Mohanlal | അമ്മയുടെ തലപ്പത്ത് മോഹന്‍ലാലിന് ഇത് മൂന്നാമൂഴം; ജെനറല്‍ സെക്രടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന്


വോടിങ് അവകാശമുള്ളത് 506 അംഗങ്ങള്‍ക്ക്
ഇത്തവണ ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച മോഹന്‍ലാലിനെ, മത്സരം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ തുടര്‍ന്നും ചുമതല നിര്‍വഹിക്കാന്‍ അംഗങ്ങള്‍ പ്രേരിപ്പിക്കുകയായിരുന്നു
കൊച്ചി: (KVARTHA) മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയില്‍ മൂന്നാമതും തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ബുധനാഴ്ച ചേര്‍ന്ന ചലച്ചിത്ര താരങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജെനറല്‍ സെക്രടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വോടിങ് അവകാശമുള്ള 506 അംഗങ്ങള്‍ അവരുടെ വോടവകാശം വിനിയോഗിക്കും.
ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക കൊടുത്തിരുന്നു. ഇതു കൂടാതെ, ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലയും ജോയിന്റ് സെക്രടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും പത്രിക നല്‍കിയിരുന്നു.
ഇത്തവണ ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച മോഹന്‍ലാലിനെ, മത്സരം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ ചുമതല തുടര്‍ന്നും നിര്‍വഹിക്കാന്‍ അംഗങ്ങള്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ഉചിതമല്ലെന്ന് മറ്റംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പത്രിക പിന്‍വലിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ മറ്റ് പദവികളിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. പത്രികാ സമര്‍പ്പണത്തിന്റെ സമയം കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായത്.
താന്‍ വഹിച്ചിരുന്ന ജെനറല്‍ സെക്രടറി പദവിയില്‍ നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രടറിയായും സെക്രടറിയായും ജെനറല്‍ സെക്രടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍ നിന്നാണ് ഇപ്പോള്‍ ഇടവേളയെടുക്കുന്നത്.
സിദ്ദീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജെനറല്‍ സെക്രടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജെനറല്‍ സെക്രടറി പദവിയിലേക്കുള്ള മത്സരം കടുത്തതായിരിക്കും എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. വൈസ് പ്രസിഡന്റ് പദവിയില്‍ നിലവില്‍ ഉണ്ടായിരുന്നത് ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു. ഈ പദവികളിലേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്.
സുധീര്‍ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവിനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദന്‍, ലെന, രചന നാരായണന്‍ കുട്ടി, ലാല്‍ എന്നിവരായിരുന്നു കാലാവധി കഴിയുന്ന എക്‌സിക്യൂടീവ് കമിറ്റിയിലെ അംഗങ്ങള്‍.