മന്ത്രി വീണാ ജോര്‍ജ് വാവ സുരേഷുമായി സംസാരിച്ചു; തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും
Feb 6, 2022, 15:42 IST
തിരുവനന്തപുരം: (www.kvartha.com 06.02.2022) പാമ്പുകടിയേറ്റ് കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.
അതേസമയം, വാവ സുരേഷിനെ സന്ദര്‍ശിച്ച മന്ത്രി വി എന്‍ വാസവന്‍ കുറച്ചുനാള്‍ വിശ്രമം എടുക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം വാവ സുരേഷിനെ അറിയിച്ചു. വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യം സുരേഷിനെ ഓര്‍മിപ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണെങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും, ആരോടും വരില്ല എന്നു പറയാന്‍ അറിയില്ലെന്നുമായിരുന്നു സുരേഷിന്റെ പ്രതികരണമെന്നും മന്ത്രി അറിയിച്ചിരുന്നു. അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയില്‍ നിന്ന് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായിരുന്നു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോവുന്ന നിലയും ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം യോഗം ചേര്‍ന്ന് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നാലെ മരുന്നുകളുടെയും ആന്റി സ്നേക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചു വന്നത്.
കോട്ടയം കുറിച്ചി പാട്ടശേരിയില്‍ വെച്ചാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. കടിയേറ്റിട്ടും സുരേഷ് കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
Keywords: Minister Veena George spoke to Vava Suresh, Thiruvananthapuram, News, Minister, Health Minister, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.