Criticism | മരിച്ച എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍, അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നും മന്ത്രി കെ രാജന്‍
● കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം
● വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തും
● കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
● പിപി ദിവ്യയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനം
തിരുവനന്തപുരം: (KVARTHA) മരിച്ച എഡിഎം നവീന്‍ ബാബുവിനെതിരെ മോശപ്പെട്ട ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്‍. വ്യക്തിപരമായ അറിവനുസരിച്ച്, കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാനാകുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാട് റവന്യൂ വകുപ്പിന് വലിയ നഷ്ടമാണ്. റവന്യൂ വകുപ്പിനകത്തു നിന്ന് അദ്ദേഹത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്റെ വ്യക്തിപരമായ ധാരണ അതാണെന്നും മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയത്. നവീന്‍ ബാബുവിന്റെ മരണം ദുഃഖകരമായ കാര്യമാണ്. സംഭവത്തില്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യപ്പെടും. മറ്റു വിശദാംശങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നില്ല. വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ മന്ത്രി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തിലെ ഇടപെടലില്‍ പക്വതയും പൊതുധാരണയും ഉണ്ടാകണം. ഇതിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അഴിമതിയാരോപണനത്തിനു പിന്നാലെയാണ് മരണം.
കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
#ADMNaveenBabu, #MinisterKRajan, #Allegations, #Criticism, #Investigation, #PublicMaturity