Criticism | ഗര്‍ഭസ്ഥശിശുവിന് പിന്നാലെ വെന്റിലേറ്ററിലായിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി 

 
Mother Died on Ventilator After Fetal Death Following Delivery Complications
Mother Died on Ventilator After Fetal Death Following Delivery Complications

Representational Image Generated By Meta AI

● പൊലീസിന് പരാതി നല്‍കി കുടുംബം
● ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍ 

കോഴിക്കോട്: (KVARTHA) പ്രസവത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ വെന്റിലേറ്ററിലായിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭപാത്രം തകര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. നിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. 

ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലായിരുന്നു അശ്വതിയെ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 


സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്:

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വേദന വരാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രിയോടെ വേദന അസഹനീയമായി. ഇതോടെ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ തയാറായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് കണ്ടത്. അല്‍പസമയത്തിന് ശേഷം ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നും അറിയിച്ചു. ഇതോടെ ഗര്‍ഭപാത്രം നീക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നാണ് ആരോപണം.

അതേസമയം, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അശ്വതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ സിസേറിയന്‍ നടത്താനുള്ള സാഹചര്യമില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

#MaternalDeath, #MedicalNegligence, #Kozhikode, #KeralaNews, #Healthcare, #VentilatorDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia