MB Rajesh | വിവിധ വിഷയങ്ങളില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച നടത്തി ഡെല്‍ഹിയിലെത്തിയ മന്ത്രി എം ബി രാജേഷ്; മുടങ്ങിക്കിടക്കുന്ന കേന്ദ്രവിഹിതം നല്‍കണമെന്നും അഭ്യര്‍ഥന; അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ

 


തിരുവനന്തപുരം: (www.kvartha.com) വിവിധ വിഷയങ്ങളില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച നടത്തി ഡെല്‍ഹിയിലെത്തിയ മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന കേന്ദ്രവിഹിതം നല്‍കണമെന്നും മന്ത്രിയുടെ അഭ്യര്‍ഥന. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

MB Rajesh | വിവിധ വിഷയങ്ങളില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച നടത്തി ഡെല്‍ഹിയിലെത്തിയ മന്ത്രി എം ബി രാജേഷ്; മുടങ്ങിക്കിടക്കുന്ന കേന്ദ്രവിഹിതം നല്‍കണമെന്നും അഭ്യര്‍ഥന; അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ

പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് മന്ത്രി ചര്‍ച നടത്തിയത്.
മന്ത്രിയായ ശേഷം ആദ്യമായാണ് ഡെല്‍ഹിയിലെത്തുന്നതും, കേന്ദ്രമന്ത്രിമാരുമായി വിശദമായ ചര്‍ചകള്‍ നടത്തുന്നതുമെല്ലാമെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളെല്ലാം ഫലപ്രദമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി കൂടിക്കാഴ്ചകളില്‍ എം പി മാരായ എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്‍ എന്നിവരും പങ്കെടുത്തുവെന്നും അറിയിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരവും നേതാക്കള്‍ സന്ദര്‍ശിച്ചു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ, പ്രത്യേകിച്ച് സെന്‍ട്രല്‍ ഹാളിന്റെ ഓര്‍മകളും അനുഭവങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്നുവെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കേരളത്തിന്റെ വളരെ സുപ്രധാനമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനുമായി ഡല്‍ഹിയിലെത്തി മൂന്ന് കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തി. പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. പ്രധാനമായും ഉന്നയിച്ചത് താഴെപ്പറയുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളുമാണ്.

1. എന്‍ എസ് എ പി പദ്ധതിയില്‍ ഉള്‍പ്പെട്ട 6,88,329 ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രപെന്‍ഷന്‍ വിഹിതം നല്‍കിയിട്ടില്ല. എന്നാല്‍ കേരളം സ്വന്തം പണമെടുത്ത് ഈ കേന്ദ്രവിഹിതം കൂടി ആ ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്രം നിര്‍ദ്ദേശിച്ച പി എഫ് എം എസ് സംവിധാനം വഴി തന്നെയാണ് സംസ്ഥാനം ആ തുക വിതരണം ചെയ്തത്. ഈ ഇനത്തില്‍ 579.95 കോടി രൂപ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് പൈസ ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം കേന്ദ്ര പഞ്ചായത്തീരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. ഗിരിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പരിശോധിക്കാമെന്നും ഉടനെ പരിഹരിക്കാമെന്നുമാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഇന്നലെ വകുപ്പ് സെക്രട്ടറിമാര്‍ ഇക്കാര്യം പ്രാഥമികമായി പരിശോധിക്കുകയുണ്ടായി. അധികം വൈകാതെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആദ്യ വിഹിതമായ 954.5 കോടി രൂപ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയിട്ടില്ല. അതിന് കാരണമായി കേന്ദ്രം പറയുന്നത്, പതിനാലാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുകയുടെ പത്തുശതമാനത്തില്‍ കുറവ് മാത്രമേ ചിലവഴിക്കാന്‍ തുക ബാക്കിയുണ്ടാവാന്‍ പാടുള്ളൂ എന്നതാണ്. 

ഈ വ്യവസ്ഥ ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലും, അത് സംബന്ധിച്ച് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലും ഉള്‍പ്പെട്ടതായിരുന്നില്ല. അവസാന നിമിഷം പെട്ടന്നു കൊണ്ടുവന്ന ഈ വ്യവസ്ഥയാണ് പണം അനുവദിക്കുന്നതിന് തടസമായി നില്‍ക്കുന്നത്. ഇത് കേരളം മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളെയും ബാധിക്കുന്ന പ്രശ്‌നവുമാണ്. ഈ കാര്യത്തിലും ഉടന്‍ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

3. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഈ വര്‍ഷം അനുവദിച്ച ലേബര്‍ ബജറ്റ് ആറുകോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.65 കോടി കുറവാണ്. കഴിഞ്ഞ വര്‍ഷം അതിന് മുന്‍പുള്ള വര്‍ഷത്തേക്കാള്‍ ഏതാണ്ട് ഒരു കോടി തൊഴില്‍ ദിനങ്ങള്‍ കുറവായിരുന്നു. ക്രമാനുഗതമായ ഈ കുറവ് ബഹു. മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും കഴിഞ്ഞ വര്‍ഷത്തെ തൊഴില്‍ ദിനങ്ങളെങ്കിലും കേരളത്തിന് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് കേരളമാണെന്നുള്ള കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ മികവിന്റെ ഒന്‍പത് മാനദണ്ഡങ്ങളില്‍ നാലിലും കേരളം ഒന്നാംസ്ഥാനത്തും ബാക്കി അഞ്ചില്‍ രണ്ടാം സ്ഥാനത്തുമാണ് എന്ന കാര്യവും പ്രത്യേകം ഓര്‍മ്മിപ്പിച്ചു. കേന്ദ്രബജറ്റിലെ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഇത്തവണ കുറച്ചു എന്ന പ്രശ്‌നമുണ്ട്, എങ്കിലും ഇക്കാര്യത്തിലും അനുകൂല നടപടി പ്രതീക്ഷിക്കുന്നു.

4. കേരളം അതിവേഗത്തില്‍ നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാല്‍ നഗരമേഖലയുമായി ബന്ധപ്പെട്ട രണ്ട് ബൃഹത് പദ്ധതികള്‍ കേരളം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിലൊന്ന് ന്യൂ സിറ്റി ഇന്‍ക്യുബേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി തിരുവനന്തപുരം, കണ്ണൂര്‍ നഗരങ്ങളുടെ വികസനത്തിനുള്ള പദ്ധതിയാണ്. യഥാക്രമം 1446. 64 കോടി, 2113കോടി എന്നീ തുകയ്ക്കുള്ള പദ്ധതികളാണ് കേരളം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.

അതോടൊപ്പം നഗരമേഖലാ പരിഷ്‌കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള മറ്റൊരു ബൃഹത് പദ്ധതിയുടെ വിശദമായ നിര്‍ദ്ദേശവും കേരളം നേരത്തെ തന്നെ സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് 935 കോടി രൂപയുടേതാണ്. ഈ രണ്ട് പദ്ധതികള്‍ക്കും അംഗീകാരം നല്‍കണമെന്ന് നഗരവികസന വകുപ്പ് മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരിയോട് അഭ്യര്‍ത്ഥിച്ചു.

5. മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ട്, മൊബൈല്‍ എഫ് എസ് ടി പി കള്‍ അനുവദിക്കണമെന്നാണ് ജനശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനോട് ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം. അതുപോലെ മലിനജല സംസ്‌കരണത്തിനുള്ള ഫണ്ട്, ഇപ്പോള്‍ ശുചിമുറി മാലിന്യ സംസ്‌കരണത്തിന് സ്വച്ഛ് ഭാരത് ഗ്രാമീണ്‍ പദ്ധതിയില്‍ അനുവദനീയമല്ല. 

അതുകൂടി ഉള്‍പ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യുമെന്നും, ആ നിലയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. കേരളത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ എഫ് എസ് ടി പികള്‍ എത്രത്തോളം സാങ്കേതികമായി പ്രവര്‍ത്തനക്ഷമമാണ് എന്ന കാര്യം പഠിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മന്ത്രിയായ ശേഷം ആദ്യമായാണ് ഡല്‍ഹിയിലെത്തുന്നതും, കേന്ദ്രമന്ത്രിമാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതും. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളെല്ലാം ഫലപ്രദമായിരുന്നു. കൂടിക്കാഴ്ചകളില്‍ എം പി മാരായ ശ്രീ. എളമരം കരീം, ശ്രീ. ജോണ്‍ ബ്രിട്ടാസ്, ശ്രീ. എ എ റഹീം, ശ്രീ. വി ശിവദാസന്‍ എന്നിവരും പങ്കെടുത്തു. പുതിയ പാര്‍ലമെന്റ് മന്ദിരവും സന്ദര്‍ശിച്ചു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ, പ്രത്യേകിച്ച് സെന്‍ട്രല്‍ ഹാളിന്റെ ഓര്‍മ്മകളും അനുഭവങ്ങളും ഇപ്പോഴും ഗൃഹാതുരത്വമുണര്‍ത്തുന്നു.

 

Keywords:  Minister MB Rajesh reached Delhi and held discussions with Union Ministers on various issues, Thiruvananthapuram, News, FB Post, MB Rajesh, Minister, Politics, Meeting, Parliament, Memory, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia