെ മക്കളുടെ അടുത്തേക്ക് എത്രയും വേഗം എത്തിക്കാന്‍  സാധിക്കുക തന്നെ ചെയ്യും.

കെ.ടി. ജലീലിന്റെ പോസ്റ്റ്: ഒരു ട്രെയിന്‍ യാത്രയില്‍ കൂട്ടംതെറ്റി, ഒറ്റപ്പെട്ട് മനോനില നഷ്ടപ്പെട്ട ഷാജഹാബീഗം കോഴിക്കൊട്ടെത്തുകയും കുതിരവട്ടം മനോരോഗാശുപത്രിയിലെ ചികിത്സക്കൊടുവില്‍ പോലീസ് അവരെ തവനൂരിലെ വൃദ്ധസദനത്തിലെത്തിക്കുകയും ചെയ്തു . വിദ്യാര്‍ഥികള്‍ പഠന സന്ദര്‍ശനത്തിന്റെ ഭാഗമായി ഓള്‍ഡ് ഏജ് ഹോമിലെത്തുമ്പോഴൊക്കെ അവരില്‍ തന്റെ  പേരമക്കളെ തിരയുകയും കാണാതെ വരുമ്പോള്‍ നിരാശയോടെ പരിതപിക്കുകയും ചെയ്യുന്ന ആ അമ്മയെ എങ്ങിനെയെങ്കിലും അവരുടെ മക്കളുടെ അടുത്തെത്തിക്കാന്‍ ആവുന്നത് ചെയ്യാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങിനെയാണ് രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മാധ്യമം ലേഖകന്‍ സവാദിനെയും കൂട്ടി ഞാനും ഫൈസല്‍ തങ്ങളും ജുമാമസ്ജിദിന്റെ പരിസരത്തെത്തിയത് . അന്നാവട്ടെ സാമാന്യം നന്നായി അവിടെ മഴയും പെയ്തിരുന്നു . ഷാജഹാബീഗം പറഞ്ഞ വിവരമനുസരിച്ച് പല ഗല്ലികളിലും ഞങ്ങള്‍ പോയി. അവരുടെ ഫോട്ടോ കാണിച്ച് മക്കളെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഒരാളെക്കുറിച്ച് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ജുമാമസ്ജിദിന് മുമ്പിലുള്ള നമസ്‌ക്കാരപ്പള്ളികളിലെ ഇമാമുമാരെ കണ്ടു. അവരോടും തിരക്കി. പള്ളിയിലെ മൈക്കിലൂടെ അവരുടെ കുടുംബ വിവരങ്ങള്‍ പൊതുജനങ്ങള്‍ കേള്‍ക്കാന്‍ വിളിച്ച് പറഞ്ഞ് നോക്കി. എന്നിട്ടും ഫലമൊന്നും കണ്ടില്ല. നൂറുകണക്കിന് ഏക്കര്‍ വിസ്താരത്തില്‍ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന ജനത്തിരക്കുള്ള നഗരസമാനമായ ഒരു ദിക്കിലെ തിരച്ചില്‍ ഒന്നുമല്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

സഹായത്തിനുണ്ടായിരുന്ന മാലിക്ക് സാബ് ഞങ്ങളെ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഇങ്ങനെ ഒരാള്‍ മിസ്സായ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് രേഖകളെല്ലാം പരിശോധിച്ചശേഷം ബന്ധപ്പെട്ട എസ്.ഐ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഫോട്ടോയും മറ്റുവിവരങ്ങളും അവിടെ ഏല്‍പിച്ച് ഞങ്ങള്‍ നിരാശയോടെ മടങ്ങി. സ്‌റ്റേഷനില്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട നിക്‌സന്‍ എന്ന മലയാളി പോലീസ് ഓഫീസറെ മറക്കാനാവില്ല . മടങ്ങിയെത്തിയ ഞങ്ങള്‍ കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു. കണ്ണീര്‍ പൊഴിച്ച് യാചനാസ്വരത്തില്‍ ഷാജഹാബീഗം അപേക്ഷിച്ചത് മറ്റൊന്നുമായിരുന്നില്ല, അവരെ ജുമാമസ്ജിദിന്റെ അടുത്തൊന്നു കൊണ്ടുപോകുമോ എന്നായിരുന്നു. മക്കളെക്കാണാനുള്ള ഒരു പെറ്റമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേട്ടില്ലെന്ന് നടിച്ച് തിരിഞ്ഞ് നടക്കാന്‍ മനസ് സമ്മതിച്ചില്ല. ബലി പെരുന്നാള്‍ പിറ്റേന്ന് (ഒക്ടോബര്‍ 6 ന്) അവരെയും കൂട്ടി ഞങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയാണ്. ഒരുപാട് മനുഷ്യരെ പട്ടിണിയുടെ കയങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരുടെ കണ്ണുനീര്‍ നക്കിത്തുടക്കുകയും ചെയ്ത ചിരപുരാതനമായ ജുമാമസ്ജിദിന്റെ മിനാരങ്ങള്‍ ഷാജഹാബീഗത്തെ കൈവിടില്ലെന്ന പ്രതീക്ഷയോടെ. ആ ഉമ്മയെ അവരുടെ മക്കളുടെ അടുത്തെത്തിക്കണേയെന്ന് നിങ്ങളോരോരുത്തരും പ്രാര്‍ഥിക്കണം.
ആ ഉമ്മയെ മക്കളുടെ അടുത്തെത്തിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Facebook, Kozhikode, Mother, Kerala, KT Jaleel, Mother seeks finding of her relatives.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia