എം.എം.മണി വി.എസിന് വെച്ചു; കൊണ്ടത് പാര്‍ട്ടിക്ക്

 


എം.എം.മണി വി.എസിന് വെച്ചു; കൊണ്ടത് പാര്‍ട്ടിക്ക്
കോഴിക്കോട്: സി.പി.ഐ(എം) പാര്‍ട്ടിയുടെ ശത്രുക്കളെ പട്ടിക തയ്യാറാക്കി വെടി വെച്ചും അടിച്ചും കുത്തിയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസ്താവന കൊക്കിനു വെച്ചത് ചക്കിനു കൊണ്ടതു പോലെയായി. വാസ്തവത്തില്‍ എം.എം.മണിയുടെ പ്രസ്താവന വി.എസിനെ കുടുക്കാന്‍ വേണ്ടി മാത്രമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അതു സി.പി.ഐ.(എം) ക്കെതിരെയുള്ള മറ്റൊരായുധമായി പ്രയോഗിച്ചപ്പോള്‍ കുടുങ്ങിയത് മണിയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരാധ്യപുരുഷന്‍ പിണറായി വിജയനും ആയിപ്പോയി.

1982 -ലെ കൊലപാതകങ്ങളെക്കുറിച്ചാണ് മണി പ്രസ്താവിച്ചത്. എന്നാല്‍ അക്കാലത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.എസ്.അച്ചുതാനന്ദനായിരുന്നു. ടി.പി. ചന്ദ്രശേഖര്‍ വധത്തെത്തുടര്‍ന്ന് കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചു രംഗത്തു വരികയും സി.പി.ഐ.(എം) നേതൃത്വത്തെ പ്രതിക്കൂട്ടിലകപ്പെടുത്തുകയും ചെയ്ത വി.എസ്. അത്ര പുണ്യവാളന്‍ ചമയേണ്ട എന്നായിരുന്നു മണിയുടെ ഗൂഢലക്ഷ്യം. ഈ ഒളിയമ്പ് മനസ്സിലാക്കിയതുകൊണ്ടാണ് വി.എസ്. മണിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നത്.

വി.എസിനെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രായോജകന്‍ എന്ന ലേബലണിയിച്ച് പൊതുസമക്ഷം തൊലിയുരിക്കാനുള്ള ആ പ്രസ്താവന തീര്‍ത്തും പാളി. കാരണം അതു സി.പി.ഐ.(എം) ന്റെ പണ്ടേയുള്ള നയപരിപാടിയെന്നു സമ്മതിക്കുന്ന ഇരുതലവാളാണെന്നതു തന്നെ. ഈ ദുഷ്‌പേരില്‍ നിന്നു പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പിണറായി വിജയനും മണിയുടെ പ്രസ്താവനയെ തള്ളിപ്പറയേണ്ടി വന്നു.

മാധ്യമങ്ങളാകട്ടെ മണിയുടെ പ്രസ്താവനയിലെ ഒളിയമ്പ് പരിഗണിച്ചതേയില്ല. അതും പിണറായി വിജയനെതിരെയുള്ള ആയുധമാക്കി മാറ്റുവാനായിരുന്നു അവരുടെ താത്പര്യം. ടി.പി.രാമകൃഷ്ണന്‍ വധത്തെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ പാര്‍ട്ടിയെ രക്ഷിക്കാന്‍ പാര്‍ട്ടി കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നു പിണറായി പറഞ്ഞിരുന്നു. ഈ വാദം പൊളിക്കാനുള്ള ആയുധമായി മണിയുടെ പ്രസ്താവനയെ ഉപയോഗിക്കാനായിരുന്നു അവര്‍ ശ്രദ്ധയൂന്നതിയത്.

ഒരിക്കല്‍ വി.എസ്.പക്ഷക്കാരനായ എം.എം.മണി വി.എസ്സിന്റെ ഇടുക്കി ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളെത്തുടര്‍ന്നാണ് കളം മാറിച്ചവിട്ടിയത്. പിന്നെ ഔദ്യോഗിക പക്ഷത്തിരുന്നു കൊണ്ട് വി.എസ്സിനെ ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന പദ്ധതി. മണിയുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രമായിരുന്നു ഇടുക്കിയിലെ വിവാദ പ്രസ്താവന. അതിത്തരത്തില്‍ തിരിച്ചടിക്കുമെന്നു കാണാനുള്ള ദീര്‍ഘദര്‍ശിത്വം മണിക്കില്ലാതെ പോയി.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ഈയവസരം ശരിക്കും മുതലെടുക്കുകയും ചെയ്യുന്നു. മണി വെളിപ്പെടുത്തിയ കാലഘട്ടത്തിലെ കൊലപാതകങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്താനുള്ള നടപടികളാരംഭിച്ചു. മണിക്കെതിരെ കൊലക്കേസും റെജിസ്റ്റര്‍ ചെയ്തു. ആപത്തു ഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു ആകെ ആപത്തില്‍ കുടുങ്ങിയ മണിയെ ഇനിയാരു രക്ഷിക്കുമെന്നാണ് കാണേണ്ടത്.

ഒരു കാര്യത്തില്‍ മണിക്ക് ആശ്വസിക്കാം. ഇത് മാര്‍ക്‌സിറ്റു തിയറിയുടെ പ്രായോഗികതയാണെന്ന കാര്യത്തില്‍! തിസീസിനെതിരെ അതില്‍ നിന്നു തന്നെ ആന്റിതിസീസ് ഉണ്ടാവുകയും അത് സിന്തസിസിലേക്ക് നയിക്കുമെന്നാണല്ലോ മാര്‍ക്‌സിസ്റ്റ് തിയറി. സി.പി.ഐ(എം) എന്ന തിസീസിനെതിരായി മണി യുടെ പ്രസ്താവന ആന്റിതിസീസായി ഉഗ്രരൂപം പൂണ്ടപ്പോള്‍ എന്ത് സിന്തസീസാണ് രൂപപ്പെടുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

-ജെഫ്രി റെജിനോള്‍ഡ്. എം

Keywords:  M.M.Mani, V.S.Achuthanandan, CPM, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia