Minister | ലോറി വാടകയ്ക്ക് എടുത്തവര്‍ ചെയ്ത കുറ്റത്തിന് ലോറി ഉടമസ്ഥനെയും പ്രതിയാക്കണം എന്നതാണ് ന്യായമെങ്കില്‍ ഇത്തരം എത്ര സംഭവങ്ങളില്‍ അങ്ങനെ പ്രതികളെ ചേര്‍ക്കേണ്ടി വരും? മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് മന്ത്രി എം ബി രാജേഷ്

 

തിരുവനന്തപുരം: (www.kvartha.com) ലോറി വാടകയ്ക്ക് എടുത്തവര്‍ ചെയ്ത കുറ്റത്തിന് ലോറി ഉടമസ്ഥനെയും പ്രതിയാക്കണം എന്നതാണ് ന്യായമെങ്കില്‍ ഇത്തരം എത്ര സംഭവങ്ങളില്‍ അങ്ങനെ പ്രതികളെ ചേര്‍ക്കേണ്ടി വരും എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Minister | ലോറി വാടകയ്ക്ക് എടുത്തവര്‍ ചെയ്ത കുറ്റത്തിന് ലോറി ഉടമസ്ഥനെയും പ്രതിയാക്കണം എന്നതാണ് ന്യായമെങ്കില്‍ ഇത്തരം എത്ര സംഭവങ്ങളില്‍ അങ്ങനെ പ്രതികളെ ചേര്‍ക്കേണ്ടി വരും? മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് മന്ത്രി എം ബി രാജേഷ്

കുറച്ചുമാസങ്ങള്‍ക്കു മുമ്പ്, കണ്ണൂര്‍ ജില്ലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തുന്നതും മരിച്ചുപോയ മഹാനായ നേതാവിന്റെ പേരിലുള്ളതുമായ ആംബുലന്‍സ് മംഗലാപുരത്തു നിന്ന വരുമ്പോള്‍ കാസര്‍കോട് കുമ്പളയില്‍വച്ച് ആ ആംബുലന്‍സില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു.

ആംബുലന്‍സ് ഡ്രൈവറും സഹായിയും (രണ്ടുപേരും യൂത് ലീഗ് പ്രവര്‍ത്തകര്‍) പ്രതികളായി. പ്രതിപക്ഷം ഇപ്പോള്‍ പറയുന്ന വാദമനുസരിച്ചാണെങ്കില്‍ ആംബുലന്‍സ് ആര്‍ സി ഓണര്‍മാരായ ലീഗ് നേതാക്കളെയും ആ പുകയില കടത്ത് കേസില്‍ പ്രതികളാക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.

ഇങ്ങനെ ഞാന്‍ പറഞ്ഞതുകൊണ്ട്, കരുനാഗപ്പള്ളി കേസില്‍ ലോറി ഉടമസ്ഥന്‍ പ്രതിയല്ല എന്ന് സമര്‍ഥിക്കാനല്ല ശ്രമിക്കുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇതേവരെ ഈ കേസില്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

അതുകൊണ്ട്, ഈ സംഭവത്തില്‍ നിരോധിത വസ്തുക്കളുടെ കടത്തും അതിലെ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞ സംസ്ഥാന പൊലീസിന് വാഹന ഉടമസ്ഥന് അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ കഴിയും. അതിനുള്ള അന്വേഷണ മികവ് സംസ്ഥാന പൊലീസിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി


മയക്കുമരുന്ന് ഉപയോഗിക്കുകയും വിപണനം ചെയ്യുകയും അതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നത് ആരായാലും, ഏതു സംഘടനയിലെ നേതാവായാലും, ഏതു രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരായാലും അതിശക്തമായി അപലപിക്കാനും അവരെ തള്ളിപ്പറയാനും നമ്മള്‍ തയാറാകണം.

അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും സന്നദ്ധമാകണം. അവര്‍ ഏതെങ്കിലും ഒരു കക്ഷിയില്‍പ്പെട്ട ആളാണെങ്കില്‍ അത്തരം അക്രമങ്ങളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും മറച്ചു വയ്ക്കാനോ, എതിര്‍കക്ഷിയില്‍ പെട്ടവരാണെങ്കില്‍ മാത്രം എതിര്‍ക്കാനോ ശ്രമിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സ്ഥിതി

എന്നാല്‍ പ്രതിപക്ഷത്തുള്ള പ്രധാന കക്ഷികളില്‍ സ്ഥിതി എന്താണ്? ലഹരി ഉപയോഗവും ലഹരികടത്തും സ്ത്രീ പീഡനവും ഉള്‍പ്പെടെ എത്രയെത്ര സംഭവങ്ങളിലും കേസുകളിലും കോണ്‍ഗ്രസ്സിലും മുസ്ലിംലീഗിലും എല്ലാം പ്രവര്‍ത്തിച്ചു പോന്ന എത്രയെത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് സമീപ കാലത്തുണ്ടായ പ്രമാദമായ പല കേസുകളിലും പ്രതികളുടെ ഏറ്റവും അടുത്ത സുഹൃത്തും സംരക്ഷകനും ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് ആണെന്ന തരത്തില്‍ ധാരാളം വീഡിയോകളും ഫോടോകളും വാര്‍ത്തകളും പുറത്തു വന്നില്ലേ എന്നും മന്ത്രി ചോദിച്ചു.

പാലക്കാട് നടന്ന യൂത് കോണ്‍ഗ്രസ് സംസ്ഥാന ചിന്തന്‍ ശിബിരത്തില്‍ വലിയ നേതാക്കളുടെയെല്ലാം ഇഷ്ടക്കാരനായ യൂത് കോണ്‍ഗ്രസ് നേതാവ് ആ കാംപില്‍ വച്ച് മദ്യപിച്ച് യുവതിയോട് മോശമായി പെരുമാറിയതും മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന് അയാളെ പുറത്താക്കേണ്ടി വരികയും ചെയ്തില്ലേ? ഇങ്ങനെ നല്ലതല്ലാത്ത സംഭവങ്ങളില്‍ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും ഉള്‍പ്പെട്ട സംഭവങ്ങളുടെ പട്ടിക ഞങ്ങള്‍ക്കും ഇവിടെ നിരത്താനാകും. പക്ഷേ അത് ചെയ്യുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.

സര്‍കാരിന്റെ നിലപാട്

സങ്കുചിത കക്ഷിരാഷ്ടീയ വഴക്കാക്കി മാറ്റേണ്ട ഒന്നല്ല ലഹരി വിരുദ്ധപോരാട്ടം. നമ്മുടെ ആരുടെയും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരി വലയില്‍പ്പെടരുത്. ഇന്നാട്ടിലെ ഒരു കുടുംബത്തിലെയും ഒരാളെപ്പോലും ലഹരി മാഫിയയുടെ കയ്യില്‍പ്പെടാതെ കാത്ത് സംരക്ഷിക്കണം അതുകൊണ്ട് ലഹരി വിരുദ്ധ പോരാട്ടത്തില്‍ രാഷ്ടീയം കലര്‍ത്തരുത്.

ഈ വിഷയത്തിന്റെ പ്രാധാന്യം സര്‍കാര്‍ അങ്ങേയറ്റം ജാഗ്രതയോടുകൂടി തന്നെ ഉള്‍ക്കൊണ്ടിട്ടുണ്ട്. നമ്മുടെ സഭയിലും ഈ വിഷയത്തെ സംബന്ധിച്ച് ഗൗരവത്തോടെയുള്ള സമീപനം കൈക്കൊണ്ടിട്ടുണ്ട്. ഈ സഭയുടെ കഴിഞ്ഞ സമ്മേളന കാലയളവില്‍ പ്രത്യേകം ചര്‍ച നടത്തുകയുണ്ടായി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന ആഹ്വാനമാണ് അന്നത്തെ സഭാസമ്മേളനം നാടിനു നല്‍കിയത്.

അതിന്റെ ഭാഗമായി മുഖ്യമന്ത്രി മുന്‍കൈ എടുത്തുകൊണ്ട് ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള അതീ തീവ്രമായ ഇടപെടലാണ് കഴിഞ്ഞ നാലു മാസക്കാലമായി നടന്നുവന്നത്. 2022 ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് ജനുവരി 26 റിപബ്ലിക് ദിനത്തില്‍ അവസാനിച്ച പ്രചരണത്തിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും ഫലമായി ലഹരിക്ക് എതിരായ തീവ്ര യജ്ഞത്തിലാണ് നമ്മളുള്ളത്.

ഈ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്ത അനുഭവമാണുള്ളത്. കക്ഷി രാഷ്ട്രീയം കലര്‍ത്തി ലഹരി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു.

Keywords: Minister MB Rajesh About CMP leader's Drug Case, Thiruvananthapuram, News, Assembly, Drugs, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia