സോഷ്യല്‍ മീഡിയയില്‍ പിടിമുറുക്കി മണി ചെയിന്‍ മാഫിയ; വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ വലയിലാക്കും, അനുഭവസാക്ഷ്യം പറഞ്ഞു വാട്‌സാപ്പ് സന്ദേശവുമായി നിരവധി പേരെത്തും; മേലനങ്ങാതെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള പൂതിയില്‍ കുടുങ്ങുന്നത് സാധാരണക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കന്‍

കൊച്ചി: (www.kvartha.com 05.08.2018) പോലീസ് നടപടികളെ തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിലായ നെറ്റ്‌വര്‍ക്ക് ബിസിനസ് രംഗം സോഷ്യല്‍ മീഡിയ വഴി വീണ്ടും സജീവമാകുന്നു. കൂടുതല്‍ പേരെ ചേര്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പണം എന്ന മണി ചെയിന്‍ ബിസിനസ് രീതിയില്‍ തന്നെയാണ് ഇവയുടെയും പ്രവര്‍ത്തനം. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളാണ് പുതിയ നെറ്റ്‌വര്‍ക്ക് ബിസിനസ് ഗ്രൂപ്പുകള്‍ ലക്ഷ്യം വെക്കുന്നത്. കമ്പനിയുടെ മേല്‍വിലാസമോ മറ്റു വിവരങ്ങളോ നല്‍കതെ ഉപയോക്താക്കളെ വലയിലാക്കാന്‍ കഴിയുമെന്നതാണു പുതിയ വഴി തേടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

പണം മുടക്കാതെ ബിസിനസ് നടത്താം എന്നു പരിചയപ്പെടുത്തിയാണ് ഇവര്‍ ആളുകളെ വലയിലാക്കുന്നത്. മൊണാവി, മോഡി കെയര്‍, ഡി.എക്‌സ്.എന്‍ എന്നിവര്‍ ഉല്‍പ്പന്നങ്ങളാണ് നെറ്റ്‌വര്‍ക്കിലൂടെ വിറ്റിരുന്നതെങ്കില്‍ പരിഷ്‌കരിച്ച പതിപ്പില്‍ വന്‍കിട കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ നെറ്റ്‌വര്‍ക്കിലുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. നെറ്റ്‌വര്‍ക്ക് ബിസിനസുകാരുടെ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യഘട്ടം. തുടര്‍ന്ന് ഇതിലൂടെ മറ്റു കമ്പനികളുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഷോപ്പിങ്ങ് നടത്തുകയും വേണം. തുടര്‍ന്ന് പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ത്ത് പണം സമ്പാദിക്കാമെന്നാണ് വാഗ്ദാനം.

സോഷ്യല്‍ മീഡിയയില്‍ പിടിമുറുക്കി മണി ചെയിന്‍ മാഫിയ; വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ വലയിലാക്കും, അനുഭവസാക്ഷ്യം പറഞ്ഞു വാട്‌സാപ്പ് സന്ദേശവുമായി നിരവധി പേരെത്തും; മേലനങ്ങാതെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള പൂതിയില്‍ കുടുങ്ങുന്നത് സാധാരണക്കാര്‍

വാട്‌സ്ആപ്പിലൂടെ മൊബൈലിലേക്ക് മലയാളത്തില്‍ തന്നെ സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ് തുടക്കം. ഗള്‍ഫ് നമ്പറുകളിലൂടെയാണ് പല സന്ദേശങ്ങളും എത്തുന്നത്. ബിസിനസ് തുടങ്ങിയവരുടെ വിജയകഥകളാണ് ആദ്യം വരിക. പിന്നാലെ വോയ്‌സ്‌മെസേജുകള്‍ വന്നുതുടങ്ങും. പുതിയ നെറ്റ്‌വര്‍ക്കില്‍ എങ്ങനെ അംഗമാകാം, മറ്റ് അംഗങ്ങളെ ചേര്‍ക്കുന്നതെങ്ങനെ, ബിസിനസ് എങ്ങനെ വളര്‍ത്താം, പണം ലഭിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായി തന്നെ വോയ്‌സ് മെസേജിലുണ്ടാകും. പണം കിട്ടിയവരുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും സംശയദുരീകരണത്തിനായി ഇവര്‍ അയച്ചുതരും. എല്ലാം വാട്‌സ്ആപ്പ് വഴിമാത്രമാണ്. കമ്പനിയുടെ വിവരങ്ങളെപറ്റി അന്വേഷിച്ചാല്‍ പിന്നെ പ്രതികരണങ്ങളും നിലക്കും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ചെന്ന് ഇവരുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ബിസിനസില്‍ അംഗമാകാന്‍ ആദ്യം ചെയ്യേണ്ടത്. ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പ്രവേശിക്കാനാകൂ. ഇതിനായി മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കണം. ഇതോടെ ഒരു സ്‌പോണ്‍സേര്‍ഡ് ഐഡി ലഭിക്കും. കമ്പനിയുടെ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പുതിയ ചലഞ്ച് ആണ് അംഗങ്ങളെ കാത്തിരിക്കുക്കുന്നത്. ഇവര്‍ നിര്‍ദേശിക്കുന്ന പത്ത് കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇവ രണ്ട് മിനിറ്റ് ഓപ്പണ്‍ ചെയ്ത് വയ്ക്കുകയും, രണ്ട് ദിവസത്തേക്ക് മൊബൈലില്‍ സൂക്ഷിക്കുകയും വേണം. ഇതിലൂടെ സ്വന്തമായി ഐഡി ലഭിക്കുന്നവര്‍ മറ്റുള്ളവരെ തങ്ങള്‍ക്ക് കീഴില്‍ ചേര്‍ക്കണം. കുറഞ്ഞത് 10 പേരെയാണ് ചേര്‍ക്കേണ്ടത്. ഇതിനുപുറമേ നെറ്റ്‌വര്‍ക്ക് ബിസിനസുകാരുടെ ആപ്പിലൂടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തും, ഷോപ്പിങ്ങ് നടത്തിയും ബോണസ് പോയിന്റ് കൂട്ടണം.

വന്‍കിട കമ്പനികള്‍ അവരുടെ പരസ്യത്തിനും, ഉല്‍പന്നങ്ങള്‍ പരിചയപെടുത്താനും വേണ്ടി പുറത്തിറക്കിയിരിക്കുന്ന ആപ്പുകളാണ് ഈ നെറ്റ്‌വര്‍ക്കിലുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് വന്‍കിട കമ്പനികള്‍ നല്‍കുന്ന കമ്മിഷന്‍ തുക അക്കൗണ്ടിലെത്തുമെന്നുമാണ് നെറ്റ്‌വര്‍ക്ക് ബിസിനസിന്റെ അണിയറയിലുള്ളവര്‍ നല്‍കുന്ന വാട്‌സ്ആപ്പ് സന്ദേശം. പുതിയവരെ ചേര്‍ക്കുന്നതിലൂടെ ഏഴു ദിവസത്തിനുള്ളില്‍ ഒരു കോടിരൂപ വരെ സമ്പാദിക്കാനാകുമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനമാണ് ഇവര്‍ നല്‍കുന്നത്. മണി ചെയിന്‍ ബിസിനസ് അല്ലെന്ന് വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്.

Keywords:  Kerala, Kochi, News, Whatsapp, Facebook, Social Network, Police, Money chain mafia uses Facebook and whats app 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia