Speaker | വെള്ളക്കരം വര്‍ധിപ്പിച്ച കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയില്‍; മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീകറുടെ റൂളിങ്
Feb 7, 2023, 14:07 IST
തിരുവനന്തപുരം: (www.kvartha.com) വെള്ളക്കരം വര്‍ധിപ്പിച്ച കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍. വെള്ളക്കരം വര്‍ധിപ്പിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടാണ് സ്പീകര്‍ റൂളിങ് നടത്തിയത്. ചട്ടം 303 പ്രകാരം എപി അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു സ്പീകറുടെ റൂളിങ്.
വെള്ളക്കരം വര്‍ധിപ്പിച്ചുകൊണ്ട് സര്‍കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് സഭയുടെ സമ്മേളന കാലയളവിലാണെന്നും ഇത്തരം തീരുമാനങ്ങള്‍ സഭാസമ്മേളന കാലത്ത് സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്നും ഇതു സംബന്ധിച്ച് വ്യക്തമായ റൂളിങ്ങുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചത് ഉചിതമായില്ലെന്നുമുള്ള ക്രമപ്രശ്നമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്.
ഇതിന് മറുപടിയായി നയപരമായ കാര്യങ്ങളില്‍ സര്‍കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ സഭാ സമ്മേളന കാലയളവിലാണെങ്കില്‍ അക്കാര്യം സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വഴക്കമാണ് സഭയ്ക്കുള്ളതെന്ന് സ്പീകര്‍ പറഞ്ഞു. ഇതിനു മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ടെന്നും സ്പീകര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കരം നിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഒരു ഭരണപരമായ നടപടി ആണെങ്കില്‍ പോലും സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തില്‍ ആയിരിക്കുന്ന സാഹചര്യത്തിലും ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായ ഒരു മാതൃക ആയേനെ എന്നും സ്പീകര്‍ ചൂണ്ടിക്കാട്ടി. ഭാവിയില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീകര്‍ ഓര്‍മിപ്പിച്ചു.
അതേസമയം, ഒട്ടേറെ നടപടിക്രമങ്ങള്‍ക്കു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍കാരിന്റെ നയപരമായ തീരുമാനമല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ സഭയെ അറിയിച്ചു.
Keywords: Minister defends water tariff hike but Speaker questions mode of announcement, Thiruvananthapuram, News, Assembly, Controversy, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.