10-ാം ക്ലാസ് പാസാകാതെ പ്യൂണ്‍ തസ്തികയില്‍ ജോലി, അസിസ്റ്റന്റ് തസ്തികയില്‍ എത്തിയത് 7 വര്‍ഷത്തിനുള്ളില്‍; പരീക്ഷ പാസാക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയില്‍ നിന്നും 1.5 ലക്ഷം വാങ്ങിയത് സഹപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍; എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസ് എല്‍സിയില്‍ മാത്രം ഒതുക്കാതെ അന്വേഷണം മറ്റ് ജീവനക്കാരിലേക്കും തിരിച്ച് വിജിലന്‍സ്; തെളിവായി ഫോണ്‍ സംഭാഷണവും

 


കോട്ടയം: (www.kvartha.com 31.01.2022) എം ബി എ പരീക്ഷ പാസാക്കി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയില്‍ നിന്നും 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കഴിഞ്ഞദിവസം വിജിലന്‍സ് അറസ്റ്റുചെയ്ത എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന സി ജെ എല്‍സിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

10-ാം ക്ലാസ് പാസാകാതെ പ്യൂണ്‍ തസ്തികയില്‍ ജോലി, അസിസ്റ്റന്റ് തസ്തികയില്‍ എത്തിയത് 7 വര്‍ഷത്തിനുള്ളില്‍; പരീക്ഷ പാസാക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയില്‍ നിന്നും 1.5 ലക്ഷം വാങ്ങിയത് സഹപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍; എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസ് എല്‍സിയില്‍ മാത്രം ഒതുക്കാതെ അന്വേഷണം മറ്റ് ജീവനക്കാരിലേക്കും തിരിച്ച് വിജിലന്‍സ്; തെളിവായി ഫോണ്‍ സംഭാഷണവും

പത്താം ക്ലാസ് പോലും പാസാകാതെ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്ത ശേഷം അസിസ്റ്റന്റ് തസ്തികയില്‍ എല്‍സി എത്തിയത് ഏഴു വര്‍ഷത്തിനുള്ളില്‍ എന്നാണ് അറിയുന്നത്. പരീക്ഷ പോലും നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിപിഎം അനുഭാവിയും ഇടതു സംഘടനാ പ്രവര്‍ത്തകയുമായ എല്‍സിയെ സ്ഥിരപ്പെടുത്തിയത് എന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

എല്‍സിക്കു വേണ്ടി സര്‍വകലാശാല നടത്തിയത് കണ്ണൂര്‍ സര്‍വകലാശാലാ മോഡെല്‍ അതിവേഗ നിയമനമാണെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്‍സിയുടെ നിയമനം സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. എല്‍സി അടക്കമുള്ളവരുടെ നിയമനത്തില്‍ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. പത്താം ക്ലാസ് പാസാകാത്ത എല്‍സി സര്‍വകലാശാലയില്‍ താല്‍കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി നേരത്തെ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2009ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള സിന്‍ഡികറ്റ്, എല്‍സി ഉള്‍പെടെ 150 പേര്‍ക്ക് സ്ഥിരം പ്യൂണ്‍ നിയമനം നല്‍കി. പിന്നീട് പ്യൂണ്‍ തസ്തികയുടെ പേര് ഓഫിസ് അസിസ്റ്റന്റ് എന്നാക്കി. ഡോ. ജാന്‍സി ജയിംസ് വൈസ് ചാന്‍സെലറായ കാലത്ത് സ്ഥിരം നിയമനത്തിനു വിജ്ഞാപനം നടത്തിയിരുന്നു. ഏഴാം ക്ലാസാണ് അന്ന് അടിസ്ഥാന യോഗ്യത നിശ്ചയിച്ചത്.

പിന്നീട് വന്ന എല്‍ഡിഎഫ് സിന്‍ഡികറ്റ് ഈ വിജ്ഞാപനം റദ്ദാക്കുകയും പുതിയ വിജ്ഞാപനം ഇറക്കുകയും ചെയ്തു. അതില്‍ പത്താംക്ലാസ് പാസായവര്‍ അപേക്ഷിക്കരുതെന്ന നിബന്ധന വച്ചു. നിയമനത്തിന് എഴുത്തുപരീക്ഷയ്ക്ക് പകരം ഇന്റര്‍വ്യൂ മാത്രമാക്കി. ഇതോടെ പാര്‍ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ജോലി ലഭിച്ചു. 35-ാം വയസ്സില്‍ 2010ല്‍ സ്ഥിരം നിയമനം ലഭിച്ച എല്‍സി അടുത്ത വര്‍ഷം തുല്യതാ പരീക്ഷയിലൂടെ എസ്എസ്എല്‍സിയും തുടര്‍ന്ന് പ്ലസ് ടുവും പാസായി.

എംജി സര്‍വകലാശാലയുടെ പ്രൈവറ്റ് രെജിസ്ട്രേഷന്‍ വഴി ബിരുദവും നേടി. ബിരുദമുള്ളവരും ലോ പെയ്ഡ് തസ്തികയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയവരുമായ പ്യൂണ്‍മാരെ അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍വകലാശാലയില്‍ വ്യവസ്ഥയുണ്ട്. അസിസ്റ്റന്റ് തസ്തികകളുടെ നാലുശതമാനം ഇത്തരത്തില്‍ നിയമനം നടത്താം. 714 അസിസ്റ്റന്റ് തസ്തികകളാണ് എംജിയിലുള്ളത്.

എന്‍ട്രി കേഡറായ അസിസ്റ്റന്റ്, പ്രമോഷന്‍ തസ്തികകളായ സെലക്ഷന്‍ ഗ്രേഡ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി 238 തസ്തികകള്‍ വീതം. എംജിയില്‍ അന്നുവരെ എന്‍ട്രി കേഡറിന്റെ നാലുശതമാനം പ്യൂണ്‍ പ്രമോഷനു നീക്കിവച്ചിരുന്നു. ഒമ്പതു തസ്തികകളാണ് ലോ പെയ്ഡ് പ്രമോഷന് നീക്കിവച്ചത്.

എന്നാല്‍, അക്കാലത്ത് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആകെ അസിസ്റ്റന്റ് തസ്തികകളുടെ നാലുശതമാനം പ്യൂണ്‍ പ്രമോഷന്‍ നല്‍കി. ഈ ഉത്തരവിന്റെ മറവില്‍ എംജിയിലും പ്യൂണ്‍ പ്രമോഷന്‍ വ്യവസ്ഥ തിരുത്തി. 714 തസ്തികകളുടെ നാലു ശതമാനം പ്യൂണ്‍ പ്രമോഷനായി നീക്കിവച്ചു. അതോടെ പ്യൂണ്‍ പ്രമോഷന്‍ തസ്തികകള്‍ 28 ആയി ഉയര്‍ന്നു. എല്‍സി അടക്കമുള്ളവര്‍ക്ക് പ്രമോഷനും ലഭിച്ചു.

അതിനിടെ പരീക്ഷാഫലം കാലതാമസം കൂടാതെ കൈമാറുന്നതിനു കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കു പങ്കുണ്ടെന്നുള്ള സൂചനയും വിജിലന്‍സിനു ലഭിച്ചു. അറസ്റ്റിലായ ഉദ്യോഗസ്ഥ സി ജെ എല്‍സിയും വിജിലന്‍സിനു പരാതി നല്‍കിയ വിദ്യാര്‍ഥിനിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു മറ്റു ജീവനക്കാരുടെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്. ഫോണ്‍ സംഭാഷണങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 'എംബിഎ വിഭാഗത്തിലെ മറ്റു ജീവനക്കാര്‍ക്കും പണം നല്‍കണം. അതിനാണ് ഒന്നര ലക്ഷം രൂപ ചോദിച്ചത്' എന്നാണ് സംഭാഷണത്തിലെ പ്രധാന ഭാഗം.

എംബിഎ വിഭാഗത്തില്‍ പണം വിതരണം ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ പേരുകളും സംഭാഷണത്തിലുണ്ട്. സര്‍വകലാശാല കേന്ദ്രീകരിച്ചു പണം വാങ്ങി പരീക്ഷാഫലം തിരുത്താന്‍ ഉദ്യോഗസ്ഥ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക സൂചന. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഡിവൈഎസ്പി എ കെ വിശ്വനാഥന്‍, ഇന്‍സ്പെക്ടര്‍ കെ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിങ്കളാഴ്ച അന്വേഷണം തുടങ്ങുമെന്ന് എസ്പി വി ജി.വിനോദ് കുമാര്‍ പറഞ്ഞു.

എല്‍സി കൈകാര്യം ചെയ്യുന്ന ഫയലുകള്‍, എംബിഎ വിഭാഗത്തിലെ പരീക്ഷാഫലം സംബന്ധിച്ച ഫയലുകള്‍ എന്നിവയും പരിശോധിക്കും. മറ്റു ജീവനക്കാരുടെ അറിവില്ലാതെ കൈക്കൂലി വാങ്ങാനോ അക്കാര്യം സംസാരിക്കാനോ കഴിയില്ലെന്നതും വിജിലന്‍സിന്റെ സംശയം കൂട്ടുന്നു. എംബിഎ പരീക്ഷാഫലവും പ്രൊവിഷനല്‍ സെര്‍ടിഫികറ്റും വിതരണം ചെയ്യുന്നതിന് തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെയാണ് സി ജെ എല്‍സി കഴിഞ്ഞദിവസം പിടിയിലായത്. 1.25 ലക്ഷം രൂപ ഇതേ ആവശ്യത്തിനായി എല്‍സിക്കു നേരത്തേ കൈമാറിയെന്നും കണ്ടെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ എല്‍സിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടി കഴുത്തിലണിഞ്ഞ മാല പണയം വച്ചാണ് ആവശ്യപ്പെട്ട പണം ബാങ്ക് അകൗണ്ട് വഴി നല്‍കിയത്. പിന്നീട് സ്വന്തം നിലയില്‍ പെണ്‍കുട്ടി നടത്തിയ അന്വേഷണത്തില്‍ താന്‍ എം ബി എ പാസായിട്ടുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയുമായിരുന്നു.

Keywords: More accusations against MG university assistant arrested in bribery case, Kottayam, News, Bribe Scam, M.G University, Arrested, Vigilance, Trending, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia