Investigation | വമ്പൻ ട്വിസ്റ്റ്! 'മദ്യലഹരിയിൽ അഫ്‌സാനയെ നൗശാദ് മർദിച്ചു: തിരിച്ചടിച്ചപ്പോൾ ബോധം കെട്ടു വീണു: മരിച്ചെന്ന് കരുതി യുവതി നാടുവിട്ടു: എണീറ്റ് വന്ന യുവാവ് ഭാര്യയെ കാണാതെ ഭയന്ന് മുങ്ങി': പരുത്തിപ്പാറ 'കൊലപാതകത്തിന്റെ' യഥാര്‍ഥ കഥ ഇങ്ങനെ

 


/ അജോ കുറ്റിക്കൻ

പത്തനംതിട്ട: (www.kvartha.com) പരുത്തിപ്പാറ കൊലക്കേസിന് ഒടുവില്‍ നാടകീയ അന്ത്യം. ഭാര്യ കൊന്നു കുഴിച്ചു മൂടിയെന്ന് പറയുന്ന പാടം സ്വദേശി നൗശാദിനെ ഇടുക്കി തൊടുപുഴയ്ക്ക് സമീപം തൊമ്മന്‍കുത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് നാടുനടുക്കിയ കൊലപാതകം കോമഡി സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക് വഴി മാറിയത്. വ്യാഴാഴ്ച രാത്രി തന്നെ കൂടല്‍ പൊലീസ് നൗശാദ് ഉള്ള ഇടം കണ്ടെത്തിയിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ച പുലര്‍ചയോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Investigation | വമ്പൻ ട്വിസ്റ്റ്! 'മദ്യലഹരിയിൽ അഫ്‌സാനയെ നൗശാദ് മർദിച്ചു: തിരിച്ചടിച്ചപ്പോൾ ബോധം കെട്ടു വീണു: മരിച്ചെന്ന് കരുതി യുവതി നാടുവിട്ടു: എണീറ്റ് വന്ന യുവാവ് ഭാര്യയെ കാണാതെ ഭയന്ന് മുങ്ങി': പരുത്തിപ്പാറ 'കൊലപാതകത്തിന്റെ' യഥാര്‍ഥ കഥ ഇങ്ങനെ

പൊലീസ് വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ: '2021 നവംബര്‍ ഒന്നു മുതല്‍ നൗശാദിനെ കാണാതായെന്നാണ് പിതാവ് അശ്റഫ് കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇയാളെ കാണാതാകുന്നതിന് തലേന്ന് അഫ്‌സാനയും നൗശാദുമായി പരുത്തിപ്പാറയിലെ വാടകവീട്ടില്‍ അടിപിടി നടന്നിരുന്നതായി പറയുന്നു. ഏറ്റുമുട്ടൽ പതിവായതിനാല്‍ നാട്ടുകാരും ആ വഴിക്ക് ശ്രദ്ധിക്കാറില്ല. വാടകയ്ക്ക് വീടെടുത്ത് മൂന്നു മാസമാണ് ഇവര്‍ താമസിച്ചത്. മീന്‍കച്ചവടവും ഡ്രൈവിങ്ങും തൊഴിലാക്കിയ നൗശാദ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുകയായിരുന്നു.

അഫ്‌സാനയും തിരിച്ചടിക്കും. പതിവു പോലെ ഇങ്ങനെ നടന്ന അടിപിടിക്കിടെ അഫ്‌സാനയുടെ അടി കൊണ്ട് നൗശാദ് ബോധം കെട്ടു വീണു. വിളിച്ചു നോക്കിയിട്ടും ഉണരാതെ വന്നതോടെ നൗശാദ് മരിച്ചുവെന്ന് ഉറപ്പിച്ച്‌ അഫ്‌സാന സ്വന്തം വീട്ടിലേക്ക് പോയി. നൗശാദ് മരിച്ചെന്ന് കരുതിയിരുന്ന അഫ്സാന നൗശാദുമായി പിണങ്ങിയെന്നും ഇനി അയാൾക്കൊപ്പം ജീവിക്കാനില്ലെന്നും വീട്ടുകാരെ വിശ്വസിപ്പിച്ച് അവിടെ കഴിഞ്ഞു.

ഇതിനിടെ പരുത്തിപ്പാറയിലെ വീട്ടില്‍ ബോധം വന്ന നൗശാദ് അഫ്‌സാനയെ കാണാതെ കുഴങ്ങി. തന്റെ അടി കൊണ്ട് അവള്‍ക്കെന്തെങ്കിലും സംഭവിച്ചുവെന്ന് കരുതി പിറ്റേന്ന് പുലര്‍ചെ നാടുവിട്ടു. പലയിടത്തും കറങ്ങി നടന്ന് ഒടുവില്‍ തൊടുപുഴയ്ക്ക് സമീപം തൊമ്മന്‍കുത്തിലെത്തുന്നത്. അവിടെ ജീവിച്ചു വരുന്നതിനിടെയാണ് താൻ കൊല്ലപ്പെട്ട വിവരം ചാനലുകളിലും പത്രങ്ങളിലും പ്രചരിച്ചതായി ഇയാൾ അറിയുന്നത്'.

താന്‍ ഭര്‍ത്താവിനെ അടിച്ചു കൊന്നുവെന്ന കുറ്റബോധം മനസില്‍ കിടന്നു വിങ്ങിയാണ് അഫ്‌സാന പൊലീസിനോട് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കരുതുന്നതെന്നാണ് പൊലീസ് പറയുന്നത്. നൗശാദ് മരിച്ചുവെങ്കിലും മൃതദേഹം കണ്ടെത്താതിരുന്നതും അഫ്‌സാനയെ കുഴക്കി. ഒടുവില്‍ സഹികെട്ട് പൊലീസിനോട് സത്യം തുറന്നു പറയുകയായിരുന്നു.

പക്ഷേ, മൃതദേഹം കാണിച്ചു കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് പുഴയില്‍ തള്ളിയെന്നും കുഴിച്ചു മൂടിയെന്നുമൊക്കെ പൊലീസിനോട് പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്ത പാതി വീടിന്റെ ഉള്‍വശം വരെ കുഴിച്ച പൊലീസ് അപഹാസ്യരാവുകയും ചെയ്തു. നിലവില്‍ അഫ്‌സാന റിമാന്‍ഡിലാണ്. നൗശാദ് മരിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കും. എന്നാലും ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ നിലനില്‍ക്കുമെന്ന് ഉന്നത പൊലീസ് അധികൃതർ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും മറ്റുമായി വകുപ്പുകൾ ചേർത്ത് കുറ്റപത്രം നല്കുമെന്നതിനാലാണിത്.

Keywords: News, Kerala, Pathanamthitta, Missing, Murder Case, Naushad Missing, Police, Dead Body, Remand, Investigation,  Missing Naushad found after wife's claims of murder.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia