Veena George | അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തത് രാജ്യത്തെ ഫെഡറല്‍ ആശയത്തിന് തന്നെ എതിരെന്ന് മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തത് ഫെഡറല്‍ ആശയത്തിന് തന്നെ എതിരാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്രം പറഞ്ഞിരിക്കുന്ന വിഹിതം പോലും തന്നിട്ടില്ല. അതിനാല്‍ തന്നെ എന്‍ എച് എം പദ്ധതികള്‍ നടത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Veena George | അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തത് രാജ്യത്തെ ഫെഡറല്‍ ആശയത്തിന് തന്നെ എതിരെന്ന് മന്ത്രി വീണാ ജോര്‍ജ്

എന്‍ എച് എം പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം നല്‍കുന്നത് 550.68 കോടിയും. എന്‍ എച് എം പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി നാല് ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്.

ഒരു ഗഡു 92.80 കോടി രൂപയാണ്. മൂന്നു ഗഡുക്കള്‍ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതേസമയം സംസ്ഥാന വിഹിതം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍ എച് എം പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര വിഹിതം ലഭിക്കാത്തത് മൂലം ആശാ വര്‍കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍ എച് എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവരുടെ ശമ്പളം, ബയോമെഡികല്‍ മാനേജ്മെന്റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്.

അതിനാല്‍ എത്രയും വേഗം തുക അനുവദിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോ-ബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് തുക അനുവദിക്കുന്നതില്‍ കേന്ദ്രം തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവ വിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയായി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കത്തയയ്ക്കുകയും ചെയ്തു.

പെരിടോണിയല്‍ ഡയാലിസിസ് പദ്ധതിയ്ക്കായി കേന്ദ്രം അനുവദിക്കാനുള്ളത് ഏഴു കോടി രൂപയാണ്. സംസ്ഥാനം ഇടപെട്ട് പെരിടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്ളൂയിഡ് വിതരണം ചെയ്തിരുന്നു. 800 ഓളം രോഗികള്‍ക്കാണ് നിലവില്‍ പെരിടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. എത്രയും വേഗം ആരോഗ്യ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി മുഹമ്മദ് ഹനീഷ്, എന്‍ എച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ സജിത് ബാബു എന്നിവര്‍ പങ്കെടുത്തു.

Keywords: Minister Veena George Against Central Govt Due to Fund Problem, Thiruvananthapuram, News, Health, Minister Veena George, Fund Problem, Allegation, Complaint, Criticized, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia