Murder Case | 'ദൃശ്യം' മോഡലില്‍ വീണ്ടും കൊലപാതകം; കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചുമൂടിയ നിലയില്‍; 50 കാരന്‍ അറസ്റ്റില്‍
● ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയായിരുന്ന വിജയ ലക്ഷ്മിക്ക് 2 മക്കളുണ്ട്.
● കൊച്ചിയിലെ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് കേസില്‍ നിര്‍ണായകമായത്.
● കരുനാഗപ്പള്ളിയില്‍ മീന്‍പിടുത്തമായിരുന്ന ജയചന്ദ്രന് ജോലി.
● കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്.
● ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് ഇരുവരും സ്ഥിരമായി കണ്ടിരുന്നതായും പറയുന്നു.
കൊല്ലം: (KVARTHA) കരുനാഗപ്പള്ളിയില്‍ കുലശേഖരപുരത്ത് നിന്നും കാണാതായ വിജയലക്ഷ്മി(40) യുടെ മൃതദേഹം വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുഹൃത്ത് ജയചന്ദ്രന്റെ(50) വീടിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ജയചന്ദ്രനുമായി ചെന്ന് പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വിജയലക്ഷ്മിയുടെ തിരോധാനത്തെ കുറിച്ച് പരാതി ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ജയചന്ദ്രനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതായുള്ള സൂചനകള്‍ ലഭിച്ചത്. പിന്നീട് ജയചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വിവാഹിതയായ വിജയലക്ഷ്മി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. കൊച്ചിയിലെ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് കേസില്‍ നിര്‍ണായകമായത്. കണ്ടക്ടര്‍ പൊലീസില്‍ ഫോണ്‍ കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിച്ചത്. അമ്പലപ്പുഴയില്‍ വിജയലക്ഷ്മി എത്തിയതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. കളഞ്ഞുകിട്ടിയ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കരുനാഗപ്പള്ളിയില്‍ മീന്‍പിടുത്തമായിരുന്ന ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് ഇരുവരും സ്ഥിരമായി കണ്ടിരുന്നതായും പറയുന്നു.
ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നും വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലായിരുന്നു അതെന്നും ജയചന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും വീടിനു സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടെന്നുമാണ് ജയചന്ദ്രന്‍ മൊഴി.
വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്കു താമസം മാറ്റി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പിന്നീട് ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. വിജയലക്ഷ്മി അമ്പലപ്പുഴയിലെ വീട്ടിലെത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യ സുനിമോളും മകനും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ നേരത്തെ കരുനാഗപ്പള്ളിയിലെത്തി വിജയലക്ഷ്മിയെ കണ്ടിരുന്നു. ജയചന്ദ്രന്‍ തന്നെ സ്‌നേഹിക്കുന്നതായും തനിക്ക് പണം നല്‍കിയതായും ജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.
വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയ ജയചന്ദ്രന്‍, താന്‍ 'ദൃശ്യം' സിനിമ പല തവണ കണ്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്ക് മാറിയത്. ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്ന് കുടുംബം പറയുന്നു. ജയചന്ദ്രന്റെ വീടിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വസ്ത്രം കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ജയചന്ദ്രന് ആരുമായും വലിയ സൗഹൃദമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
#KeralaNews #CrimeCase #MissingPerson #KollamUpdates #VijayaLakshmiCase #KeralaPolice