Riyas FB Post | വയനാട്ടിലെ ഓഫിസ് അക്രമിക്കപ്പെട്ടപ്പോള്‍ സിപിഎം അപലപിച്ചു, എന്നാല്‍ എകെജി സെന്റര്‍ അക്രമിച്ചപ്പോള്‍ അദ്ദേഹം ഒരക്ഷരം പറഞ്ഞില്ല; പരിഭവവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

 


തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് അക്രമിക്കപ്പെട്ടപ്പോള്‍ സിപിഎം അപലപിച്ചു. എന്നാല്‍ എകെജി സെന്റര്‍ അക്രമിച്ചപ്പോള്‍ അദ്ദേഹം ഒരക്ഷരം പറഞ്ഞില്ലെന്ന പരിഭവവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ് ബുകിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ സര്‍കാരിനെയും എല്‍ഡിഎഫിനെയും എല്ലാനിലയിലും തേജോവധം ചെയ്യാനുള്ള തുടര്‍ചയായ കോണ്‍ഗ്രസിന്റെ ആശയപ്രചരണം ഏറ്റവുമധികം സന്തോഷിപ്പിക്കുക സംഘപരിവാറിനെയല്ലേയെന്നും റിയാസ് ചോദിച്ചു.

'തുടര്‍ പ്രതിപക്ഷം' സൃഷ്ടിച്ച മനോവിഭ്രാന്തി പിടിപെട്ട കേരളത്തിലെ കോണ്‍ഗ്രസും അവരെ ചികിത്സിക്കുവാനാകാത്ത രാഹുല്‍ഗാന്ധിയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും എന്ന തലക്കെട്ടിലൂടെയാണ് റിയാസിന്റെ പോസ്റ്റ്.


പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍പ്രതിപക്ഷമായതിന്റെ ഭാഗമായി അന്ധമായ ഇടതുപക്ഷ വിരുദ്ധത തലയ്ക്ക് പിടിച്ച്, വിഭ്രാന്തിയില്‍ എന്തൊക്കെയോ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം അവരുടെ അണികളെ കൊണ്ടെത്തിക്കുന്നത് സംഘപരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കല്ലേ..?എകെജി സെന്റര്‍ ആക്രമത്തെ ഈ നിമിഷം വരെ അപലപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായോ?

ഇന്നലെ രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അപലപിച്ചവരാണ് സിപിഎം. എന്നാല്‍ എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെ ഒരു വാക്ക് പറഞ്ഞു അപലപിക്കുവാന്‍ രാഹുല്‍ ഗാന്ധി പോലും തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമല്ലേ ?

ആര്‍ക്കും ആക്രമിക്കുവാന്‍ തോന്നേണ്ട ഒരിടമാണ് എകെജി സെന്റര്‍ എന്നല്ലേ ഇതുവരെ വന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെല്ലാം കേട്ടാല്‍ തോന്നുക.? ബിജെപിക്ക് ദേശീയതലത്തില്‍ ബദല്‍ ഉയര്‍ത്തുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരളത്തിലെ സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും എല്ലാനിലയിലും തേജോവധം ചെയ്യാനുള്ള തുടര്‍ച്ചയായ തുടര്‍ച്ചയായ ആശയപ്രചരണം ഏറ്റവുമധികം സന്തോഷിപ്പിക്കുക സംഘപരിവാറിനെയല്ലേ..?

പ്രതിപക്ഷ ഐക്യത്തോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ യശ്വന്ത് സിന്‍ഹയുടെ തിരുവനന്തപുരം സന്ദര്‍ശനത്തെ പോലും ഇടതുപക്ഷ വിരുദ്ധമാക്കാന്‍ ശ്രമിച്ച കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ബിജെപിക്കെതിരെയുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തോട് അലര്‍ജിയുള്ളത് കൊണ്ടല്ലേ..?

പൗരത്വ നിയമ പ്രശ്നത്തില്‍ ഉള്‍പ്പെടെ മതനിരപേക്ഷ ഇന്ത്യയ്ക്ക് ആവേശമായി മാറിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള കലാപ നീക്കം പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം അതിലൂടെ സഹായിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തെ അല്ലേ?

ബിജെപിക്കെതിരെ, കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കുവാന്‍ തയ്യാറാകാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ഏത് രാഷ്ട്രീയത്തെയാണ് താലോലിക്കുന്നത്..?
ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന പ്രഖ്യാപിത മുദ്രാവാക്യം ഉയര്‍ത്തുന്ന കെപിസിസി പ്രസിഡന്റ്, ബിജെപി, എസ്ഡിപിഐ അടക്കമുള്ളവരെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെത്തിരെ ശബ്ദിക്കാന്‍ എന്തേ കോണ്‍ഗ്രസ് ദേശീയനേതൃത്വവും മടി കാട്ടുന്നു..?

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ സഖാവ് ധീരജിനെ യൂത്ത്കോണ്‍ഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 'ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വം' എന്ന കെപിസിസി പ്രസിഡണ്ടിന്റെ പ്രസ്താവനയെ തിരുത്താന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറായില്ല..?

മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കുവാന്‍ ശ്രമിച്ച പ്രവൃത്തിയെ അപലപിച്ചില്ല എന്ന് മാത്രമല്ല, ജയില്‍ മോചിതരായ പ്രതികളെ മാലയിട്ട് സ്വീകരിച്ച കെപിസിസി നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണ്ടില്ലേ..?

സംഘപരിവാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിവാദങ്ങള്‍ നിയമസഭയില്‍ ഏറ്റെടുക്കുന്ന കോണ്‍ഗ്രസ് നിലപാട് ബിജെപി അംഗങ്ങള്‍ സഭയില്‍ ഇല്ലാത്ത കുറവ് നികത്തുകയല്ലെ..?

Riyas FB Post | വയനാട്ടിലെ ഓഫിസ് അക്രമിക്കപ്പെട്ടപ്പോള്‍ സിപിഎം അപലപിച്ചു, എന്നാല്‍ എകെജി സെന്റര്‍ അക്രമിച്ചപ്പോള്‍ അദ്ദേഹം ഒരക്ഷരം പറഞ്ഞില്ല; പരിഭവവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്


വേട്ടയാടപ്പെടേണ്ടതാണ് ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകളും സഖാക്കളും എന്തിനധികം, ദേശാഭിമാനി പത്രാഫീസ് വരെ എന്ന് തോന്നുംവിധം ഇടതുപക്ഷ വിരുദ്ധരെയെല്ലാം ഏകോപിപ്പിക്കുവാനും ഉത്തേജനം നല്‍കുവാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയപാതയ്ക്കല്ലേ സൗകര്യമുണ്ടാക്കുന്നത് ?

ഇതാദ്യമായല്ല എകെജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്. 1983 ഒക്ടോബര്‍ 31 നായിരുന്നു സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കെഎസ്യു ബോംബെറിഞ്ഞത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കവെ പകല്‍ 12നാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ഒന്നല്ല, നിരവധി തവണ. എട്ടെണ്ണം എകെജി സെന്ററിന്റെ മതിലില്‍ തട്ടി പൊട്ടിത്തെറിച്ചു. നാലെണ്ണം പൊട്ടാതെ പൊലീസ് കണ്ടെടുത്തു.

1991 ല്‍ എകെജി സെന്ററിന് മുന്നില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു. പാര്‍ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോള്‍ പൊലീസ് എകെജി സെന്ററിന് നേരെ വെടിയുതിര്‍ത്തു.

എന്നിട്ടൊന്നും ഈ പ്രസ്ഥാനം ദുര്‍ബലപ്പെടുകയായിരുന്നില്ല, കൂടുതല്‍ ജന പിന്തുണയോടെ വളരുകയായിരുന്നു. ഇനിയും ജനങ്ങളെ അണിനിരത്തി സമാധാനപരമായി ജനാധിപത്യപരമായി ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ഈ പാര്‍ട്ടി മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും. ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം,ബിജെപിക്ക് കേരളത്തില്‍ സംസ്ഥാനകമ്മിറ്റിയുടെ ആവശ്യമുണ്ടൊ ?കോണ്‍ഗ്രസ് ഭംഗിയായി ആ കര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെ ?

Keywords: Minister Muhammed Riyas FB Post against Rahul Gandhi and Congress, Thiruvananthapuram, News, Politics, CPM, Minister, Facebook Post, Rahul Gandhi, Kerala.








ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia