എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നു; ഒരുലക്ഷം കോടി കള്ളപ്പണം പിടിക്കാന്‍ നഷ്ടപ്പെടുത്തുന്നത് രണ്ടരലക്ഷം കോടിയെന്ന് മന്ത്രി ഐസക്; ശമ്പളവും പെന്‍ഷനും മുടങ്ങില്ല; ആദ്യവാരം വേണ്ടത് 2,400 കോടി രൂപ, 1000 കോടി ബുധനാഴ്ച ബാങ്കുകളിലും ട്രഷറികളിലും എത്തിക്കും

 


തിരുവനന്തപുരം: (www.kvartha.com 30.11.2016) സംസ്ഥാന സര്‍ക്കാരിലെയും പൊതുമേഖലയിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും പതിവുപോലെ പൂര്‍ണ്ണമായി നല്‍കും. എന്നാല്‍, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ആഴ്ചയില്‍ 24,000 രൂപ വീതമേ പിന്‍വലിക്കാനാകൂ. അതിനുവേണ്ട 2,400 കോടി രൂപ ട്രഷറിക്ക് റിസര്‍വ്വ് ബാങ്ക് ബുധനാഴ്ച മുതല്‍ ലഭ്യമാക്കും. ട്രഷറിയില്‍ നിന്നും ബാങ്കില്‍ നിന്നും രാവിലെ മുതല്‍ പണം പിന്‍വലിക്കാനാകുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു.

എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നു; ഒരുലക്ഷം കോടി കള്ളപ്പണം പിടിക്കാന്‍ നഷ്ടപ്പെടുത്തുന്നത് രണ്ടരലക്ഷം കോടിയെന്ന് മന്ത്രി ഐസക്; ശമ്പളവും പെന്‍ഷനും മുടങ്ങില്ല; ആദ്യവാരം വേണ്ടത് 2,400 കോടി രൂപ, 1000 കോടി ബുധനാഴ്ച ബാങ്കുകളിലും ട്രഷറികളിലും എത്തിക്കും

ശമ്പളം പൂര്‍ണ്ണമായി കൈപ്പറ്റാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം റിസര്‍വ്വ് ബാങ്ക് നിരാകരിച്ചു. ഇതിനു വേണ്ടത്ര കറന്‍സി ബാങ്കുകളില്‍ ഇല്ലാത്തതാണു കാരണമെന്ന് റിസര്‍വ്വ് ബാങ്കിന്റെയും പൊതുമേഖലാ ബാങ്കുകളുടെയും സംസ്ഥാനത്തെ മേധാവികള്‍ ധനമന്ത്രിയുമായും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും നടത്തിയ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

ആദ്യ ഏഴു പ്രവൃത്തിദിവസങ്ങളിലാണ് എല്ലാ മാസവും ശമ്പളവിതരണം നടക്കുന്നത്. അതുപ്രകാരം ഓരോ വകുപ്പിനും നിശ്ചയിച്ചിട്ടുള്ള ശമ്പള ദിവസങ്ങളില്‍ പതിവുപോലെ അതതു വകുപ്പിന്റെ ശമ്പള ബില്ലുകള്‍ മാറും. 'അതില്‍ അനുവദനീയമായ തുക പിന്‍വലിക്കാന്‍ പ്രവര്‍ത്തനസമയത്ത് എപ്പോഴെങ്കിലും ട്രഷറിയില്‍ എത്തിയാല്‍ മതി. രാവിലേ തന്നെ തിരക്കു കൂട്ടേണ്ട കാര്യമില്ല'. ചര്‍ച്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 രൂപവീതം ശമ്പളവും പെന്‍ഷനും വാങ്ങുന്ന പത്തുലക്ഷം പേര്‍ക്കു നല്‍കാന്‍ 2,400 കോടി രൂപ ആദ്യവാരം വേണം. ഇതില്‍ 1,000 കോടി ബുധനാഴ്ച ബാങ്കുകളിലും ട്രഷറികളിലും എത്തിക്കാമെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ സമ്മതിച്ചു. ബാക്കി തുക അടുത്ത ദിവസങ്ങളില്‍ ലഭ്യമാക്കും. അന്നന്നു ലഭിക്കുന്ന തുക ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും പകുതിവീതം വീതിച്ചുനല്‍കും.

ചെറിയതുകയുടെ വേണ്ടത്ര കറന്‍സി കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍, അനുവദിക്കുന്ന പണം ഭൂരിഭാഗവും 2000 ന്റെയും 500ന്റെയും നോട്ടാകാനാണു സാദ്ധ്യത. അത് വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നത് മന്ത്രി റിസര്‍വ്വ് ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ആഴ്ചയില്‍ 24,000 രൂപവീതം പിന്‍വലിക്കാമെന്നത് കേന്ദ്രത്തിന്റെ വാഗ്ദാനം ആയതിനാല്‍ അതിനുവേണ്ട പണം ലഭ്യമാക്കാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ട്രഷറികളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റമില്ലെന്ന് ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. രണ്ടുമണിവരെ മാത്രം പ്രവര്‍ത്തനസമയമുള്ള ദിവസം സമയം നീട്ടാനൊന്നും ബാങ്കുകള്‍ തീരുമാനിച്ചിട്ടില്ല. ഇത് തിരക്കിനു കാരണമായേക്കും. അശാസ്ത്രീയമായ നോട്ടുനിരോധം കാരണം സംസ്ഥാനവരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം അടുത്ത മാസമേ അറിയാനാകൂ. അടുത്തമാസം ശമ്പളം നല്‍കാന്‍ പണം കുറയും. ആ തുക സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവായ്പയായി അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.് രാജ്യത്തൊട്ടാകെ മേല്പറഞ്ഞ എല്ലാത്തരത്തിലുമുള്ള പ്രതിസന്ധി ശമ്പളവിതരണത്തില്‍ ബുധനാഴ്ച മുതല്‍ ഉണ്ടാകാന്‍ പോകുകയാണ്.

എത്ര അവധാനതയില്ലാതെയാണ് നോട്ടുനിരോധം നടപ്പാക്കിയത് എന്നതിന്റെ തെളിവാണിത്. സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകളില്‍ 65 ശതമാനം ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാണു പോകുന്നതെങ്കില്‍ ഉദ്ദേശിച്ച കള്ളപ്പണം കിട്ടില്ല. മൂന്നുലക്ഷം കോടി തിരിച്ചുവരില്ല എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഒരുലക്ഷം കോടിയെങ്ങാനും നേടിയാലായി. അതേസമയം ഈ നടപടിമൂലം സാമ്പത്തികവളര്‍ച്ചയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് രണ്ടുശതമാനം എന്നു കണക്കാക്കിയാല്‍പ്പോലും രണ്ടരലക്ഷ കോടിയുടെ നഷ്ടമുണ്ടാകും. ജനങ്ങള്‍ക്കുണ്ടായ അതിയായ ദുരിതങ്ങള്‍ വേറെയും. ഒരുലക്ഷം കോടിയുടെ കള്ളപ്പണം പിടിക്കാന്‍ രണ്ടരലക്ഷം കോടി നഷ്ടപ്പെടുത്തുകയും ജനത്തെ കഷ്ടപ്പെടുത്തുകയും ചെയ്തത് എലിയെ തോല്പിച്ച് ഇല്ലം ചുടുന്നതുപോലെ ആയിപ്പോയെന്നും ഐസക്ക് പറഞ്ഞു.

ഇതുമൂലം ബാങ്കുകള്‍ക്കു നേട്ടമുണ്ടാകും എന്നു ചിലര്‍ അവകാശപ്പെട്ടിരുന്നതും ഉണ്ടാവില്ല. ബാങ്കുകളിലേക്കു നാലുലക്ഷം കോടി രൂപ വന്നത് സാധാരണപോലെ ബോണ്ടുകളില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ 18,000 കോടി രൂപ പലിശ കിട്ടിയേനെ. എന്നാല്‍ ക്യാഷ് ഡെപ്പോസിറ്റ് അനുപാതം ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ അധികമുള്ള പണം മുഴുവന്‍ കരുതല്‍ധനമായി മാറും. ഇതിനു പലിശ ഉണ്ടാവില്ല.

മറ്റൊന്ന്, പ്രതിസന്ധി മൂലം ഉദ്യോഗസ്ഥര്‍ക്കുണ്ടായ തിരക്കുമൂലം സാധാരണപോലെ വായ്പകള്‍ നല്‍കാനുള്ള പ്രവര്‍ത്തനം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. രണ്ടുമാസത്തെ വരുമാനം അതുവഴിയും നഷ്ടമാകുകയാണ്. മൊത്തത്തില്‍ ദുരിതങ്ങളും നഷ്ടങ്ങളും അല്ലാതെ ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കാത്ത പരിഷ്‌ക്കാരമായി നോട്ടുനിരോധം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



Keywords:  Kerala, Thomas Issac, Minister, Bank, Thiruvananthapuram, Salary, Ban, fake-currency-case, Minister-Isaac-against-demonetization 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia