Inauguration | കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും; വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം 
 

 
Minister inaugurated the Anganwadi entry festival, Thiruvananthapuram, News, Health Minister, Inauguration, Anganwadi entry festival, Kerala News

ആകര്‍ഷകമായ നിറങ്ങളോട് കൂടിയ ഫര്‍ണിച്ചര്‍, ശിശു സൗഹൃദ ടോയ് ലറ്റ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങള്‍ സ്മാര്‍ട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്


ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങള്‍ അങ്കണവാടികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: (KVARTHA) കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ് ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങള്‍ അങ്കണവാടികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കൈപുസ്തകങ്ങള്‍ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീചര്‍ പേജ് ക്യു.ആര്‍. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് കഥകളും പാട്ടും കാണാനും കേള്‍ക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിച്ചു. അങ്കണവാടികളെ ശിശു സൗഹൃദ- ശിശു പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പരിവര്‍ത്തനപ്പെടുത്തി. 

ആകര്‍ഷകമായ നിറങ്ങളോട് കൂടിയ ഫര്‍ണിച്ചര്‍, ശിശു സൗഹൃദ ടോയ് ലറ്റ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങള്‍ സ്മാര്‍ട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ചായം പദ്ധതി വഴി ഭിന്നശേഷി കുട്ടികള്‍ക്കായി 142 അങ്കണവാടികളെ സവിശേഷ അങ്കണവാടികളാക്കി മാറ്റുന്നതിന് ഒരു അങ്കണവാടിയ്ക്ക് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ഗര്‍ഭാവവസ്ഥ മുതല്‍ കുഞ്ഞിന് രണ്ടു വയസ് തികയുന്നത് വരെയുള്ള 1000 ദിനങ്ങളില്‍ കുഞ്ഞിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു. അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷണം ഉറപ്പാക്കാനായി പാലും മുട്ടയും കൂടി നല്‍കി. നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ അടുത്തിടെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയെ യുനിസെഫും അഭിനന്ദിച്ചിരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രടറി ഡോ. ഷര്‍മിള മേരി ജോസഫ്, കൗണ്‍സിലര്‍മാരായ കസ്തൂരി എംഎസ്,  മീന ദിനേശ്, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ടികെ ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia