സിപിഎമ്മിന് പ്രതിയോഗികളെ കൊല ചെയ്ത പാരമ്പര്യമുണ്ടെന്ന് എം.എം മണി

 


സിപിഎമ്മിന് പ്രതിയോഗികളെ കൊല ചെയ്ത പാരമ്പര്യമുണ്ടെന്ന് എം.എം മണി
തൊടുപുഴ: സിപിഎമ്മിന് പ്രതിയോഗികളെ കൊല ചെയ്ത പാരമ്പര്യമുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി തുറന്നടിച്ചു. പീരുമേട്ടില്‍ പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ നാവില്‍ നിന്ന് സത്യങ്ങള്‍ പുറത്തുവന്നത്. കൊല നടത്തിയാല്‍ അത് ഏറ്റ് പറയാന്‍ സിപിഎമ്മിന് മടിയില്ല.

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് എം.എം മണി പാര്‍ട്ടിക്ക് കൊല നടത്തി ശീലമുണ്ടെന്ന് വെളിപ്പെടുത്തിയത്. പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും തന്നെയാണ് പാര്‍ട്ടി ഇതുവരെ മുന്നോട്ട് പോയത്.

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് മണി പറഞ്ഞു. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടി കാണിക്കാറുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ ലിസ്റ്റ് തയാറാക്കിയാണ് ഓരോരുത്തരായായി വകവരുത്തിയത്. ഞങ്ങളുടെ അയ്യപ്പദാസ് കല്യാണം പോലും കഴിക്കാത്ത പാവമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടേയും പി.ടി തോമസിന്റെയും ആളുകള്‍ ചേര്‍ന്ന് അയ്യപ്പദാസിനെ വെട്ടിക്കൊന്നു. അതിന് പാര്‍ട്ടി മറുപടി കൊടുത്തില്ലേ.
ഒരാളെ വെടിവെച്ചുകൊന്നു. ഒരാളെ തല്ലിക്കൊന്നു. മറ്റൊരുത്തനെ കുത്തിക്കൊന്നു. ഇതോടെ കോണ്‍ഗ്രസുകാര്‍ അവിടെനിന്ന് ഖദറും ഊരിമാറ്റി കടന്നുകളയുകയായിരുന്നു. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിക്ക് പാര പണിയുന്നവര്‍ ഉത്തമ കമ്യൂണിസ്റ്റല്ലെന്ന് വി. എസിനെ ഉദാഹരിച്ച് മണി പറഞ്ഞു. വി. എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.


കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ ഇനിയും തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും പറയുന്നു. വി.എസ് ഇതിനെ എതിര്‍ത്ത് പറയാത്തത് തെറ്റാണ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്.



Keywords:  Vadakara, V.S Achuthanandan, CPM, Kerala, M.M Mani, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia