കുരങ്ങിന്റെ പരാക്രമത്തില്‍ നാട്ടുകാര്‍ വലഞ്ഞു; രണ്ടു പേരെ കടിച്ചു പറിച്ചു
Jun 17, 2012, 14:53 IST
കാസര്‍കോട്: കൂട്ടില്‍ നിന്നും പുറത്ത് ചാടിയ കുരങ്ങിന്റെ പരാക്രമത്തില്‍ നാട്ടുകാര്‍ വലഞ്ഞു. കുരങ്ങിനെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ രണ്ട് തവണ മയക്കു മരുന്നു കുത്തിവെച്ചങ്കിലും കൂസലില്ലാതെ തുള്ളിച്ചാടിയ കുരങ്ങന്‍ ബാങ്കില്‍ കയറി ഫയലുകളും മറ്റും നശിപ്പിക്കുകയും ഓട്ടോഡ്രൈവറെയും, ഹോട്ടല്‍ ഉടമയെയും കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമകാരിയായ കുരങ്ങിനെ ഇനിയും കീഴടക്കാനായിട്ടില്ല.
ശനിയാഴ്ച രാവിലെ മുതലാണ് കുരങ്ങിന്റെ പരാക്രമം ബദിയടുക്ക ടൗണില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയത്. വഴിയില്‍ കണ്ടവരെയെല്ലാം അക്രമിക്കാന്‍ തുനിഞ്ഞ വാനരന്‍ പെര്‍ഡാല സഹകരണ ബാങ്കിന്റെ ഓഫീസില്‍ കയറിയാണ് ഫയലുകളും മറ്റും നശിപ്പിച്ചത്. ജീവനക്കാര്‍ ബഹളമുണ്ടാക്കിയതോടെ പുറത്തു ചാടിയ കുരങ്ങച്ചന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുടെ സീറ്റിലിരിക്കുകയായിരുന്ന ഡ്രൈവര്‍ കിഷോറിനെ(32) കടിച്ച് പരിക്കേല്‍പ്പിച്ചു. കിഷോറിന്റെ നിലവിളി കേട്ട് ഓടികൂടിയ ആളുകളെയും കുരങ്ങന്‍ ആക്രമിച്ചു. ഇതില്‍ ബദിയടുക്കയിലെ ഹോട്ടലുടമ ദയാനന്ദനേയും(30) കടിച്ചു പറിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ നീളമുള്ള വടിയുടെ അറ്റത്ത് മയക്കു മരുന്ന് നിറച്ച സിറിഞ്ച് കെട്ടിവെച്ച് കുരങ്ങിന്റെ ദേഹത്ത് കുത്തിവെച്ചു. ആദ്യത്തെ ഡോസിലും കുരങ്ങ് മയങ്ങാതായതിനെ തുടര്‍ന്ന് രണ്ടാമത്തെ ഡോസും കുത്തിവെച്ചു. ഇതോടെ കൂടുതല്‍ കരുത്താര്‍ജിച്ച വാനരന്‍ വനംവകുപ്പ് അധികൃതര്‍ക്കും കൂടി നിന്നവര്‍ക്കും നേരെ കുരച്ചു ചാടി കടന്നുകളഞ്ഞു. കുരങ്ങിനെ കാണാതായതോടെ വനം വകുപ്പ് അധികൃതര്‍ തിരിച്ചുപോയി.
ഞായറാഴ്ച രാവിലെ വീണ്ടും കുരങ്ങ് ടൗണിലെത്തി പരാക്രമം കാട്ടി. കൂടുമായെത്തി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുരങ്ങിനെ കുരുക്കാന്‍ കഴിഞ്ഞിട്ടില്ല. കുരങ്ങ് ഇപ്പോള്‍ മാന്യയിലെ ഒരു മരത്തില്‍ കയറിയാണ് വിളയാട്ടം തുടരുന്നത്.
Keywords: Monkey, Visit, Badiyadukka Town, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.