Demolished | കാലം സാക്ഷി, ചരിത്രം സാക്ഷി: നൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണൂര്‍ കോടതി കെട്ടിട സമുച്ചയം പൊളിച്ച് തുടങ്ങി
കണ്ണൂര്‍: (KVARTHA) കാലപ്രവാഹത്തില്‍ വികസനത്തിന് (Development) വഴി മാറിക്കൊണ്ട് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണൂര്‍ കോടതി കെട്ടിടം (Kannur Court Building) പൊളിച്ചു മാറ്റല്‍ (Demolished) പ്രവൃത്തി വീണ്ടും പുനരാംരംഭിച്ചു. കോടതികള്‍ക്കായി പുതിയ ബഹുനില കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള മുന്‍സീഫ് കോടതി കെട്ടിട സമുച്ചയം പൊളിച്ചു നീക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടം പൊളിച്ച് തുടങ്ങിയിരുന്നെങ്കിലും നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് നിലവിലുള്ള സൊസൈറ്റിയും മറ്റൊരു കംപനിയും തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പണി തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം മുടങ്ങി. നിയമ നടപടി പൂര്‍ത്തിയായതോടെയാണ് ഊരാളുങ്കല്‍ സൊസൈറ്റി തിങ്കളാഴ്ച രാവിലെ മുതല്‍ കെട്ടിടം പൊളി പുനരാംരംഭിച്ചത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാവിലെ തന്നെ കെട്ടിടം പൊളിക്കുന്നത് കാണാന്‍ കോടതി പരിസരത്തെത്തിയിരുന്നു. കുടുംബ കോടതി ജഡ്ജ് ആര്‍ എല്‍ ബൈജു, പ്രിന്‍സിപല്‍ മുന്‍സീഫ് സുഷമ, ജില്ലാ പഞ്ചായത് സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ ടി സരള, ലോയേഴ് സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബി പി ശശീന്ദ്രന്‍, ഊരാളുങ്കല്‍ സൊസൈറ്റി ഉദ്യോഗസ്ഥര്‍ -എന്നിവരുമായി സംസാരിച്ച ശേഷമാണ് മന്ത്രി തിരിച്ചു പോയത്. 1907 ല്‍ നിര്‍മിച്ച കെട്ടിടമാണ് ചരിത്രത്താളുകളിലേക്ക് മാറുന്നത്.
സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിടീഷ് നിയമസംഹിത അടിസ്ഥാനമാക്കിയുള്ള നിയമവിധികളും സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരമുള്ള വിധികളും പുറപ്പെടുവിപ്പിച്ച രാജ്യത്തെ അത്യപൂര്‍വ കോടതികള്‍ പ്രവര്‍ത്തിച്ചു വന്ന കോടതി കെട്ടിടമാണ് മണ്‍മറയുന്നത്.
ഓട് മേഞ്ഞ മേല്‍ക്കൂരയ്ക്ക് താഴെയായി പൂവോടുകള്‍ കൂടി പാകി നിര്‍മിച്ച കെട്ടിടത്തിന്റെ ചുവരുകള്‍ക്ക് സാധാരണ കെട്ടിടത്തിനെക്കാളും ഉയരമുണ്ട്. കൂടാതെ പ്രത്യേക രീതിയിലുള്ള വായു സഞ്ചാര ക്രമീകരണമാണ് കെട്ടിടത്തിന്റെത്. വൈദേശിക ഭരണകാലത്ത് ബ്രിടീഷുകാരായ ജഡ്ജിമാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് ഇവിടുത്തെ ചൂട് സഹിക്കാന്‍ വിഷമമായിരുന്നതിലാണ് അക്കാലത്ത് കെട്ടിട നിര്‍മാണത്തില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നത്.
കുമ്മായത്തില്‍ ചെങ്കല്‍ കല്ലുകളുപയോഗിച്ച് നിര്‍മിച്ച് കുമ്മായം കൊണ്ടുതന്നെ പ്ലാസ്റ്റിങ്ങും നടത്തിയതായിരുന്നു കെട്ടിടത്തിന്റെ ആദ്യ നിര്‍മിതി. പിന്നീട് പലപ്പോഴായി നവീകരണവും നടത്തിയിരുന്നു. കാലപ്പഴക്കം നേരിടുന്ന കെട്ടിടം പുതുതായി ഏഴ് നിലകളുള്ള കോടതി സമുച്ചയം പണിയാനാണ് പൊളിച്ച് നീക്കുന്നത്.