Injury | വീണത് 15 അടി പൊക്കത്തിൽ നിന്ന്; പിന്നാലെ പൈപ്പും തലയിൽ പതിച്ചു; ഉമാ തോമസിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായതായും തലച്ചോറിനും ശ്വാസകോശത്തിനും പരുക്കേറ്റതായും ഡോക്ടർമാർ
● നൃത്ത പരിപാടിക്കിടെയാണ് ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായത്.
● കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു
● 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതർ
കൊച്ചി: (KVARTHA) കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച നൃത്ത പരിപാടിക്കെത്തിയതായിരുന്നു എംഎൽഎ. തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും സാരമായ പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ഭരതനാട്യ നൃത്ത പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് സ്റ്റേഡിയത്തിലെത്തിയ കായിക മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. 15 അടി ഉയരത്തിൽനിന്നാണ് എംഎൽഎ വീണത്.
വിഐപി സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന താത്കാലിക ബാരിക്കേഡിന്റെ ബലക്കുറവാണ് അപകടകാരണമെന്ന് ആരോപണമുണ്ട്. ബാരിക്കേഡിന് പകരം റിബൺ മാത്രമാണ് കെട്ടി വെച്ചിരുന്നത് എന്നും പറയുന്നു. ഗാലറിയുടെ വശത്തുനിന്നും താഴേക്ക് വീണ ഉമാ തോമസിന്റെ തലയിൽ ബാരിക്കേഡിനായി സ്ഥാപിച്ചിരുന്ന പൈപ്പ് പതിച്ചതാണ് പരിക്ക് ഗുരുതരമാകാൻ കാരണം.
താഴെ കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീണ ഉമാ തോമസിനെ ഉടൻ തന്നെ പാലാരിവട്ടത്തെ റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാൻ, എംആർഐ സ്കാൻ തുടങ്ങിയ പരിശോധനകൾക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കുകളുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു.
വാരിയെല്ല് പൊട്ടുകയും ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുകയും ചെയ്തിട്ടുണ്ട്. തലച്ചോറിനേറ്റ ക്ഷതം ബോധം, പ്രതികരണം, ഓർമ എന്നിവയെ ബാധിക്കാവുന്നതാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. അടിയന്തര ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കൂടുതൽ ചികിത്സാ വിവരങ്ങൾ ലഭ്യമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
#MLAInjury #KeralaNews #VIPGalleryFall #UmaThomas #AccidentUpdate #HealthAlert