കേരളത്തില്‍ സിപിഎമ്മിനു വിനയാകാന്‍ പോകുന്നത് ന്യൂനപക്ഷ രോഷം? മുതലെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.03.2018) സിപിഎമ്മിന്റെ കേരളത്തിലെ സ്വാധീനം കൂടി ദുര്‍ബലമാകുന്ന വിധം ന്യൂനപക്ഷ സമുദായം പ്രത്യേകിച്ചും മുസ്ലിം സമുദായം പിണറായി സര്‍ക്കാരിനേക്കുറിച്ച് പരിഭവത്തിലെന്നു സൂചന. അത് നിസ്സാര പരിഭവമല്ലെന്നും രാഷ്ട്രീയമായി നേരേ എതിര്‍ നിലപാട് എടുക്കാനിടയാക്കുന്ന രൂക്ഷ പ്രതിഷേധം തന്നെയാണെന്നും പാര്‍ട്ടി നേതൃത്വം മനസ്സിലാക്കുന്നില്ല എന്നാണ് സൂചന. എന്നാല്‍ സംഗതി തിരിച്ചറിഞ്ഞ് മുതലെടുക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. പിണറായി സര്‍ക്കാരിന് ന്യൂനപക്ഷ വിരുദ്ധ മുഖമാണെന്ന് വരുത്താന്‍ രണ്ടു രീതികളില്‍ ശ്രമിക്കുകയാണ് ഇവര്‍.

കേരളത്തില്‍ സിപിഎമ്മിനു വിനയാകാന്‍ പോകുന്നത് ന്യൂനപക്ഷ രോഷം? മുതലെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും


രണ്ടു വര്‍ഷമാകാറായ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസ് വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച മുസ്ലിം വിരുദ്ധ നിലപാടുകളോടുള്ള രോഷം ശക്തമാണ്. അത് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവയും മുസ്ലിം ലീഗും പരമാവധി പ്രചരിപ്പിക്കുന്നുമുണ്ട്. പറവൂരില്‍ വിസ്ഡം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തതും അവരെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും മുതല്‍ പീസ് ഫൗണ്ടേഷന്‍ സ്‌കൂള്‍ എംഡിയും പ്രബോധന പ്രവര്‍ത്തകനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തതും വരെ നീളുന്ന പല സംഭവങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെ പി ശശികല, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ) വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തില്ല. എന്നാല്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം പഠിപ്പിച്ചു എന്നാരോപിച്ച് അതേ വകുപ്പു പ്രകാരം എം എം അക്ബറിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇതിലെ ഇരട്ടത്താപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ കേരള പോലീസിലെ ഒരു വിഭാഗം വര്‍ഗ്ഗീയമായി പെരുമാറുന്നു എന്ന മുസ്ലിം സമുദായത്തിന്റെ പരാതി ആയേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മും ഇടതുമുന്നണിയും നേരിടുന്ന പ്രധാന ഭീഷണി എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, സിപിഎമ്മും സര്‍ക്കാരും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന ആരോപണം സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ഉയരുന്നത് ഒഴിവാക്കാനാണ് ചില വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്നാണ് സിപിഎമ്മിനെ അനുകൂലിക്കുന്ന മുസ്ലിം സംഘടനകളുടെയും നേതാക്കളുടെയും വാദം. ഹാദിയ വിഷയത്തില്‍ സര്‍ക്കാരും വനിതാ കമ്മീഷനും സ്വീകരിച്ച നിലപാട് ഇത് ന്യായീകരിക്കാന്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ വൈക്കത്തെ സ്വന്തം വീട്ടില്‍ വീട്ടുതടങ്കലില്‍ എന്ന പോലെയാണ് കഴിയുന്നത് എന്ന ആരോപണം ഉയര്‍ന്നെങ്കിലും സര്‍ക്കാരും കമ്മീഷനും ഇടപെട്ടില്ല. കമ്മീഷന്‍ വൈകി മാത്രമാണ് പ്രതികരിച്ചത്. ഇത് വലിയ വിമര്‍ശനമായി. എന്നാല്‍ കമ്മീഷന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ ഹാദിയയെ കാണാനും വിവരങ്ങള്‍ ശേഖരിക്കാനും ശ്രമിച്ചെന്നാണ് വാദം. അതേസമയം, ഹാദിയയ്ക്ക് കാവല്‍ നിന്ന പോലീസ് പക്ഷപാതപരമായി പെരുമാറുകയും ചിലരെ മാത്രം അവരെ കാണാന്‍ അനുവദിക്കുകയും ചെയ്തുവെന്ന വിമര്‍ശനത്തിന് ഈ വാദം ഉന്നയിക്കുന്നവര്‍ മറുപടി നല്‍കുന്നുമില്ല.

സംഘ്പരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരേ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണത്തിന്റെ കവചം തീര്‍ക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിപിഎമ്മും മറ്റ് ഇടതു പാര്‍ട്ടികളുമാണ്. എന്നാല്‍ ഇപ്പോഴത്തെ വിമര്‍ശനങ്ങളും പ്രചാരണങ്ങളും ആ പ്രതിഛായയ്ക്ക് കോട്ടം തട്ടിക്കുന്ന വിധത്തിലേക്കാണ് നീങ്ങുന്നത്.

Keywords:  Kerala, Thiruvananthapuram, News, CPM, BJP, Congress, Muslim, Politics, Minority angry may affect CPM possibilities in Kerala

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia