Criticism | പിപി ദിവ്യക്കെതിരെ നടപടിയെടുത്തതില്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി; അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ തുടര്‍നടപടി
● കഴിഞ്ഞദിവസം എം വി ഗോവിന്ദന്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ കണ്ട് സംസാരിച്ചിരുന്നു
● നവീന്‍ ബാബുവിനെതിരെ ഗൂഢാലോചന നടന്നുവെന്ന് കുടുംബം
● കലക്ടര്‍ക്കെതിരേയും ആരോപണം
കണ്ണൂര്‍: (KVARTHA) മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടിയെടുത്തതില്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി. നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ദിവ്യയ്ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് ശിവന്‍കുട്ടിയുടെ പരാമര്‍ശം. ഇടതുപക്ഷവും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പത്തനംതിട്ടയിലെ വീട്ടിലെത്തി നവീന്‍ ബാബുവിന്റെ കുടുംബത്തെ കണ്ട് സംസാരിച്ചിരുന്നു. പാര്‍ട്ടി കുടുംബത്തിനൊപ്പമെന്ന് എം വി ഗോവിന്ദന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു സംസാരം. മാധ്യമങ്ങളെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചശേഷം പുറത്താക്കുകയായിരുന്നു.
നവീന്‍ ബാബുവിനെതിരെ ഗൂഢാലോചന നടന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. പിപി ദിവ്യയ്ക്കും കലക്ടര്‍ അരുണ്‍ കെ വിജയനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം കലക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കലക്ടര്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ പാര്‍ട്ടി സ്വീകരിച്ചത്.
അതിനിടെ ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി 24 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ പാടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
#PPDivya #ADMCase #KeralaPolitics #NaveenBabu #Allegations #Investigation