Flower Cultivation | ഓണത്തിന് നല്‍കിയത് ഒരു കൊട്ടപ്പൂവല്ല ഒരു പൂക്കാലമെന്ന് മന്ത്രി എം ബി രാജേഷ്
കണ്ണൂര്‍: (KVARTHA) ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് ജില്ലാ പഞ്ചായത്ത് നല്‍കിയതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ജില്ലാ പഞ്ചായത്ത് പദ്ധതിയായ 'ഓണത്തിന് ഒരു കൊട്ട പൂവ്' ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ് ഘാടനം അഴീക്കോട് ചാല്‍ പി സിലീഷിന്റെ തോട്ടത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ആയിരം ഇടങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു.
30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി ആയിരം കേന്ദ്രങ്ങളിലായി 2,33,482 ഹൈബ്രിഡ് തൈകളാണ് ജില്ലാ പഞ്ചായത്ത് കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്തത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയേ മതിയാവൂ എന്ന് ഉദ് ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഭാവനാ പൂര്‍ണമായ നവീന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി അഭിനന്ദിച്ചു. പൂ കര്‍ഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു.
ചടങ്ങില്‍ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ യു പി ശോഭ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, വാര്‍ഡ് മെമ്പര്‍ ഹൈമ എന്നിവര്‍ സംസാരിച്ചു.
#Onam #Kerala #flowercultivation #agriculture #India